Skip to main content

ബഹുഭാര്യത്വം

വൈയക്തികവും സാമൂഹികവുമായ സുപ്രധാന മാനുഷിക പരിഗണനകള്‍ വെച്ചു കൊണ്ട് കണിശമായ നിബന്ധനകള്‍ക്കു വിധേയമായി ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം പുരുഷന് അനുവാദം നല്‍കുന്നു. ഏകപത്‌നിയുമായി ജീവിതാന്ത്യംവരെ കഴിയാന്‍ പ്രയാസമുള്ള സാഹചര്യങ്ങളില്‍ മനുഷ്യപ്രകൃതിക്ക് അനുസൃതമായി ഇസ്‌ലാം നിശ്ചയിച്ച ഈ വിവാഹനിയമത്തിലും വ്യക്തമായ യുക്തിയും ലക്ഷ്യവും കാണാന്‍ കഴിയുന്നു. 

ഇസ്‌ലാമിനു മുമ്പുള്ള പല സമൂഹങ്ങളും വളരെ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിച്ചിരുന്നു. നിയന്ത്രണങ്ങള്‍ക്കോ നിബന്ധനകള്‍ക്കോ വിധേയമല്ലാതെ ഇങ്ങനെ ബഹുഭാര്യത്വം സ്വീകരിക്കുന്നത് ഇസ്‌ലാം എതിര്‍ത്തു. ബഹുഭാര്യത്വത്തിന് പരിധിയും നിബന്ധനയും നിശ്ചയിക്കുകയും ഭാര്യമാര്‍ യാതൊരു കാരണവശാലും നാലില്‍ കൂടുതല്‍ ആവാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിക്കുകയും ചെയ്തു. ഇസ്‌ലാം പ്രചരിച്ചുവന്ന കാലത്ത് അറബികള്‍ക്ക് എട്ടും പത്തും അതിലധികവും ഭാര്യമാരുണ്ടായിരന്നു. ഇവരോടെല്ലാം നബി(സ്വ) പറഞ്ഞത് നിങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തെരഞ്ഞെടുത്ത് നാലില്‍ പരിമിതപ്പെടുത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്യുകയെന്നായിരുന്നു.  

പുരുഷന്‍ തന്റെ ഭാര്യയില്‍ നിന്ന് അഭിമുഖീകരിക്കുന്ന വ്യക്തിപരമായ പ്രയാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബഹുഭാര്യത്വം അനിവാര്യമാകുന്ന സാഹചര്യങ്ങളുണ്ടാവുന്നു. വന്ധ്യത, വാര്‍ധക്യം, നിത്യരോഗം, ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം, നിരന്തര പ്രസവം, നിരന്തരയാത്രയും ദീര്‍ഘനാള്‍ നാടുവിട്ട താമസവും ഒക്കെ പുരുഷനെ സംബന്ധിച്ചിടത്തോളം ഏകപത്‌നി മതിയാവാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. വൈകാരിക ശമനത്തിന് നിഷിദ്ധവഴികള്‍ തേടാതിരിക്കാനും അവിഹിതബന്ധങ്ങളില്‍ ചെന്നു പെടാതിരിക്കാനും നിയമാനുസൃത മാര്‍ഗത്തിലൂടെ മറ്റൊരുവളെക്കൂടി വിവാഹം ചെയ്യുന്നതിന് മതം അനുവാദം നല്‍കുന്നു.

നിയമവിധേയമായ നിലയില്‍ ബഹുഭാര്യാത്വം സ്വീകരിക്കുമ്പോള്‍ ആദ്യ ഭാര്യയെ നിലനിര്‍ത്തിക്കൊ ണ്ട് രണ്ടുപേര്‍ക്കുമുള്ള സംരക്ഷണവും മറ്റു ജീവിതച്ചെലവുകളും നല്‍കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. ബഹുഭാര്യാത്വം അനിവാര്യമായിത്തീരുന്ന സാമൂഹിക സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.  

ഇസ്‌ലാം ബഹുഭാര്യത്വത്തിന് നിര്‍ബന്ധമാക്കിയ നിബന്ധന, ഭാര്യമാര്‍ക്കിടയില്‍ പൂര്‍ണമായ നീതി പാലിച്ചുകൊണ്ടായിരിക്കണം പുരുഷന്‍ ജീവിക്കേണ്ടത് എന്നാണ്. അതിനുള്ള ആത്മവിശ്വാസം പുരുഷന് ഉണ്ടായിരിക്കണമെന്ന് സാരം. ഭക്ഷണം, പാനീയം, വസ്ത്രം, താമസം, സഹശയനം, ചെലവിന് നല്‍കല്‍ തുടങ്ങിയവയിലെല്ലാം നീതി പാലിക്കേണ്ടതാണ്. ഈ അവകാശങ്ങള്‍ നീതിപൂര്‍വം നിര്‍വഹിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്തവര്‍ ഒന്നിലധികം വിവാഹം ചെയ്യല്‍ നിഷിദ്ധമാണെന്ന് അല്ലാഹു പറയുന്നു: 'അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തു കൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയായി) സ്വീകരിക്കുക. നിങ്ങള്‍ അതിരുവിട്ടുപോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത് (4:3).

സ്ത്രീകള്‍ക്കിടയില്‍ സ്‌നേഹവും നീതിയും തുല്യരൂപത്തില്‍ വീതിക്കാന്‍ പുരുഷന് സാധ്യമല്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ഒരുവളിലേക്ക് മാത്രം പൂര്‍ണമായി തിരിഞ്ഞ് മറ്റവളെ ഭാര്യയുമല്ല മോചിതയുമല്ല എന്ന നിലയില്‍ വിട്ടേക്കാനും പാടില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ (ഒരുവളിലേക്ക്) പൂര്‍ണമായി തിരിഞ്ഞുകൊണ്ട് മറ്റുള്ളവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ പെരുമാറ്റം നന്നാക്കിത്തീര്‍ക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (4:129). നബി(സ്വ) പറഞ്ഞു: രണ്ട് ഭാര്യമാരുള്ളയാള്‍ ഒരുവളിലേക്ക് മറ്റവളെക്കാള്‍ കൂടുതലായി ചായുന്നുവെങ്കില്‍ ഒരുവശം വീണോ ചരിഞ്ഞോ വലിച്ചിഴച്ചു കൊണ്ടോ ആണയാള്‍ അന്ത്യദിനത്തില്‍ ഹാജരാക്കപ്പെടുക. (അല്‍മുഹല്ല 10/41).

 
 

Feedback