Skip to main content

അബൂ സുഫ്‌യാൻ ബിൻ ഹാരിസ്(റ)

മുഹമ്മദ് നബി(സ്വ)യുടെ പിതൃവ്യപുത്രനും അര്‍ധസഹോദരനുമാണെങ്കിലും മക്കാവിജയംവരെ ഇസ്‌ലാമിന്റെ കഠിനശത്രുവായിരുന്നു അല്‍മുഗീറ എന്ന് പേരുള്ള അബൂസുഫ്‌യാനുബ്‌നു ഹാരിസ്. പെട്ടെന്നൊരു ദിവസം വെളിപാടുപോലെ അദ്ദേഹത്തിന് മാനസാന്തരം വരികയും മകന്‍ ജഅ്ഫറിനെയും കൂട്ടി ഇസ്ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ നബിയെ കാണാന്‍ കുതിരപ്പുറത്ത് പുറപ്പെടുകയുമായിരുന്നു. 

അബവാ എന്ന സ്ഥലത്തെത്തിയപ്പോള്‍ വലിയൊരു സൈന്യത്തിന്റെ ആരവം കേള്‍ക്കാനായി.  മുഹമ്മദ് നബിയും സംഘവും മദീനയില്‍ നിന്ന് മക്ക കീഴടക്കാനായി വരികയാണെന്ന് ഇബ്‌നു ഹാരിസിന് മനസ്സിലായി. ഇസ്്‌ലാമിനെതിരെ വാളും നാവും ഉപയോഗിച്ച് നിരന്തരം ആക്രമണം അഴിച്ചുവിട്ട തന്നെ കാണുന്ന മാത്രയില്‍ കൊലപ്പെടുത്തണമെന്ന ഉത്തരവ് നബി(സ്വ) അനുചരന്മാര്‍ക്ക് നല്‍കിയിരുന്നു. ഇതറിയാവുന്ന അബൂസുഫ്‌യാനുബ്‌നു ഹാരിസ് തന്റെ മുന്നോട്ടുള്ള ഗമനം പന്തിയല്ലെന്ന് മനസ്സിലാക്കുകയും സൈനിക നീക്കം പതിയിരുന്ന് മനസ്സിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ കണ്ണില്‍പെടാതെ തിരുദൂതരുടെ മുന്നിലെത്തി തന്റെ ഇപ്പോഴത്തെ ഉദ്ദേശ്യം ബോധ്യപ്പെടുത്താമെന്ന ഉപായമാണ് അദ്ദേഹം ആലോചിച്ചത്. തുടര്‍ന്ന് വേഷം മാറി മുഖം മറച്ച് മകന്‍ ജഅ്ഫറിന്റെ കൈയും പിടിച്ച് ഇബ്‌നു ഹാരിസ് കൂറേദൂരം കാല്‍നടയായി സഞ്ചരിച്ചു. ഇതിനിടെ ഏതാനും സ്വഹാബിമാര്‍ക്കൊപ്പം പ്രവാചകന്‍ വരുന്നത് അദ്ദേഹം കണ്ടു. 

നബി(സ്വ) ഒരു സ്ഥലത്ത് ഇറങ്ങിയ തക്കത്തില്‍ മുഖം മറച്ച ഇബ്‌നു ഹാരിസ് നബി സന്നിധിയിലെത്തി മുഖംമൂടി നീക്കി. അദ്ദേഹത്തെ കണ്ട മാത്രയില്‍ പ്രവാചകന്‍ മുഖം തിരിക്കുകയാണ് ചെയ്തത്. ഇബ്‌നുഹാരിസ് വീണ്ടും മറുവശത്ത് എത്തുകയും മുഹമ്മദ് നബിയെ അഭിമുഖീകരിക്കുകയും ചെയ്തു. അപ്പോഴും പ്രവാചകന്‍ മുഖംതിരിച്ച് ഒഴിഞ്ഞുമാറി. ഈ സമയം ഇബ്‌നു ഹാരിസും മകന്‍ ജഅ്ഫറും ഉച്ചത്തില്‍ കലിമ ചൊല്ലുകയും പ്രവാചകനോട് തനിക്കെതിരെ പ്രതികാരം ചെയ്യരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. 

പ്രവാചകന്‍ അവര്‍ക്ക് മാപ്പുനല്‍കുകയും അലി(റ)യെ വിളിച്ച് ഇവര്‍ക്ക് വുളൂഉം സുന്നത്തും പഠിപ്പിച്ചുകൊടുക്കുവാനായി ആവശ്യപ്പെടുകയും അബൂസുഫ്‌യാന്റെ കാര്യത്തില്‍ പ്രവാചകന്‍ തൃപ്തനാണെന്ന് വിളിച്ചുപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നബിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ ഹാരിസിന്റെ മകനാണ് അബൂസുഫ്‌യാനുബ്‌നു ഹാരിസ്. നബി തിരുമേനിയുടെ മുലകുടി ചാര്‍ച്ചയിലെ സഹോദരനുമാണിദ്ദേഹം. ഉഹ്ദില്‍ മുശ്‌രിക്കുകളുടെ നേതാവായ അബൂസുഫ്‌യാനുബിന്‍ ഹര്‍ബ് അല്ല ഇദ്ദേഹം. ഇദ്ദേഹത്തിന്റെ സഹോദരന്മാരായ നൗഫല്‍, റബീഅ, അബ്ദുല്ല എന്നിവര്‍ നേരത്തെ തന്നെ മുസ്‌ലിംകളായിരു ന്നെങ്കിലും നീണ്ട ഇരുപത് വര്‍ഷത്തോളം ഇസ്ലാമിനെതിരെ വാളും നാവും ഉപയോഗിച്ച് അക്രമമഴിച്ചുവിട്ടയാളാണ് ഇബ്നു ഹാരിസ്. 

ബദ്ര്‍ യുദ്ധവേളയിലെ അത്ഭുത സംഭവങ്ങള്‍ നേരില്‍ കണ്ടെങ്കിലും തന്നിലെ ജാഹിലിയ്യത്തിന്റെ കാഠിന്യം കാരണം ഇബ്‌നുഹാരിസിന് നബിയില്‍ വിശ്വാസിക്കാനായില്ല. ഈ സംഭവം അബൂലഹബിന് ഇബ്‌നു ഹാരിസ് വിവരിച്ച് നല്‍കുന്നുണ്ട്. ''ദൈവം സത്യം, മുസ്ലിംകളോട് ഏറ്റുമുട്ടിയതും ഞങ്ങളെ യഥേഷ്ടം കൊല്ലാനും തടവുകാരാക്കാനും അവര്‍ക്ക് ഞങ്ങള്‍ പുറം കാണിച്ചുകൊടുക്കേണ്ടി വന്നു. ദൈവം സാക്ഷി, ഖുറൈശികളെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല, ആകാശത്തിന്റെയും ഭൂമിയുടെയും ഇടയിലായി കറുപ്പും വെളുപ്പും കലര്‍ന്ന നിറത്തോടു കൂടിയ കുതിരകളുടെ പുറത്തേറി ശുഭ്ര വസ്ത്രങ്ങളണിഞ്ഞ ചില മനുഷ്യരെ ഞങ്ങള്‍ കണ്ടു. ആ കുതിരകള്‍ കിടയറ്റവയും ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്താനാവാത്തവയുമായിരുന്നു.''

മലക്കുകള്‍ പ്രവാചകന്റെയും അനുചരന്മാര്‍ക്കുമൊപ്പം ബദ്ര്‍ യുദ്ധത്തില്‍ ശത്രുക്കള്‍ക്കെതിരെ പോരാടിയ കാര്യമാണ് ഇബ്‌നുഹാരിസ് വിശദീകരിക്കുന്നത്.

തന്റെ ഭൂതകാലത്തിന്റെ കറകള്‍ കഴുകിക്കളയാനും നഷ്ടം വീണ്ടെടുക്കാനുമായി അബൂസുഫ്യാനുബ്‌നു ഹാരിസ് ഇബാദത്തിലും ജിഹാദിലും മത്സരബുദ്ധിയോടെ വ്യാപൃതനായി. മക്കാവിജയ ശേഷമുണ്ടായ മുഴുവന്‍ യുദ്ധങ്ങളിലും അദ്ദേഹം നബി തിരുമേനിക്കൊപ്പം പങ്കെടുത്തു. ഹുനൈന്‍ യുദ്ധവേളയില്‍ മുസ്്‌ലിംകള്‍ ഒരു ഘട്ടത്തില്‍ പിന്തിരിഞ്ഞോടിയെങ്കിലും പ്രവാചകനോടൊപ്പം യുദ്ധമുഖത്ത് ഉറച്ചുനിന്ന് അടരാടിയ ചുരുക്കം സ്വഹാബിമാരുടെ കൂട്ടത്തില്‍ ഇബ്‌നു ഹാരിസയുമു ണ്ടായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാവാന്‍ പറ്റിയ അവസരമിതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പ്രവാചകന്റെ കുതിരയുടെ കടിഞ്ഞാന്‍ ഇടതു കയ്യില്‍ മുറുകെ പിടിച്ച് വലതു കയ്യില്‍ വാളുമേന്തി അദ്ദേഹം ശത്രുക്കളോട് ഏറ്റുമുട്ടി. ഇതിനകം ഓടിപ്പോയ മുസ്‌ലിംകളെല്ലാം തിരിച്ചെത്തി. യുദ്ധത്തിന്റെ പൊടിപലങ്ങളെല്ലാം നീങ്ങിയപ്പോഴും നബിയുടെ കുതിരയുടെ കടിഞ്ഞാന്‍ ഇടതുകയ്യിലേന്തി ഇബ്നു ഹാരിസ് നബിക്കൊപ്പമുണ്ടായിരുന്നു. ഇത് കണ്ട് സന്തോഷത്തോടെ പ്രവാചകന്‍ ഇങ്ങനെ മൊഴിഞ്ഞു: ''ആരിത്, എന്റെ സഹോദരന്‍ അബൂ സുഫ്യാനുബിന് ഹാരിസോ?'' എന്റെ സഹോദരന്‍ എന്ന ആ വിളിയില്‍ അഭിമാനചിത്തനായ അദ്ദേഹം നബിതിരുമേനിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

രക്തസാക്ഷിയാവണമെന്ന മോഹമുണ്ടായിരുന്നെങ്കിലും അബൂസുഫ്‌യാനുബിന്‍ ഹാരിസിന് അതിനുള്ള ഭാഗ്യമുണ്ടായില്ല. ബഖീഇല്‍ സ്വന്തം കുഴിമാടമൊരുക്കി മരണത്തെ കാത്തിരുന്ന ഇദ്ദേഹം മൂന്ന് ദിവസത്തിനകം രോഗബാധിതനായി മദീനയില്‍ മരിക്കുകയായിരുന്നു. നബി ജനിച്ച വര്‍ഷം ജനിക്കുകയും ഹിജ്‌റക്ക് ശേഷം 15-ാം വര്‍ഷം മരിക്കുകയും ചെയ്തു.

 

Feedback