Skip to main content

ഖുല്‍അ്

വിവാഹമോചനം ചെയ്യേണ്ട അവകാശം ഭര്‍ത്താവിനുള്ളതാണ്. എന്നാല്‍ വിവാഹമോചനത്തിലേക്കെത്തിച്ചേരുന്ന പ്രശ്‌നങ്ങള്‍ പല തരത്തിലും ഉണ്ടാവാം. വിവാഹമോചനം തേടാന്‍ ഇസ്‌ലാം സ്ത്രീക്കും അനുവാദം നല്കുന്നുണ്ട്. അത് രണ്ടു വിധത്തിലാണ്. ഖുല്‍അ്, ഫസ്ഖ് എന്നിവയാണവ. ദമ്പതിമാര്‍ക്കിടയില്‍ ഉള്ള പിണക്കം മൂര്‍ച്ഛിച്ച് ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ ഭാര്യ ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടാവുകയും ഭര്‍ത്താവിനെ വെറുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാം. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുനല്കി ത്വലാഖ് വാങ്ങുന്ന രീതിക്കാണ് ഖുല്‍അ് എന്ന് പറയുന്നത്. മഹ്ര്‍ ആയി നല്‍കിയതും അതല്ലാതെ നല്‍കിയതുമായവ തിരിച്ച് നല്‍കണമെന്നതാണ് ഖുല്‍ഇനുള്ള നിബന്ധന. ഇങ്ങനെ തിരിച്ചുകൊടുക്കുന്ന സമ്പത്തിന് മോചനത്തുക(ഫിദാഅ്) എന്നാണ്  പറയുന്നത്. അല്ലാഹു പറയുന്നു: ''അങ്ങനെ അവര്‍ (ദമ്പതികള്‍) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയുകയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം തേടുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിമയപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍'' (2:229).

ത്വലാഖിനെപ്പോലെ അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ലാത്തതാണ്. വേര്‍പിരിയാന്‍ മതിയായ കാരണം ഇല്ലാതിരിക്കുകയും ഭര്‍ത്താവില്‍ ദുര്‍നടപ്പ് കാണാതിരിക്കുകയുമാണെങ്കില്‍ വിവാഹമോചനത്തിന് ഭാര്യ ധൃതികാണിക്കുന്നത് നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞിരിക്കുന്നു. 'ന്യായമായ കഷ്ടതകളില്ലാതെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം നിഷിദ്ധമാണ് (സുനനു അബീദാവൂദ് 2228). സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്. താന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്. 

ഇത്തരം വിവാഹമോചനങ്ങള്‍ പ്രവാചകന്റെ കാലത്ത് നടന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: സാബിതുബ്‌നു ഖയ്‌സിന്റെ ഭാര്യ പ്രവാചകന്റെ അടുത്തുവന്ന് പറഞ്ഞു. പ്രവാചകരേ, അദ്ദേഹത്തിന്റെ സ്വഭാവത്തെയും മതത്തെയും ഞാന്‍ ദുഷിച്ചു പറയുന്നില്ല. എന്നാല്‍ ഇസ്‌ലാമില്‍ അവിശ്വാസം വന്നുഭവിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ നബി(സ്വ) ചോദിച്ചു. അദ്ദേഹത്തിന്റെ തോട്ടം നീ തിരിച്ചുകോടുക്കുമോ? അവള്‍ പറഞ്ഞു. കൊടുക്കാം. അപ്പോള്‍ നബി(സ്വ) അദ്ദേഹത്തോടു പറഞ്ഞു. ''തോട്ടം സ്വീകരിച്ച് അവളെ മോചിപ്പിക്കുക'' (ബുഖാരി 4867).

എന്നാല്‍ താന്‍ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട് ഖുല്‍അ് ചെയ്യുന്നതിനുവേണ്ടി അവളെ പ്രയാസപ്പെടുത്തുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. താന്‍ നല്‍കിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. ഖുര്‍ആന്‍ ഈ സമ്പ്രദായത്തെ ശക്തിയായി വിലക്കി. 'നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത്' (4:19).

ഖുല്‍അ് ചെയ്യുന്നവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് പാര്‍പ്പിടത്തിനോ ചെലവിനോ അവകാശമില്ല. അവളെ തിരിച്ചെടുക്കാവുന്നതുമല്ല. ഫിദ്‌യ നല്‍കുമ്പോള്‍ ഭര്‍ത്താവ് ആദ്യം നല്‍കിയതില്‍ കൂടുതല്‍ നല്‍കാവുന്നതാണ്. ഖുല്‍അ് ആര്‍ത്തവകാലത്തും അല്ലാത്തപ്പോഴും നടത്താവുന്നതാണ്.
 

Feedback