Skip to main content

ഇബ്‌നു നഫീസ്

വൈദ്യശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, അനാട്ടമിസ്റ്റ്, ഫിസിയോളജിസ്റ്റ്, സര്‍ജന്‍, ഓഫ്താല്‍മോളജിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രസിദ്ധനാണ് അലീ ഇബ്‌നു അബീ ഹസ്മുല്‍ ഖുറശ് എന്ന ഇബ്‌നു നഫീസ്.

ശ്വാസകോശങ്ങളുടെയും ശ്വസനനാളങ്ങളുടെയും ഘടന കൃത്യമായി നിര്‍ണയിച്ച ആദ്യത്തെ ജീനിയസ്സാണ് ഇബ്‌നു നഫീസ്. ഇദ്ദേഹം മുന്നോട്ടുവച്ച ശ്വാസകോശ രക്തചംക്രമണ സിദ്ധാന്തം ഫിസിയോളജിക്കല്‍ വൈദ്യശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടത്തിന് കാരണമായി. പൂര്‍വ്വികരില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കുലേറ്ററി ഫിസിയോളജിയില്‍ വിപ്ലവകരമായ കൊറോണറി സിദ്ധാന്തവും സൂക്ഷ്മകുഴല്‍ രക്തചംക്രമണം എന്ന തത്വവും ഇബ്‌നു നഫീസ് വിശദീകരിച്ചു. 

ദമസ്‌കസിലെ അല്‍ ഖുറാസിയ്യയില്‍ 1213ല്‍ ജനനം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തുര്‍ക്കി രാജകുമാരന്‍ നൂറുദ്ദീന്‍ മഹ്മൂദ് ബ്‌നു സങ്കി സ്ഥാപിച്ച നൂറി ആസ്പത്രിയില്‍ വൈദ്യശാസ്ത്രം പഠിച്ചു. അരിസ്റ്റോട്ടില്‍, ഗാലന്‍, ഇബ്‌നു സീന എന്നിവരുടെ ഭ്രൂണശാസ്ത്ര വിശദീകരണങ്ങളെ ഇദ്ദേഹം വിമര്‍ശിച്ചു. വൈദ്യശാസ്ത്രത്തിലെ അദ്വിതീയനായ ഇബ്‌നു സീനയുടെ 'അല്‍ ഖാനൂന്‍ ഫി ത്വിബ്' എന്ന ഗ്രന്ഥത്തിന് ഇബ്‌നു നസീഫ് എഴുതിയ വ്യാഖ്യാനം പത്തു വാള്യങ്ങളുള്ള ബൃഹത്തായൊരു ഗ്രന്ഥമാണ്. നേത്രരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 'അല്‍ മുഅദ്ദബ് ഫില്‍ കുഹ്ല്‍' എന്ന ഗ്രന്ഥവും വൈദ്യശാസ്ത്ര വിജ്ഞാന കോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'അശ്ശമീല്‍ ഫി ത്വിബ്' എന്ന ഗ്രന്ഥവും വൈദ്യശാസ്ത്രത്തിലെ മഹത്തായ സംഭാവനകളാണ്. അശ്ശമീല്‍ ഫി ത്വിബിന് മുന്നൂറ് വാള്യങ്ങള്‍ക്കുള്ള കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഈ ഗ്രന്ഥത്തിന്റെ വ്യാപ്തിയും മഹത്വവും ഊഹിക്കാവുന്നതേയുള്ളൂ.

ഇബ്‌നു നഫീസിന്റെ വൈദ്യശാസ്ത്ര നോവല്‍ 'അര്‌രിസാല അല്‍ കാമിലിയ ഫില്‍ സിയരി അല്‍ നബവിയ്യ'. ബയോളജി, കോസ്‌മോളജി, എംപീരിസിസം, എപിസ്റ്റമോളജി, ഫ്യൂച്ചറോളജി, ജിയോളജി, ഇസ്‌ലാമിക് എസ്‌കറ്റോളജി, സൈക്കോളജി തുടങ്ങിയവ പ്രമേയം. ശാസ്ത്ര തത്വ മത വീക്ഷണങ്ങളുടെ ആവിഷ്‌കാരമാണ് ഈ നോവല്‍. ഇംഗ്ലീഷില്‍ ഇത് 'തിയോലൊഗസ് ഓട്ടോഡിഡാക്ടസ്' (Theologus Autodidactus) എന്ന് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

1288 ഡിസംബര്‍ 17ന് കെയ്‌റോയില്‍ വച്ച് മരിച്ചു.

Feedback