Skip to main content

ഭക്ഷ്യവസ്തുക്കള്‍: അനുവദനീയവും നിഷിദ്ധവും

ജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭക്ഷ്യപാനീയങ്ങള്‍ അനിവാര്യമാണ്.  അല്ലാഹു പറയുന്നു: ഭൂമിയില്‍-അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ സമൃദ്ധിയുണ്ടാക്കുകയും അതിലെ ആഹാരങ്ങള്‍ വ്യവസ്ഥപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു (41:10).

ജന്തുജാലങ്ങള്‍ അല്ലാഹു നല്കിയ ജന്‍മബോധം മൂലം തങ്ങള്‍ക്ക് ആവശ്യമുള്ളവയും ദോഷകരമല്ലാത്തതും മാത്രമേ കഴിക്കൂ. അത് എവിടെ നിന്ന് കിട്ടിയാലും കഴിക്കും. മനുഷ്യനാകട്ടെ വിശേഷബുദ്ധിയും ത്യാജ്യഗ്രാഹ്യ ബുദ്ധിയും ഉപയോഗിച്ച് ആഹാരപാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നു. അതിന് അതിര്‍വരമ്പുകളും ഉണ്ട്. സ്വന്തം, പൊതുമുതല്‍, അപരന്റേത് തുടങ്ങിയ പരിഗണനകള്‍ ഉണ്ട്. അതിനുപുറമെ മതപരമായി അനുവദനീയവും നിഷിദ്ധവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അനുവദനീയമായ ആഹാരപാനീയങ്ങളെപ്പറ്റിയാണ് ഇവിടെ വിശദീകരിക്കുന്നത്.

ഖുര്‍ആനിലും സ്വീകാര്യമായ നബിവചനങ്ങളിലും നിഷിദ്ധമാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുള്ള ഭക്ഷണ പാനീയങ്ങള്‍ മാത്രമാണ് നിഷിദ്ധങ്ങളുടെ ഗണത്തില്‍ വരുന്നത്. നിഷിദ്ധമാക്കപ്പെട്ടവയല്ലാത്ത എല്ലാ പദാര്‍ഥങ്ങളും അനുവദനീയമാണ്. ഭക്ഷ്യവിഷയത്തില്‍ അനുവദനീയതയുടെ മേഖല ഇസ്‌ലാം വിശാലമാക്കി. ഏതൊക്കെയാണ് അനുവദിക്കപ്പെട്ടത് എന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന മറുപടി ഇപ്രകാരമാണ്. അല്ലാഹു പറയുന്നു: ഏതെല്ലാമാണ് അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് അവര്‍ ചോദിക്കുന്നു. പറയുക, നല്ല വസ്തുക്കളൊക്കെ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു (5:4). ചീത്തയും ഉപദ്രവകരവുമായ വസ്തുക്കള്‍ ഭക്ഷിക്കുന്നതാണ് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. നബി(സ്വ)യുടെ ദൗത്യത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പറഞ്ഞുതരുന്നു. അദ്ദേഹം മ്ലേഛമായവ അവര്‍ക്ക് നിഷിദ്ധമാക്കുകയും വിശിഷ്ടമായവ അവര്‍ക്ക് അനുവദിക്കുകയും ചെയ്യുന്നു (7:157).

ആഹാരപദാര്‍ഥങ്ങളും അലങ്കാരവസ്തുക്കളും ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. അനുവദനീയതയുടെ അതിര്‍വരമ്പുകള്‍ അല്ലാഹുവും മുഹമ്മദ് നബി(സ്വ)യുമാണ് നമുക്ക് നിര്‍ണയിച്ചുതന്നിട്ടുള്ളത്. സന്ന്യാസത്തിന്റെയും വിരക്തിയുടെയും അമിത ഭക്തിയുടെയും പേരില്‍ അനുവദിക്കപ്പെട്ട ഭക്ഷ്യപദാര്‍ഥങ്ങളോ പാനീയങ്ങളോ മറ്റ് ജീവിതാലങ്കാരങ്ങളോ സ്വയം നിഷിദ്ധമായി പ്രഖ്യാപിക്കാന്‍ പാടില്ല. ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ഒരാള്‍ വന്ന് നബി(സ്വ)യെ സമീപിച്ചുകൊണ്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, മാംസം കഴിച്ചാല്‍ സ്ത്രീകളോട് താത്പര്യവും വികാരവും എന്നെ ബാധിക്കുന്നു. അതിനാല്‍ ഞാന്‍ മാംസാഹാരം സ്വയം നിഷിദ്ധമാക്കിയിരിക്കുകയാണ് (തിര്‍മിദി). 

അനുവദിക്കപ്പെട്ട കാര്യങ്ങള്‍ സ്വയം നിഷിദ്ധമായി പ്രഖ്യാപിച്ചവര്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം ഇപ്രകാരമാണ്. സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (5:87).

Feedback