Skip to main content

ഖുര്‍ആനിന്റെ അവതാരണ ഘട്ടങ്ങള്‍

ഖുര്‍ആന്‍ മൂന്നു ഘട്ടങ്ങളിലായാണ് അല്ലാഹു അവതരിച്ചതെന്ന് പണ്ഡിതലോകം അഭിപ്രായപ്പെടുന്നു. അല്ലാഹുവിന്റെ എല്ലാവിധ തീരുമാനങ്ങളും വിധികളും രേഖപ്പെടുത്തുന്ന സുരക്ഷിത ഫലകത്തിലേക്ക് (ലൗഹുല്‍ മഹ്ഫൂദ്വ്) ഉള്ള അവതാരണമാകുന്നു ഒന്നാമത്തെ ഘട്ടം. അല്ലാഹു പറയുന്നു: ''അല്ല, അത് മഹത്വമേറിയ ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണതുള്ളത്'' (85-21.22). ''തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്'' (56:77,78).

ലൗഹുല്‍ മഹ്ഫൂദ്വിനെക്കുറിച്ച് ഇമാം റാസിയുടെ വിശദീകരണം ഇപ്രകാരം വായിക്കാം: അല്ലാഹുവിന്റെ വിധികളും തീരുമാനങ്ങളും രേഖപ്പെടുത്തിയ രേഖയാണത്. അതുകൊണ്ടാണ് ഖുര്‍ആന്‍ അതിലേക്ക് ആദ്യം ഇറക്കപ്പെട്ടത്. ഉണ്ടായതും ഉണ്ടാവാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അതിലുണ്ട്. സംഭവിക്കാനുള്ള സകലതിനെ കുറിച്ചും പറയുന്ന, സാക്ഷിയും ദൈവികാധികാരത്തിന്റെ  മഹത്വമെന്തെന്നു വെളിപ്പെടുത്തുന്ന വേദിയുമാണത്. (തഫ്‌സീറുറാസി ആയത്ത് 57:22).

ലൗഹുല്‍ മഹ്ഫൂദ്വില്‍ നിന്ന് തുടര്‍ന്ന് ഖുര്‍ആന്‍ മുഴുവനായി ഒന്നാം ആകാശത്തിലുള്ള ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിപ്പിച്ചു. ഇതാണ് ഖുര്‍ആന്‍ അവതാരണത്തിന്റെ രണ്ടാം ഘട്ടം. ഇതാകുന്നു റമദാനിലെ വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദറില്‍ സംഭവിച്ചതെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''ഖുര്‍ആന്‍ ലൈലത്തുല്‍ ഖദ്‌റില്‍ ഒന്നാം ആകാശത്തിലേക്കിറക്കപ്പെട്ടു. പിന്നീട് ഇരുപത് കൊല്ലങ്ങളിലായി ഇറക്കപ്പെട്ടു''. എന്നിട്ട് അദ്ദേഹം പാരായണം ചെയ്തു: ''നീ ജനങ്ങള്‍ക്ക് സാവകാശം ഓതിക്കൊടുക്കുവാനായി ഖുര്‍ആനിനെ നാം പലഭാഗങ്ങളിലായി വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു'' (17:106).
 

Feedback