Skip to main content

വിവാഹമോചനത്തിന്റെ സമയം

വിവാഹമോചനത്തിന് ന്യായമായ കാരണങ്ങളും അനിവാര്യതകളും ഉണ്ടായാലും ധൃതിപിടിച്ച് വിവാഹമോചനം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ത്വലാഖ് ചൊല്ലേണ്ടത് സ്ത്രീ ശുദ്ധിയായിരിക്കുമ്പോഴാണ്. ആര്‍ത്തവമോ പ്രസവരക്തമോ ഇല്ലാത്ത ശുദ്ധികാലത്തായിരിക്കുകയും ആ സന്ദര്‍ഭത്തില്‍ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാതിരിക്കുകയും വേണം. സംയോഗം നടന്നു കഴിഞ്ഞാലോ ആര്‍ത്തവകാലത്തോ ത്വലാഖ് പാടുള്ളതല്ല. അങ്ങനെ ചെയ്താല്‍ അത് അസാധുവായ ത്വലാഖ് ബിദ്ഇയാണ്. അല്ലാഹു പറയുന്നു: നബിയേ നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദകാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക (65:1).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) തന്റെ ഭാര്യയെ ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലുകയുണ്ടായി. ഈ സംഭവമറിഞ്ഞ പ്രവാചകന്‍(സ്വ) ഉമറി(റ)നോട് പറഞ്ഞു. 'അവളെ മടക്കിയെടുക്കാന്‍ അവനോട് കല്പിക്കുക. ആര്‍ത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും സമയം ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് അകന്നുനില്ക്കല്‍ നിര്‍ബന്ധമാണ്. വേഴ്ച നിഷിദ്ധമായ ഈ ഘട്ടത്തില്‍ വൈകാരിക സമ്മര്‍ദവും ലൈംഗികദാരിദ്ര്യവും വിവാഹമോചനത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ശുദ്ധിയാകുന്നതുവരെ കാത്തിരിക്കാന്‍ കല്പിക്കുകയും വിവാഹമോചനം പിന്നീട് അവളുമായി ബന്ധപ്പെടുന്നതിന് മുമ്പായിരിക്കണമെന്ന നിബന്ധന നിശ്ചയിക്കുകയും ചെയ്തിട്ടുള്ളത്. ആര്‍ത്തവഘട്ടത്തിലും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശുദ്ധിയുടെ ഘട്ടത്തിലും വിവാഹമോചനം നിഷിദ്ധമാക്കുന്നതുകൊണ്ട്, ശുദ്ധിയുടെ ഘട്ടത്തിലുണ്ടായ ബന്ധത്തിലൂടെ അവനില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കുകയോ അവള്‍ ഗര്‍ഭിണിയാണെന്ന് അവന്‍ അറിയുകയോ ചെയ്യുന്നത് വേര്‍പിരിയാനുള്ള തീരുമാനത്തെ മാറ്റിയേക്കുമെന്ന നേട്ടം കൂടിയുണ്ട്.  

ത്വലാഖ് നടക്കുന്നതോടെ അവള്‍ അവന്റെ ഭാര്യയല്ലാതായി മാറുന്നില്ല. ത്വലാഖിനു ശേഷം മൂന്നു ആര്‍ത്തവമുണ്ടാകുന്നതുവരെ അവള്‍ ഇദ്ദയിലാണ്. ഈ കാലാവധിക്കുശേഷമേ യഥാര്‍ഥത്തില്‍ അവള്‍ മോചിതയാകുന്നുള്ളൂ. അല്ലാഹു പറയുന്നു. ''വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ കഴിയുന്നതുവരെ കാത്തിരിക്കേണ്ടതാണ്. (2:228). ഈ കാലാവധി തീരുന്നതിനുമുമ്പ് അവന്ന് അവളെ തിരിച്ചെടുക്കാവുന്നതാണ്. അങ്ങനെ തിരിച്ചെടുക്കുമ്പോള്‍ നിക്കാഹോ മഹ്‌റോ ആവശ്യമില്ല. തിരിച്ചെടുക്കാത്തപക്ഷം കാലാവധി എത്തിയാല്‍ അവളെ പിരിച്ചയക്കണം. പിരിച്ചയക്കുകയോ തിരിച്ചെടുക്കുകയോ എന്തുചെയ്താലും രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലാവണമെന്ന നിബന്ധനയും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട് (65:2).
 

Feedback