Skip to main content

പ്രവാചകന്ന് ഖുര്‍ആന്‍ ലഭിച്ച പശ്ചാത്തലങ്ങള്‍

മുഹമ്മദ് നബി(സ്വ)ക്ക് ഒന്നിച്ചു ലഭിച്ച ഗ്രന്ഥമല്ല ഖുര്‍ആന്‍. ഇരുപത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് വ്യത്യസ്ത സന്ദര്‍ഭങ്ങളിലാണ് ഖുര്‍ആന്‍ അദ്ദേഹത്തിനു ലഭിച്ചത്. ഒരു സമൂഹത്തിന്റെ വിശ്വാസ, സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തനത്തിനനുഗുണമായാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്. അതുതന്നെയാണ് ഖുര്‍ആന്‍ കൊണ്ടുള്ള ലക്ഷ്യവും.  അറേബ്യന്‍ ജനതയില്‍ ആദ്യമായി ഈ ലക്ഷ്യം ആവിഷ്‌കരിക്കുമ്പോള്‍ സ്വാഭാവികമായും ആ ജനതയുടെ പശ്ചാത്തലത്തില്‍ നിന്നു വേണം വേദഗ്രന്ഥം സംസാരിക്കാന്‍. അതുകൊണ്ടു തന്നെ ഖുര്‍ആനിന്റെ പ്രതിപാദനങ്ങളില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, ചരിത്ര യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തല്‍ തുടങ്ങിയ വ്യത്യസ്ത പശ്ചാത്തലങ്ങളുണ്ടായിരുന്നു.

ചോദ്യങ്ങള്‍ക്കുളള മറുപടി

ചോദ്യങ്ങള്‍ വിശ്വാസികളുടെയും അവിശ്വാസികളുടെയും ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ ചോദ്യങ്ങള്‍ക്കുദാഹരണം. ''അനാഥകളെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അവര്‍ക്ക് നന്മവരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍ അതില്‍ തെറ്റില്ല. അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ'' (2:220).

സത്യനിഷേധികളുടെ ചോദ്യത്തിനൊരു ഉദാഹരണം, ''അവന്‍ നിന്നോട് ദുല്‍ഖര്‍നൈനിയെ പറ്റി ചോദിക്കുന്നു. നീ പറയുക. അദ്ദേഹത്തെ പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരാം''(18:83).

ചോദിച്ചറിയാനും ചോദ്യം ചെയ്യാനും ഉത്തരം മുട്ടിക്കാനും ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവയ്‌ക്കെല്ലാം ഉത്തരങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബിക്ക് സ്വന്തമായി മറുപടി പറയാന്‍ കഴിയുന്നവയായിരുന്നില്ല ആ ചോദ്യങ്ങള്‍.

പ്രശ്‌ന പരിഹാരം

സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടും വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇസ്‌ലാമിലെ പൊതുനിയമങ്ങള്‍ക്ക് ചില ഭേദഗതികളോ ഇളവുകളോ ആവശ്യമായിവരും. ഉദാഹരണമായി അംഗശുദ്ധീകരണത്തിന് വെള്ളം വേണമെന്നാണ് പൊതുനിയമം. എന്നാല്‍ വെളളം ലഭ്യമല്ലാതായാല്‍ മണ്ണുകൊണ്ട് തയമ്മും ചെയ്യാം. ഈ ഇളവ് മുന്‍കൂട്ടി പ്രഖ്യാപിച്ചില്ല. അത്തരമൊരു സാഹചര്യം വന്നപ്പോഴാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. നബിയുടെ കൂടെയുള്ള ഒരു യാത്രയില്‍ ആയിശാ(റ)യുടെ മാല വീണു പോയി. അതു തിരയാന്‍ വേണ്ടി നിന്നതുകൊണ്ട് പ്രവാചകനും അനുയായികള്‍ക്കും നമസ്‌കാരത്തിന് വുദൂചെയ്യാന്‍ വെള്ളമുള്ള സ്ഥലത്തേക്കെത്താന്‍ കഴിഞ്ഞില്ല. തന്നിമിത്തം വുദൂവില്ലാതെ നമസ്‌കരിക്കേണ്ടിവന്നു. ഈ സന്ദര്‍ഭത്തില്‍ പ്രശ്‌നത്തിനുള്ള പരിഹാരമായി ഈ വചനമിറങ്ങി. 'നിങ്ങള്‍ രോഗികളോ യാത്രയിലോ ആയിരിക്കുകയോ നിങ്ങള്‍ മലമൂത്ര വിസര്‍ജന സ്ഥലത്തുനിന്ന് വരികയോ സ്ത്രീകളുമായി ബന്ധപ്പെടുകയോ ചെയ്തു. എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടാതെ വന്നാല്‍ നിങ്ങള്‍ ശുദ്ധമായ ഭൂമുഖത്തെ ലക്ഷ്യം വെക്കുക (അഥവാ തയമ്മും ചെയ്യുക) (4:43). 

പ്രവാചകനെ ഗുണദോഷിക്കുന്നു

നബി(സ്വ)യുടെ പ്രവര്‍ത്തനങ്ങളില്‍ ചിലപ്പോള്‍ മാനുഷിക ചെറിയ വീഴ്ചകള്‍ പറ്റിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ തിരുത്തുവാന്‍ വേണ്ടി ഖുര്‍ആന്‍ വചനങ്ങളിറങ്ങിയിട്ടുണ്ട്. ഉദാഹരണമായി ഒരിക്കല്‍ ബഹുദൈവ വിശ്വാസികളായ ഉന്നതരായ ഒരു സംഘത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു പ്രവാചകന്‍. അതിനിടയില്‍ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം അവിടെവന്ന് മത കാര്യങ്ങള്‍ പഠിപ്പിച്ചു തരണമെന്നാവശ്യപ്പെട്ടു. പക്ഷേ നബി(സ്വ) അപ്പോള്‍ ഉമ്മുമക്തൂമിനെ ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു. പൗര പ്രമുഖരായ അവര്‍ ഇസ്‌ലാം സ്വീകരിച്ചാലുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. പക്ഷേ അല്ലാഹു അദ്ദേഹത്തെ തിരുത്തിക്കൊണ്ട് എണ്‍പതാം അധ്യായത്തിലെ ആദ്യ പത്തു വചനങ്ങള്‍ അവതരിപ്പിച്ചു.  'അദ്ദേഹത്തിന്റെ അടുത്ത് ആ അന്ധന്‍ വന്നതിനാല്‍ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞു. നബിയേ, നിനക്കെന്തറിയാം? അയാള്‍ ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ'. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ, നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം? എന്നാല്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് നിന്റെ അടുക്കല്‍ ഓടിവന്നവനാകട്ടെ. അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു.''

സംഭവങ്ങളുടെ യാഥാര്‍ഥ്യം വ്യക്തമാക്കുക

മുസ്‌ലിം സമൂഹത്തില്‍ പ്രവാചക കാലത്തുണ്ടായ ചില സംഭവങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കി സംശയങ്ങള്‍ അകറ്റാന്‍ വേണ്ടിയും ഖുര്‍ആന്‍ വചനങ്ങളിറങ്ങിയിട്ടുണ്ട്. പ്രവാചകപത്‌നി ആയിശ(റ)യ്‌ക്കെതിരെയുണ്ടായ അപവാദ പ്രചാരണവും കോലാഹലങ്ങളും അവസാനിച്ചത് അല്ലാഹു ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിച്ചതോടു കൂടിയായിരുന്നു. അതാണ് സൂറത്തു നൂറിലെ 11-ാം വചനം. 'തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ടുവന്നവര്‍ നിങ്ങളില്‍ നിന്നുളള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്നു നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും അവന്‍ സമ്പാദിച്ച പാപം ഉണ്ടാകുന്നതാണ്. അവരില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തവനാരോ അവനാണ് ഭയങ്കര ശിക്ഷയുള്ളത് (24:11).

പശ്ചാത്തലമില്ലാതെ

സാമൂഹ്യ പ്രേരണയോ ജനങ്ങളുടെ ആവശ്യപ്പെടലോ ഇല്ലാതെ തന്നെയാണ് ഖുര്‍ആനിലെ ഭൂരിഭാഗം വചനങ്ങളും അല്ലാഹു ഇറക്കിയിട്ടുള്ളത്.  
 

ബൈത്തുല്‍ ഇസ്സയില്‍നിന്ന് ഘട്ടം ഘട്ടമായി ജിബ്‌രീല്‍(അ) മുഹമ്മദ് നബി(സ്വ)ക്ക് എത്തിച്ചുകൊടുത്തു. ഇതാകുന്നു ഖുര്‍ആന്‍ അവതാരണത്തിന്റെ അവസാന ഘട്ടം.  

Feedback
  • Saturday Jul 27, 2024
  • Muharram 20 1446