Skip to main content

അബൂബക്ര്‍ അല്‍ റാസി

ഇസ്‌ലാമിക ലോകം ജന്‍മം നല്കിയതില്‍ വച്ച് ഏറ്റവും പ്രശസ്തനായ ഭിഷഗ്വരനും നിരവധി വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവും ആധുനിക ലോകത്തിന്റെ വഴികാട്ടിയുമായിരുന്നു അബൂബക്കര്‍ മുഹമ്മദ് ബ്‌നു സകരിയ്യ അല്‍ റാസി എന്ന അബൂബക്കറുല്‍ റാസി. പാശ്ചാത്യ ലോകത്ത് റാസിസ് എന്ന പേരില്‍ പ്രശസ്തനായിരുന്ന അബൂബക്കറുല്‍ റാസി വൈദ്യശാസ്ത്രം, രസതന്ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളില്‍ നിര്‍ണായക സംഭാവനയര്‍പ്പിച്ച ശാസ്ത്രജ്ഞനാണ്. 

എ ഡി 865ല്‍ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാന് സമീപമുള്ള റയ്യ് എന്ന പ്രദേശത്താണ് ജനനം. ത്വബീബുല്‍ മുസ്‌ലിമീന്‍, അറബികളുടെ ഗാലന്‍, അറേബ്യന്‍ ഹിപ്പോക്രാറ്റിസ് എന്നീ വിശേഷണങ്ങളും റാസിക്കുണ്ട്. ഇന്ത്യന്‍, പേര്‍ഷ്യന്‍, ഗ്രീക്ക് വൈദ്യവിജ്ഞാനങ്ങളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു അദ്ദേഹത്തിന്. 

വൈദ്യശാസ്ത്രരംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ച ഇദ്ദേഹം 184 ഗ്രന്ഥങ്ങളും കുറെ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. 22 വാള്യങ്ങളുള്ള 'അല്‍ ഹാവി'യും പത്തു വാള്യങ്ങളുള്ള 'കിത്താബുല്‍ മന്‍സൂരി'യും ലോകോത്തര കൃതികളാണ്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു വ്യക്തി എഴുതിയ ഏറ്റവും വലിയ പുസ്തകമെന്നാണ് അല്‍ ഹാവിയെക്കുറിച്ച് പ്രശസ്ത ഓഫ്താല്‍മോളജിസ്റ്റായിരുന്ന മാക്‌സ് മേ ഹോക് അഭിപ്രായപ്പെട്ടത്. 1279ല്‍ ചാള്‍സ് ആഞ്ചോയ് ഒന്നാമന്റെ സംരക്ഷണത്തില്‍ സിസിലിയന്‍ ജൂത ഭിഷഗ്വരന്‍ ഫറാജുബ്‌നു സലീം അല്‍ ഹാവി ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. 'കോണ്‍ടിനന്‍' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം എ ഡി 1486നും 1542നും ഇടക്ക് പതിനഞ്ചു തവണ പുതിയ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വൈദ്യവിജ്ഞാന രംഗത്തെ വിജ്ഞാനകോശം തന്നെയായി കണക്കാക്കപ്പെട്ട ഗ്രന്ഥമാണിത്. ഗ്രീക്ക്, പേര്‍ഷ്യന്‍, ഹൈന്ദവ കാലഘട്ടങ്ങളിലെ വൈദ്യശാസ്ത്രത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചും അറബികള്‍ക്കുണ്ടായിരുന്ന അറിവും അവര്‍ സ്വയം നല്കിയ സംഭാവനകളും വിവരിക്കുന്നതാണ് ഈ ഗ്രന്ഥം.

വസൂരി രോഗത്തെക്കുറിച്ചും അഞ്ചാം പനിയെക്കുറിച്ചും ആദ്യമായി ആധികാരികമായി വിവരിച്ചത് റാസിയാണ്(അല്‍ ജുദരി വല്‍ ഹസ്ബ). ശസ്ത്രക്രിയയില്‍ ആദ്യമായി തുന്നല്‍ നൂലായി സില്‍ക്ക് ഉപയോഗിച്ചതും വെളിച്ചത്തോടുള്ള കുട്ടികളുടെ പ്രതികരണത്തെ കാഴ്ചയുടെ തെളിവായി അംഗീകരിച്ചതും ഇദ്ദേഹമാണ്. ശസ്ത്രക്രിയയില്‍ കത്തിക്കു പകരം പൊള്ളിക്കല്‍ വിദ്യ ഉപയോഗിച്ചതും അനസ്‌തേഷ്യ എന്ന സങ്കല്പം മുന്നോട്ടു വച്ചതും സ്പിരിറ്റിനെ ആന്റിസെപ്റ്റിക് ആയി ഉപയോഗിച്ചതും റാസിയായിരുന്നു. വൈദ്യശാസ്ത്രത്തെ തത്വശാസ്ത്രവുമായി ഇദ്ദേഹം ബന്ധിപ്പിച്ചു. ശരിയായ ചികിത്സയ്ക്ക് സ്വതന്ത്രമായ ചിന്ത വേണമെന്ന അഭിപ്രായമായിരുന്നു റാസിക്ക്.

ആസ്പത്രികള്‍ സ്ഥാപിക്കുന്നതിന് അണുവിമുക്ത മേഖല കണ്ടെത്താനായി റാസി ബഗ്ദാദ് പട്ടണത്തിന്റെ പല സ്ഥലങ്ങളിലും മാംസം കെട്ടിത്തൂക്കി. ഇതില്‍ ഏറ്റവും അവസാനം അണുബാധ ഉണ്ടാവുന്ന സ്ഥലം ആസ്പത്രി നിര്‍മാണത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു അദ്ദേഹം. ശസ്ത്രക്രിയക്ക് അടിത്തറയിടുകയും അതിനായി സെറ്റോണ്‍ കണ്ടുപിടിച്ചതും റാസിയായിരുന്നു.  ശിശുരോഗചികിത്സയെ സ്വതന്ത്ര വിഭാഗമാക്കി മാറ്റിയ റാസി ശിശുരോഗവൈദ്യത്തിന്റെ പിതാവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ബഗ്ദാദിലെ പ്രസിദ്ധമായ ആസ്പത്രിയിലെ ചീഫ് ഫിസിഷ്യനായിരുന്നു അദ്ദേഹം. സള്‍ഫ്യൂരിക് ആസിഡ് കണ്ടുപിടിച്ചതിന്റെ പേരില്‍ ആല്‍ക്കെമിസ്റ്റ് എന്ന വിശേഷണത്തിനും ഇദ്ദേഹം അര്‍ഹനായി. 'ശുകുക് അലാ അലി നിസോര്‍' (ഗാലനെക്കുറിച്ചുള്ള സംശയം) എന്ന തന്റെ കൃതിയില്‍ ഗാലന്റെ നിരവധി അവകാശവാദങ്ങളെ ഇദ്ദേഹം തള്ളിക്കളയുന്നുണ്ട്. ശരീരത്തില്‍ നാലു തരം വ്യത്യസ്ത ഹ്യൂമറുകളുണ്ടെന്നും അവയുടെ സന്തുലനമാണ് ആരോഗ്യത്തിന്റെ താക്കോല്‍ എന്നുമായിരുന്നു ഗാലന്റെ സിദ്ധാന്തം. ചൂടുള്ള പാനീയം കുടിച്ചാല്‍ ശരീരം അതിന്റെ സ്വാഭാവിക താപത്തെക്കാള്‍ കുറച്ചുകൂടി താപനിലയില്‍ എത്തുമെന്ന് നിരീക്ഷിച്ച റാസി അതു മുഖേന അരിസ്റ്റോട്ടിലിന്റെ നാലു ഭൂതങ്ങള്‍ എന്ന സിദ്ധാന്തത്തെയും നിരാകരിച്ചു. 
113 ബൃഹദ് ഗ്രന്ഥങ്ങളും 28 ചെറു ഗ്രന്ഥങ്ങളും റാസി രചിച്ചിട്ടുണ്ട്. ഇതില്‍ പന്ത്രണ്ടെണ്ണം രസതന്ത്രവിഷയങ്ങളാണ്. ഇതില്‍ 'കിതാബുല്‍ അസ്‌റാര്‍' (രഹസ്യങ്ങളുടെ ഗ്രന്ഥം) അല്‍ക്കെമിയില്‍ വളരെ പ്രശസ്തമാണ്. പ്രഗത്ഭ പരിഭാഷകനായ ജെറാഡ് ഓഫ് ക്രിമോണ ഈ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും യൂറോപ്പിന്റെ ശാസ്ത്രപുരോഗതിക്ക് ഇത് അടിത്തറ പാവുകയും ചെയ്തു.

'ഡിസ്പിരിറ്റിബസ് എറ്റ് കോര്‍പോറിബസ്' എന്ന ഈ ലാറ്റിന്‍ ഗ്രന്ഥമാണ് യൂറോപ്യര്‍ ആദരിക്കുന്ന ശാസ്ത്രപിതാവായ റോജര്‍ ബേയ്കണ്‍ തന്റെ പഠനത്തിന് അടിസ്ഥാനമായി സ്വീകരിച്ചത്. എ ഡി പതിനഞ്ചാം നൂറ്റാണ്ടിന്റെ എട്ടാം ശതകത്തില്‍ റാസി പേര്‍ഷ്യയില്‍ ജീവിക്കുന്ന കാലത്ത് എഴുതിയ പത്ത് വാല്യങ്ങള്‍ അടങ്ങിയ 'കിതാബുല്‍ മന്‍സൂരി' എന്ന സ്മരണികാ ഗ്രന്ഥം ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും 'ലിബര്‍ അല്‍ മന്‍സോറീസ്' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. പല ഭാഗങ്ങളും പില്‍ക്കാലത്ത് ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു.

റാസിയുടെ ഗ്രന്ഥങ്ങളെല്ലാം വെനീസില്‍ വച്ച് ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടതു നിമിത്തം ഇസ്‌ലാമിക ലോകത്തു മാത്രമല്ല, മധ്യകാല നൂറ്റാണ്ടുകളില്‍ യൂറോപ്പ് മുഴുവന്‍ അദ്ദേഹത്തിന്റെ കീര്‍ത്തി പരന്നു.

എ ഡി 925ലാണ് റാസി ശാസ്ത്രലോകത്തെ തുല്യതയില്ലാത്ത ചിന്തകനും ഭിഷഗ്വരനുമെന്ന ഖ്യാതി ബാക്കിയാക്കി ഈ ലോകത്തോടു വിടപറഞ്ഞത്.

Feedback