Skip to main content

സിറിയ

48

വിസ്തീര്‍ണം : 185,180 ച.കി.മി
ജനസംഖ്യ : 18,564,000 (2016)
അതിര്‍ത്തികള്‍ : വടക്ക് തുര്‍ക്കി, തെക്ക് ജോര്‍ദാന്‍, കിഴക്ക് ഇറാഖ്, പടിഞ്ഞാറ് ലബനാന്‍, മധ്യധരണ്യാഴി
തലസ്ഥാനം : ദമസ്‌കസ്
മതം : ഇസ്‌ലാം
ഭാഷ : അറബി
നാണയം : സിറിയന്‍ പൗണ്ട്
വരുമാന മാര്‍ഗം : എണ്ണ, ഫോസ്‌ഫേറ്റ്, ഇരുമ്പ്, ബാര്‍ലി, പരുത്തി.
പ്രതിശീര്‍ഷ വരുമാനം : 5,040 ഡോളര്‍ (2010)

ചരിത്രം:
പില്‍ക്കാലത്ത് സിറിയ എന്നറിയപ്പെട്ട ശാം ഒരു കച്ചവട കേന്ദ്രമായിരുന്നു. അറബികള്‍ കച്ചവടച്ചരക്കുമായി കുടുതലും പോയിരുന്നത് ശാമിലേക്കു തന്നെ. തിരുനബി(സ)യുടെ പിതാവ് അബ്ദുല്ലയും പിന്നീട് നബി(സ)യും (പ്രവാചകത്വത്തിനു മുമ്പ്) ശാമിലേക്ക് ചരക്കുമായി പോയിട്ടുണ്ട്. ഈ ശാം പിന്നിട് മുസ്‌ലിംകള്‍ക്ക് കീഴില്‍ വന്നു, ഖലീഫ ഉമറി(റ)ന്റെ കാലത്ത്. ക്രി.വ635ല്‍ ഖാലിദും അബൂ ഉബൈദ(റ)യും നേതൃത്വം നല്കിയ സൈന്യം വഴി. ശാം തന്നെയാണ് സിറിയയാകുന്നത്. സിറിയ ഗവര്‍ണര്‍ മുആവിയ(റ)യായിരുന്നു. മുആവിയ പിന്നീട് അമവീ ഖിലാഫത്തിന്റെ സ്ഥാപകനായി, ദമസ്‌കസ് ഖിലാഫത്തിന്റെ തലസ്ഥാനവും. അബ്ബാസി ഖിലാഫത്ത് വരുന്നതുവരെയും ഇസ്‌ലാമിന്റെ ആസ്ഥാനം ഇതേ ദമസ്‌കസ് ആയിരുന്നു.

പൗരാണിക കാലം മുതല്‍ ഫിനീഷ്യരുടെയും അലക്‌സാണ്ടറുടെയും റോമാക്കാരുടെയും പടയോട്ടം കണ്ട ദമസ്‌കസ് പിന്നീട് കുരിശു പടയുടെയുംഅയ്യൂബി, മംലൂക്കി സൈന്യങ്ങളുടെയും രക്ത രൂഷിത യുദ്ധങ്ങള്‍ക്കും സാക്ഷിയായി. ഒടുവില്‍ തുര്‍ക്കി ഖിലാഫത്തിനു കീഴിലെത്തി. ഒന്നാം ലോക യുദ്ധത്തില്‍ ഖിലാഫത്ത് തകര്‍ന്നപ്പോള്‍ സിറിയ പോയത് ഫ്രഞ്ച് കൈകളിലേക്ക്.

സിറിയന്‍ ദേശീയവാദികളുടെ വീര സമരത്തിനു മുന്നില്‍ ഫ്രഞ്ച് പട പരാജയം സമ്മതിച്ചപ്പോള്‍, 1946ല്‍ സിറിയ സ്വതന്ത്രവുമായി (പഴയ ശാം പിന്നീട് നാല് രാജ്യങ്ങളായി മാറി - സിറിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ലബനാനിന്റെ ഒരു ഭാഗം തുര്‍ക്കിയിലേക്കും ചേര്‍ക്കപ്പെട്ടു).

സ്വാതന്ത്ര്യം ലഭിച്ചതോടെകനത്ത അഭ്യന്തര സംഘര്‍ഷങ്ങളിലേക്കാണ് ഈ ചരിത്ര ഭുമി തള്ളിയിടപ്പെട്ടത്. ഇസ്‌ലാമിസ്റ്റുകള്‍, ക്രൈസ്തവര്‍, അലവികള്‍, ഭൂസികള്‍ എന്നിവര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായി.

1961ല്‍ നൂറുദ്ദീന്‍ അത്താസിയും പിന്നീട് ഹാഫിസുല്‍ അസദും സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചു. ഏകപാര്‍ട്ടി ഭരണം നടത്തിയ ഹാഫിസ് അഞ്ചുതവണ തുടര്‍ച്ചയായി പ്രസിഡന്റായി, 2000ത്തില്‍ പുത്രന്‍ ബശ്ശാറുല്‍ അസദും. ഇതിനിടെ ഇസ്‌റാഈലുമായി നടന്ന യുദ്ധത്തില്‍ ജൂലാന്‍ കുന്നുകള്‍ സിറിയക്ക് നഷ്ടമായി.

ഇസ്‌റാഈലിന്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങളും 2011ലെ അറബ് വസന്തത്തെ തുടര്‍ന്നുള്ള ആഭ്യന്തര യുദ്ധങ്ങളും സിറിയയെ നരകതുല്യമാക്കി. സിറിയന്‍ സൈന്യവും പ്രതിപക്ഷത്തിന്റെ പിന്തുണയോടെ വിമതസേനയും നടത്തിയ ഏറ്റമുട്ടലുകളില്‍ 2017 ഒക്‌ടോബറിനകം നാലു ലക്ഷം പേരാണ് മരിച്ചു വീണത്. ഇതില്‍ 11,000 കുട്ടികളായിരുന്നു, 4.5 മില്യന്‍ പേര്‍ അഭയാര്‍ഥികളായി ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലഭയം തേടുകയും ചെയ്തു.

ജനസംഖ്യയില്‍87 ശതമാനം മുസ്‌ലിംകളാണ് (74% സുന്നികളും 13 ശതമാനം ശിആകളും). 10 ശതമാനമാണ് ക്രൈസ്തവര്‍, മൂന്ന് ശതമാനം പേര്‍ ദ്രുസികളാണ്. സുന്നികളില്‍ അറബ്, തുര്‍ക്കി, കുര്‍ദ് എന്നിവര്‍ ഉള്‍പ്പെടും. ഭരണം നടത്തുന്നത് ശീആ വിഭാഗത്തിലെ അലാവികളാണ്.
 

Feedback
  • Friday Jun 21, 2024
  • Dhu al-Hijja 14 1445