Skip to main content

പ്രവാചകവൈദ്യം

പ്രവാചകവൈദ്യം എന്ന പേരില്‍ ധാരാളം ചികിത്സാകേന്ദ്രങ്ങളും മരുന്നുകളും ഇന്നു വ്യാപകമാണ്. പ്രവാചകന്‍ പഠിപ്പിച്ച കാര്യമെന്ന രീതിയില്‍ മതപരിവേഷം നല്കിയാണ് ഇത്തരം ചികിത്സകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. പ്രവാചക വചനങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിയെടുത്തും ദുര്‍ബലമായ ഹദീസുകളെ അവലംബിച്ചുമാണ് ഇത്തരക്കാര്‍ വിപണി പിടിച്ചെടുക്കുന്നത്. മതത്തിന്റെപേരില്‍ വില്ക്കപ്പെടുന്നതിനാല്‍ സാധാരണക്കാര്‍ സത്യം മനസ്സിലാക്കാതെ വഞ്ചിതരാവുകയാണ് ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ അത്ത്വിബ്ബുന്നബവിയ്യ് അഥവാ പ്രവാചകവൈദ്യം എന്ന ഒരു ചര്‍ച്ച നിലവിലുണ്ട്. നബി (സ്വ) സ്വീകരിച്ച ചികിത്സാ രൂപങ്ങളും അവിടുത്തെ ചികിത്സ സംബന്ധമായ നിര്‍ദേശങ്ങളും ഉള്‍കൊള്ളുന്നതാണ് ഇത്. നബി(സ്വ) ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാ കാര്യങ്ങളും പൗരാണികമായ രീതികളും ഉള്‍ക്കൊള്ളുന്നതോടൊപ്പം ശാശ്വതമായ ചില തത്ത്വങ്ങളും ഇതില്‍ കാണാവുന്നതാണ്. പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളിലാണ് ഇവയെല്ലാം കാണുന്നത്. ഇത്തരം വചനങ്ങള്‍ ചിലര്‍ സമാഹരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. ചില ഹദീസ് ഗ്രന്ഥങ്ങള്‍ തന്നെ ത്വിബ്ബ് അഥവാ വൈദ്യം എന്ന പേരില്‍ പ്രത്യേകം തലക്കെട്ടുകള്‍ നല്‍കി ക്രോഡീകരിച്ചവരുമുണ്ട്. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കിതാബുത്ത്വിബ്ബ് എന്ന പേരില്‍ നൂറിലേറെ ഹദീസുകള്‍ വിവിധ തലക്കെട്ടുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്. ഇത്തരം ഹദീസുകള്‍ മാത്രം ശേഖരിച്ച് ക്രോഡീകരിക്കുകയും പ്രത്യേക രൂപത്തില്‍ അവ രേഖപ്പെടുത്തുകയും ചെയ്ത അനേകരുണ്ട് അവരില്‍ ഏറ്റവും പൗരാണികനാണ് ഇമാം അലിയ്യുബ്നു മൂസാ അല്‍ കാദ്വിം ബിന്‍ ജഅ്ഫര്‍ അസ്സ്വാദിഖ് (മരണം ഹിജ്‌റ:203). ഇദ്ദേഹം ഖലീഫ മഅ്മൂനിന്ന് സമര്‍പ്പിക്കാനായി ഇത്തരമൊരു ഗ്രന്ഥരചന നടത്തുകയാണുണ്ടായത്. ഹിജ്‌റ 238ല്‍ മൃതിയടഞ്ഞ അബ്ദുല്‍ മാലികില്‍ ഉന്‍ദുലുസി ഹിജ്‌റ 368ല്‍  നിര്യാതനായ ഹാഫിദ് അബൂബക്കര്‍ ഇബ്നുസനിയ്യ് തുടങ്ങിയ ഒട്ടേറെ പേര്‍ ഇങ്ങനെ രചനകള്‍ നടത്തിയിട്ടുണ്ട്.

നബി(സ്വ) നിയുക്തനായത് വൈദ്യശാസ്ത്രം അഭ്യസിപ്പിക്കുവാന്‍ അല്ല. പ്രത്യുത മാനവതയ്ക്കാകമാനം ദൈവിക സന്ദേശത്തിന്റെ മാര്‍ഗദര്‍ശനം പകര്‍ന്നു കൊടുക്കുവാനാണ്. പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാനാവശ്യമായ വിശ്വാസം-ആരാധന-അനുഷ്ഠാന കാര്യങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കുകയും അതോടൊപ്പം ജീവിതത്തിന്റെ ഇതര മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട ദൈവീകമായ മാര്‍ഗദര്‍ശനം എന്തെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനു പുറമെയുള്ള ഭൗതീക വിഷയങ്ങളില്‍ 'എന്നേക്കാള്‍ അറിവുള്ളവര്‍ നിങ്ങളാണ്' എന്ന് നബി(സ്വ) പറഞ്ഞതിനാല്‍ തന്നെ നബി(സ്വ) യില്‍ നിന്നു വന്ന ശാരീരികചികിത്സാ കാര്യങ്ങള്‍ വിലയിരുത്തേണ്ടത് ഈ ഒരു അടിത്തറയില്‍ നിന്നാകണം. മാത്രവുമല്ല പ്രവാചകനില്‍ നിന്നുള്ള പൊതുനിര്‍ദേശങ്ങളില്‍ സ്ഥിരമായി പരിഗണിക്കേണ്ടുന്ന കാര്യങ്ങളൊടൊപ്പം പ്രാദേശികവും താല്കാലികവുമായ ചില നിര്‍ദേശങ്ങളുമുണ്ടെന്നും മനസ്സിലാക്കണം.

വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുന്ന എല്ലാ നബിവചനങ്ങളും എല്ലാ വ്യക്തികള്‍ക്കും എല്ലാ പ്രദേശത്തുകാര്‍ക്കും ഒരുപോലെ ബാധകമായിരിക്കണമെന്നില്ല. അതിലെ ചില സൂചനകള്‍ നബി(സ്വ)  ജീവിച്ച കാലവും സ്ഥലവുമായി ബന്ധപ്പെട്ടു മാത്രമാകാവുന്നതുമാണ്. എന്നാല്‍ 'എല്ലാ രോഗത്തിനും മരുന്നുണ്ട്, രോഗത്തിനുള്ള മരുന്ന് കിട്ടിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ ഉത്തരവോടെ രോഗം ഭേദപ്പെടുമെന്ന' നബി വചനമാണ് ചികിത്‌സയുടെ ഇസ്‌ലാമിക ദര്‍ശനം.  ഇതിന്റെ അടിസ്ഥാനത്തില്‍ നബി(സ്വ)യില്‍ നിന്ന് വന്ന ചികിത്സാ നിര്‍ദ്ദേശങ്ങള്‍ ചികിത്സയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോ പ്രവാചകത്വത്തിന് തെളിവായി വന്നതോ അവിടുത്തെ കാലത്ത് പ്രചാരത്തിലുണ്ടായി രുന്നതോ അല്ലെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ആനുകാലികമാക്കേണ്ടവയായിട്ടോ കാണുകയാണ് വേണ്ടത്.

നബി(സ്വ) കഴിച്ച ആഹാരം, ധരിച്ച വസ്ത്രം, യാത്ര ചെയ്ത വാഹനം, സ്വീകരിച്ച ചികിത്‌സാരീതി ഇവ സ്ഥലകാലങ്ങള്‍ക്കനുസരിച്ച് മാറുന്നവയാണ്. അവയിലല്ല മാതൃക. അവയിലടങ്ങിയ തത്ത്വങ്ങളിലാണ്. അത് നബി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ നബിയോ സ്വഹാബികളോ ചെയ്ത ചികിത്‌സ മതത്തിന്റെ കാലാതിര്‍ത്തിയായ നിയമങ്ങളല്ല. സ്വീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാവുന്ന ഭൗതിക കാര്യങ്ങളാണ്.
 

Feedback
  • Saturday Dec 14, 2024
  • Jumada ath-Thaniya 12 1446