Skip to main content

ഖുര്‍ആനും അറബി ഭാഷയും

 മാനവരാശിക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച നാലു വേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് അറബി ഭാഷയില്‍ അവതീര്‍ണമായിട്ടുള്ളത്. അല്ലാഹുവിന്റെ 'കലാം' (വചനങ്ങള്‍) ആയ ഖുര്‍ആനിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സാഹിത്യ മുഖമാണ്. അതിന് അവസരം ലഭിച്ചത് അറബി ഭാഷക്കും. ഖുര്‍ആന്‍ അവതാരണത്തിന് അറബി ഭാഷ തെരഞ്ഞെടുക്കാന്‍ അല്ലാഹു കണ്ടെത്തിയ കാരണം അജ്ഞാതമാണ്.  

''നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അറബി ഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു'' (12:2).

''അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍, അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി'' (39:28).
''വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം, മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം)'' (41:3).

''തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിന് വേണ്ടിയാകുന്നു''(43: 3).

ഭാഷാപണ്ഡിതനായ ഇബ്‌നു ഫാരിസ് സൂചിപ്പിച്ചത് പോലെ 'അല്ലാഹു അവന്റെ അവസാന വേദഗ്രന്ഥം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത ഭാഷ ഏറ്റവും ശ്രേഷ്ഠവും വിശാലവുമായ അറബി ഭാഷയാണ് എന്നത് അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്. 

ഖുര്‍ആനിന്റെ അമാനുഷികത

ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ല എന്ന സത്യം പലതലങ്ങളില്‍ കണ്ടെത്താമെങ്കിലും ഭാഷാപരവും സാഹിത്യപരവുമായ അതിന്റെ അമാനുഷികത ശ്രദ്ധേയമാണ്. ഭാഷാ പണ്ഡിതന്‍മാര്‍ അറബി ഭാഷയില്‍ കണ്ടെത്തുന്ന ഒരു സവിവേശഷത, ആശയങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ ഹ്രസ്വമായി അവതരിപ്പിക്കാനുള്ള സൗകര്യമാണ്. അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അര്‍റഹ്മാന്‍, അര്‍റഹീം, അസ്വമദ് തുടങ്ങിയ ചെറിയ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന വിപുലമായ ആശയം അറബി ഭാഷയിലൂടെ മാത്രമേ സൂചിപ്പിക്കാന്‍ കഴിയൂ.   

പ്രാചീനതയും ആധുനികതയും ഒരുപോലെ അവകാശപ്പെടാവുന്ന ഒരു സെമിറ്റിക് ഭാഷയാണ് അറബി. 22ലധികം രാഷ്ട്രങ്ങളുടെ മാതൃഭാഷയായ അറബി, കോടിക്കണക്കിന് മുസ്‌ലിംകളുടെ മത ഭാഷയാണ്. ഒരു വിശ്വാസി പിറന്നു വീഴുന്നത് ഈ ഭാഷ ശ്രവിച്ചു കൊണ്ടാണ്. അവന്‍ ഈ ലോകത്തോട് വിട പറയുന്നതും ഈ അനുഗൃഹീത ഭാഷ ശ്രവിച്ചു കൊണ്ടാണ്. അറബി ഭാഷക്ക് ഈ അംഗീകരാം ലഭിച്ചത് വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടു മാത്രമാണ്.

അറബി ഭാഷാ സാഹിത്യം

അറബി ഭാഷാ സാഹിത്യത്തിന് ആഗോളിടിസ്ഥാനത്തില്‍ ഉണര്‍വും പ്രചോദനവും നേടാനായതില്‍ ആ ഭാഷ ഖുര്‍ആനിനോട് കടപ്പെട്ടിരിക്കുന്നു. അറബിയെപ്പോലെ പ്രാചീനമായ പല ഭാഷകളും ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുകയോ മാറ്റങ്ങള്‍ക്ക് വിധേയമായി സ്വത്വം നഷ്ടപ്പെട്ടു പോകുകയോ ചെയ്തിട്ടുണ്ട്. അറബി ശേഷ്ഠഭാഷ (Classical Language) ആയി ഇന്നും നിലനില്ക്കുന്നു. ഖുര്‍ആനിന്റെ സുരക്ഷ അല്ലാഹുവിന്റെ കരങ്ങളിലാണ് എന്നത് കൊണ്ട് തന്നെ ഭാഷയും സുരക്ഷിതാമാവുമല്ലൊ. അല്ലാഹു പ്രഖ്യാപിക്കുന്നു: ''വിശുദ്ധ ഖുര്‍ആനെ അവതരിപ്പിച്ചത് നാമാണ്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും''.

അറബി ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ട ആദ്യസാഹിത്യ കൃതി വിശുദ്ധ ഖുര്‍ആനാണ്. നൂറിലധികം വിജ്ഞാന സാഹിത്യശാഖകള്‍ ഖുര്‍ആനികാശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അതിന്റെ ഉള്ളടക്കം ലളിതമാക്കുന്നതിനും വേണ്ടി രൂപീകൃതമാവുകയുണ്ടായി. തജ്‌വീദ് (ഖുര്‍ആന്‍ പാരായണ നിയമം), വ്യാകരണം, ബലാഗ(സാഹിത്യ നിദാന ശാസ്ത്രം), സ്വര്‍ഫ് തുടങ്ങിയ ഭാഷാശാസ്ത്രങ്ങളും തഫ്‌സീര്‍, കര്‍മശാസ്ത്രം, ഹദീസ്, നിദാനശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, തസവ്വുഫ്, ചരിത്രം തുടങ്ങിയ വിജ്ഞാന ശാഖകളും ഈ ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അടിസ്ഥാന സ്രോതസ്സുകളിലഖിലവും അറബി ഭാഷയിലാണ് വിരചിതമായിട്ടുള്ളത്. 

ഖുറൈശ്, ബനൂസഈദ് ഗോത്രങ്ങളുടെ സ്ഫുടമായ ഭാഷാശൈലിയാണ് ഖുര്‍ആനിന്റെത്. പ്രവാചകന്‍ ജനിച്ചു വളര്‍ന്ന ഗോത്രങ്ങളാണിവ. ''അറബികളില്‍ ഏറ്റവും അക്ഷരസ്ഫുടതയോടെ സംസാരിക്കുന്നവനാണ് ഞാന്‍'' നബി(സ്വ) പറഞ്ഞു. പേര്‍ഷ്യ, റോമ, എത്യോപ്യ, അബറാനി, സിറിയാനി, ഖിബ്തി എന്നീ ഭാഷകളിലുള്ള പദപ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണാം. ജിബ്ത്, സുന്‍ദസ്, സന്‍ജബീല്‍, ഖിസ്ത്വാസ്, ഇസ്വ്തബ്‌റഖ് എന്നീ പദങ്ങള്‍ ഈ ഗണത്തില്‍ പെട്ടവയാണ്. 

ധാരാളം സാങ്കേതിക ശബ്ദങ്ങള്‍ ഖുര്‍ആന്‍ ഭാഷക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന അര്‍ഥകല്പനകളല്ല, പല പദങ്ങള്‍ക്കും ഖുര്‍ആന്റെ അവതരണത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. ഖുര്‍ആന്റെ വിശദീകരണമായ ഹദീസ്, ഉപമകളും മഹദ്വചനങ്ങളും തത്ത്വവാക്യങ്ങള്‍ കൊണ്ടനുഗൃഹീതമാണ്.

പ്രസംഗകലയെ ഇസ്‌ലാം പ്രോത്‌സാഹിപ്പിക്കുകയും  ആരാധനകളായ ജുമുഅ, പെരുന്നാള്‍ നമസ്‌കാരങ്ങള്‍, ഗ്രഹണ നമസ്‌കാരം, മഴയെ തേടുന്ന നമസ്‌കാരം, വിവാഹ സദസ്സുകള്‍ എന്നിവയില്‍ അതിന്റെ അനിവാര്യത ഊന്നിപ്പറയുകയും ചെയ്തു. മഹാ പണ്ഡിതന്‍മാരുടെ ജുമുഅ പ്രസംഗങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് അറബി ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. പ്രവാചകന്‍ പ്രഗത്ഭനായ വാഗ്മിയായിരുന്നു. സച്ചരിതരായ നാലു ഖലീഫമാര്‍, മുആവിയ(റ), ഹജ്ജാജ്ബ്‌നു യൂസുഫ്, സിയാദ് ബ്‌നു അബീഹി ത്വാരിഖ് ബ്‌നു സിയാദ് തുടങ്ങിയവര്‍ പ്രസംഗകലയില്‍ ആധിപത്യം നേടിയവരായിരുന്നു. 

ജാഹിലിയ്യാ കാലത്ത് പ്രചുരപ്രചാരം നേടിയിരുന്ന കവിത നിബന്ധനകള്‍ക്ക് വിധേയമായി ഇസ്‌ലാം അംഗീകരിക്കുകയും കവികളെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു. ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത് കാരണമാവുകയും ചെയ്തു. 

അറബി ഒരു ലോക ഭാഷ

ആഗോളതലത്തില്‍ അറബി ഭാഷയുടെ അനന്തസാധ്യതകള്‍ ഇന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. 1973 ഡിസംബര്‍ 18ന് ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷയായി അറബിയെ അംഗീകരിച്ചു. മാത്രവുമല്ല, യു.എന്‍.ഒ അന്താരാഷ്ട്ര ഭാഷാദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്ത ആറു ഭാഷകളില്‍ ഒന്നാണ് അറബി. എല്ലാവര്‍ഷവും ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിച്ചു വരുന്നുണ്ട്. 22 രാഷ്ട്രങ്ങളിലായി 280 മില്യന്‍ ജനങ്ങള്‍ സംസാരിക്കുകയും 500 മില്യന്‍ ജനങ്ങള്‍ എഴുതുകയും വായിക്കുകയും ചെയ്യുന്ന അറബി ഭാഷ, ഐടി യുഗത്തിന്റെ അനന്തസാധ്യതകള്‍ നിറവേറ്റാന്‍ മതിയായ ഭാഷയെന്നറിയുന്നതില്‍ അത്ഭുതമില്ല. ലോക വേദികളില്‍ ഒരു ജീവല്‍ഭാഷയായി പരിലസിക്കാന്‍ അറബി ഭാഷയ്ക്ക് സാഹചര്യമൊരുക്കിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്, തീര്‍ച്ച.

Feedback