Skip to main content

വഞ്ചന

ജീവിതത്തില്‍ സത്യസന്ധത കാത്തു സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ് സത്യവിശ്വാസികള്‍. വഞ്ചനയുടെ ലാഞ്ഛനയില്ലാതെ ജീവിക്കുമ്പോള്‍ മാത്രമേ, കാപട്യത്തിന്റെ കലര്‍പ്പില്ലാത്തതും ശുദ്ധവുമായ ജീവിതം സാധ്യമാകുകയുളളൂ.   അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാര്യത്തില്‍ വഞ്ചന കാണിക്കാത്തവരുമാണ് അവര്‍. കാപട്യം എന്നത് അതീവ ഗൗരവമര്‍ഹിക്കുന്ന പാപവും വിശ്വാസ വ്യതിയാനവുമായി ഖുര്‍ആന്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു. ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളില്‍ ബോധപൂര്‍വം വഞ്ചന കാണിക്കരുത്''(8:27). നബി(സ്വ) പറയുന്നു: ''നാലു കാര്യങ്ങള്‍ ആരിലുണ്ടോ അവന്‍ തികഞ്ഞ കപടവിശ്വാസിയാണ്. അവയില്‍ ഒന്ന് ആരിലെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കുവോളം കാപാട്യത്തിന്റെ ഒരംശം അയാളിലുണ്ടായിരിക്കും. വിശ്വസിച്ചാല്‍ വഞ്ചിക്കുക, സംസാരിച്ചാല്‍ കള്ളം പറയുക. കരാര്‍ ചെയ്താല്‍ ലംഘിക്കുക, പിണങ്ങിയാല്‍ പുലഭ്യം പറയുക'' (ബുഖാരി. മുസ്ലിം).

അല്ലാഹുവിലും അവന്റെ റസൂലിലുമുള്ള വിശ്വാസത്തില്‍ കാപട്യമുള്ളവര്‍ വഞ്ചകരാണ്. ആ കടുത്ത അപരാധത്തിന്റെ കെടുതികള്‍ സത്യവിശ്വാസികള്‍ കൂടി അവരില്‍ നിന്ന് അനുഭവിക്കേണ്ടിവരും. അതുകൊണ്ട് അത്തരം വഞ്ചകരെക്കുറിച്ച് സദാ ജാഗരൂകരായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (63:4).

അല്ലാഹുവിനെയും റസൂലിനെ(സ്വ)യും വഞ്ചിക്കാന്‍ ശ്രമിക്കുന്ന കപടവിശ്വാസികള്‍ക്ക് സൃഷ്ടികളെ വഞ്ചിക്കാനും യാതൊരു മടിയുമുണ്ടായിരിക്കില്ല. സൃഷ്ടികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലും ക്രയവിക്രയങ്ങളിലുമൊന്നും യാതൊരു വിധേനയും പരസ്പര വിശ്വാസത്തിന് കോട്ടം തട്ടുന്ന, വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പിക്കുന്ന വാക്കുകളോ പ്രവൃത്തികളോ ഉണ്ടായികൂടാത്തതാണ്. ഭാര്യ, ഭര്‍ത്താവ്, തൊഴിലാളി, മുതലാളി, നേതാവ്, അനുയായി, കച്ചവടക്കാരന്‍, ഉപഭോക്താവ് തുടങ്ങിയ എല്ലാ തലങ്ങളിലുമുള്ള വ്യക്തികളും തമ്മിലുണ്ടായിരിക്കേണ്ടത് വിശ്വാസ്യത കൊണ്ട് വിളക്കിച്ചേര്‍ക്കേണ്ട ബന്ധങ്ങളാണ്. വിവാഹമെന്ന ബലവത്തായ കരാറിലൂടെ കുടുംബജീവിതത്തിന് നാമ്പിടുന്ന ഇണകള്‍ പരസ്പരം വിശ്വാസ്യത വീണുടയാതെ ജീവിക്കാന്‍ ബദ്ധശ്രദ്ധരാവണം. സത്‌വൃത്തയായ സ്ത്രീയുടെ സവിശേഷതയായി റസൂല്‍(സ്വ) എണ്ണിപ്പറഞ്ഞതില്‍ വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നതിന് ഗൗരവ പ്രാധാന്യമുണ്ട്. നബി(സ്വ) പറഞ്ഞു. ''നീ അവളെ നോക്കിയാല്‍ നിന്നെ അവള്‍ സന്തുഷ്ടയാക്കും. കല്പിച്ചാല്‍ അനുസരിക്കും. നീ അവളുടെ അടുത്തില്ലെങ്കില്‍ നിന്റെ സ്വത്തിലും സ്വന്തം ശരീരത്തിലും അവള്‍ നിന്നെ സൂക്ഷിക്കും''.

കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും വഞ്ചന കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. കച്ചവടം ചെയ്യുമ്പോള്‍ വില്പനക്കാരനും ഉപഭോക്താവും ചരക്കിന്റെയും വിലയുടെയുമൊക്കെ കാര്യത്തില്‍ പരസ്പരം പൂര്‍ണ തൃപ്തരായിരിക്കണമെന്നത് കച്ചവടത്തിന്റെ സാധ്യതക്കുളള ഇസ്ലാമികമായ നിബന്ധനവും മര്യാദയും ആണ്. നനഞ്ഞ് കുതിര്‍ന്ന ധാന്യമണികള്‍ മറച്ചുവെച്ച് ന്യൂനതകളെ പരസ്യപ്പെടുത്താതെ കച്ചവടം ചെയ്യുമ്പോള്‍ റസൂല്‍(സ്വ)യുടെ ശ്രദ്ധയില്‍ അത് പെട്ടു. വഞ്ചനയാണ് കച്ചവടക്കാരന്‍ ചെയ്യുന്നത് എന്ന് സഗൗരവം ഉണര്‍ത്തി. “വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല (മുസ്‌ലിമല്ല) (ബുഖാരി, മുസ്്‌ലിം).

അമിതവില ഈടാക്കാനുള്ള, പൂഴ്ത്തിവെപ്പ് നടത്തുന്നതും കരിഞ്ചന്തയുമൊക്കെ എക്കാലത്തും കച്ചവടത്തില്‍ നടക്കുന്ന വഞ്ചനയാണ്. പരലോകത്ത് വഞ്ചകന്മാര്‍ അപമാനിതരായിരിക്കുമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി.

നബി(സ്വ) പറഞ്ഞു: സര്‍വ വഞ്ചകന്മാര്‍ക്കും പരലോകത്ത് അപമാനത്തിന്റെ കൊടിയുണ്ടായിരിക്കും (ബുഖാരി, മുസ്ലിം). കള്ളംപറയുകയും വഞ്ചന നടത്തുകയും ചെയ്തു കൊണ്ട് കൊള്ളലാഭം കൊയ്യാന്‍ കൂടുതല്‍ സാധ്യതയുളള രംഗം കച്ചവടമായിനാല്‍ റസൂല്‍(സ്വ) വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവട മേഖലയില്‍ സത്യസന്ധത കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.

അബൂഖാലിദില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പ്രഖ്യാപിച്ചിരിക്കുന്നു: 'വാങ്ങുന്നവനും വില്‍ക്കുന്നവനും വേര്‍പിരിയുന്നതിന് മുമ്പ് കച്ചവടം ദുര്‍ബലപ്പെടുത്താന്‍ ഇരുവര്‍ക്കും അവകാശമുണ്ട്. ഇരുവരും സത്യം പറയുകയും എല്ലാം സുതാര്യമാക്കുകയും ചെയ്യുന്നുവെങ്കില്‍ തങ്ങളുടെ കച്ചവടത്തില്‍ ഇരുവരും അനുഗ്രഹിക്കപ്പെടും. മറിച്ച് മറച്ചുവെക്കുകയും കള്ളം പറയുകയുമാണെങ്കില്‍ ഇരുവരുടെയും വ്യാപാരത്തില്‍ അനുഗ്രഹം നിഷേധിക്കപ്പെടുകയും ചെയ്യും (ബുഖാരി - മുസ്‌ലിം).

ബാധ്യതകള്‍ വിസ്മരിക്കയും അവകാശങ്ങളെക്കുറിച്ച് ബോധവാനാകുകയും     ബോധാവാനാകുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് നിസ്സാരവത്ക്കരിക്കുകയും ചെയ്യുന്നവരായിരിക്കും വഞ്ചകന്മാര്‍. കച്ചവടത്തില്‍ മാത്രമല്ല തൊഴില്‍ മേഖലകളിലെല്ലാം തൊഴിലിന്റെ ഗുണഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ല എന്ന്  ഉറപ്പിക്കാന്‍ കഴിയണം. അല്ലാഹു പറയുന്നു. ''അളവില്‍ കുറയ്ക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ അളന്നു കൊടുക്കുകയോ തൂക്കി കൊടുക്കുയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ?  ഭയങ്കരമായ ഒരു ദിവസത്തിനായിട്ട് തങ്ങള്‍ എഴുന്നേല്പിക്കപ്പെടുന്നവരാണെന്ന്? അതേ ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം (83:1-6).

Feedback