Skip to main content

മാനവര്‍ക്ക് മാര്‍ഗ ദര്‍ശനം

ഭൗതിക യാഥാര്‍ഥ്യങ്ങള്‍ക്ക് ഒരു മുഖമേയുള്ളൂ; വസ്തുതയിലും അനുഭവത്തിലും. വെള്ളം ഉദാഹരണമായി എടുക്കാം. വെള്ളത്തിന്റെ ഒഴുക്ക് എന്ന ഗതി, വെള്ളത്തിന്റെ ആകൃതി, ഖര-ദ്രാവക-വാതകാവസ്ഥകള്‍ തുടങ്ങിയവ ഏതു കാലത്തും മാറ്റമില്ലാത്ത യാഥാര്‍ഥ്യങ്ങളാണ്. ജലം രാസപരിണാമങ്ങള്‍ക്ക് വിധേയമാക്കി അപഗ്രഥിച്ചാല്‍ (anlysis) കിട്ടുന്ന ഘടകങ്ങള്‍ക്കും സ്ഥലകാല വ്യത്യാസമില്ല. തീ, കാറ്റ്, മണ്ണ്, ലോഹങ്ങള്‍ തുടങ്ങി സസ്യജീവജാലങ്ങളുടെ ശരീരഘടകങ്ങളും മറ്റും ഇങ്ങനെത്തന്നെ. ഇത്തരം കാര്യങ്ങള്‍ക്കാണ് ശാസ്ത്രം എന്ന് പൊതുവില്‍ പറയപ്പെടുന്നത്. മനുഷ്യര്‍ക്ക് നല്കപ്പെട്ട നൈസര്‍ഗികമായ കഴിവുകളും ചിന്താശേഷിയും കൊണ്ടുള്ള പഠന മനനങ്ങളിലൂടെ ഇവ കണ്ടെത്താം, പരിപോഷിപ്പിക്കാം.

മനുഷ്യധിഷണ കൊണ്ട് കണ്ടെത്താനാവാത്ത കാര്യങ്ങളാണ് ധാര്‍മികത എന്നു പറയുന്നത്. സത്യം, നീതി തുടങ്ങിയ മൂല്യങ്ങള്‍ ഉദാഹരണമായെടുക്കാം. സത്യവും അസത്യവും നീതിയും അനീതിയുമെല്ലാം ഓരോരുത്തരും അവനവന്റെ കാഴ്ച്ചപ്പാടിലൂടെയും താത്പര്യത്തിനനുസരിച്ചും ആവിഷ്‌കരിച്ചാല്‍ ആപേക്ഷികം മാത്രമേ ആയിത്തീരൂ. അങ്ങനെ വരുമ്പോള്‍ 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന കാട്ടുനീതിയായിരിക്കും നടപ്പിലാവുക. ഫലം അരാജകത്വമോ അധീശത്വമോ ആയിരിക്കും. അങ്ങനെ വന്നാല്‍ മനുഷ്യരാശിയുടെ നാശമായിരിക്കും സംഭവിക്കുക. ഇവിടെയാണ് മൂല്യങ്ങളുടെ പ്രസക്തി. മാനവിക മൂല്യങ്ങള്‍ കാലാതിവര്‍ത്തിയായി നിലനില്‌ക്കേണ്ടതാണ്. അതുകൊണ്ടു തന്നെയാണ് അവ മനുഷ്യന്‍ സ്വയം കണ്ടെത്തുന്നതിനു പകരം സ്രഷ്ടാവ് അത് നേരിട്ട് എത്തിച്ചു തരുന്നത്. അവയാണ് മത മൂല്യങ്ങള്‍ എന്നറിയപ്പെടുന്നത്. മതങ്ങളാകുന്ന മാനവിക മൂല്യങ്ങള്‍ തന്റെ ദൂതന്‍മാര്‍ വഴി അല്ലാഹു മനുഷ്യരെ പഠിപ്പിച്ചതാണ് എന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. 

ലോകത്ത് അനേകം മതങ്ങളുണ്ട്. അവയെല്ലാം തന്നെ ദൈവപ്രോക്ത സത്യങ്ങളാവാനാണ് സാധ്യത. പക്ഷേ, കാലക്രമത്തില്‍ മനുഷ്യര്‍ സ്വാര്‍ഥതയ്ക്കു വേണ്ടി കൈകടത്തല്‍ നടത്തി വികൃതമാക്കിയതാണ് അവ. എത്ര വികൃതമാക്കിയാലും സര്‍വരും അംഗീകരിക്കുന്ന ചില പൊതുമൂല്യങ്ങള്‍ എന്നും നിലനില്ക്കുന്നു. അതുകൊണ്ടാണല്ലൊ ഒരു കാര്യം തെറ്റാണ്, മഹാ കുറ്റമാണ് എന്നോ ഒരു കാര്യം മഹാദൗത്യമാണെന്നോ ലോകം അംഗീകരിക്കാന്‍ കാരണം. ഈ മൂല്യങ്ങള്‍ വച്ചു കൊണ്ടാണ് അന്താരാഷ്ട്രനിയമങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടത്. അംഗീകരിക്കാത്തതും മറികടക്കാന്‍ പഴുതന്വേഷിക്കുന്നതും മനുഷ്യന്റെ ധാര്‍ഷ്ട്യം കാരണമാണ്. അത് മാനവര്‍ക്ക് മാര്‍ദര്‍ശനമാണ്.

മാനവികതയുടെ സന്‍മാര്‍ഗം ദൈവികമായ മാര്‍ഗമാണ്. അതാണ് പ്രവാചകന്‍മാര്‍ മുഖേന മനുഷ്യരാശിക്കു ലഭിച്ചത്. വേദഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ഈ മൂല്യങ്ങളാണ്. ഇങ്ങനെ മനുഷ്യരിലേക്ക് സന്‍മാര്‍ഗം എത്തിച്ചു കൊടുക്കുന്ന സംവിധാനം പൂര്‍ത്തികരിച്ചു കൊണ്ട് അല്ലാഹു ഇറക്കിയ അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ലോകാന്ത്യം വരെ നിലനില്ക്കുന്നതുമാണ്.
 

Feedback