Skip to main content

അല്‍ ഫാറാബി

അരിസ്റ്റോട്ടിലിന്റെ ചിന്തകളെ അറബ് ലോകത്തിന് പരിചയപ്പെടുത്തുകയും നൂറിലേറെ ഗ്രന്ഥങ്ങളെഴുതുകയും ചെയ്ത് കാലത്തിനു മുമ്പേ നടന്ന തത്വചിന്തകന്‍. അരിസ്‌റ്റോട്ടിലിനു ശേഷം വന്ന ഏറ്റവും വലിയ തത്വജ്ഞാനിയെന്ന നിലയില്‍ ഫാറാബിയെ ദ്വിതീയാചാര്യന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു.

തത്വചിന്തകനും യവനചിന്തകളുടെ വ്യാഖ്യാതാവുമാണ് അല്‍ ഫാറാബി. ശരിയായ പേര് മുഹമ്മദുബ്‌നു മുഹമ്മദിബ്‌നി തര്‍ഖാനിബ്‌നി ഔസല്‍ഗ്. ഫാറാബി എന്നറിയപ്പെടുന്നു. പിതാവായ മുഹമ്മദുബ്‌നു തര്‍ഖാന്‍ തുര്‍കീ വംജനായ സേനാനായകനായിരുന്നു. തുര്‍കിസ്താനിലെ ഫാറാബ് ജില്ലയിലെ വസീജ് എന്ന സ്ഥലത്ത് ജനിച്ചു. ഫാറാബിയിലേക്ക് ചേര്‍ത്താണ് അല്‍ഫാറാബി എന്നറിയപ്പെട്ടത്. ജനനത്തിയ്യതി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മരണം 339/950ലാണ്. മരിക്കുമ്പോള്‍ 80നോടടുത്ത് പ്രായമുണ്ടായിരുന്നു. അതിനാല്‍ ജനനം ഏതാണ്ട് 258/870ല്‍ ആയിരിക്കുമെന്ന് കരുതപ്പെടുന്നു.

കുട്ടിക്കാലത്ത് ജന്മസ്ഥലം വിട്ട് പിതാവിനൊപ്പം അന്നത്തെ വിജ്ഞാനകേന്ദ്രമായിരുന്ന ബഗ്ദാദിലേക്ക് പോയി. വിദ്യാഭ്യാസാനന്തരം ഹലബില്‍ ഹംദാനീ ഭരണാധികാരിയായ സൈഫുദ്ദൗലയുടെ സദസ്സില്‍ ചേര്‍ന്നു. ആ സംഘത്തില്‍ പ്രശസ്ത കവി മുതനബ്ബിയുമുണ്ടായിരുന്നു. സൈഫുദ്ദൗലയെ അനുഗമിച്ച് ദമസ്‌കസിലെത്തുകയും അവിടെ 20 വര്‍ഷത്തോളം കഴിച്ചുകൂട്ടുകയും ചെയ്തു. പിന്നീട് അവിടം വിട്ടു. മരണം വരെ സത്യാന്വേഷിയായി ജീവിതം നയിച്ചു. ഒരു കലാപകാലത്ത് ബഗ്ദാദില്‍ നിന്ന് ഹലബിലേക്കും അവിടെ നിന്ന് ദമസ്‌കസിലേക്കും യാത്ര ചെയ്യവേയാണ് വധിക്കപ്പെടുന്നത്. അവസാന നാളുകളില്‍ സ്വൂഫി രീതിയാണ് സ്വീകരിച്ചിരുന്നത്. കൂര്‍മബുദ്ധിയായിരുന്നു ഫാറാബിയുടെത്. ലൗകിക വിരക്തനും ശാന്തപ്രകൃതനുമായ അദ്ദേഹം ധാരാളം ചിന്തിച്ചു. 

പ്രധാന ഗുരു ക്രിസ്ത്യാനിയായ യൂഹന്നാനുബ്‌നു ഹൈലാനായിരുന്നു. അക്കാലത്തെ യവനതത്വശാസ്ത്രവിശാരദനായിരുന്ന അബുല്‍ബിശ്ര്‍ മത്തായിയില്‍ നിന്നും ഫാറാബി പഠിച്ചിരിക്കണം. ഒരൊറ്റ ആചാര്യനാല്‍ മാത്രം തൃപ്തിപ്പെടുന്ന വിദ്യാര്‍ഥിയായിരുന്നില്ല അദ്ദേഹം. അബൂബക്‌രിബ്‌നു സര്‍റാജില്‍ നിന്ന് വ്യാകരണം പഠിച്ചു. ഇബ്‌നുസര്‍റാജിന് തര്‍ക്കശാസ്ത്രം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. ദാര്‍ശനിക വിഷയങ്ങളും ഗണിതവിജ്ഞാനീയങ്ങളും വൈദ്യവും ഖാദീ സ്വാഇദില്‍ നിന്നും അഭ്യസിച്ചു. 

അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നതിന് മുമ്പേ അവ എഡിറ്റ് ചെയ്തതിന്റെ കീര്‍ത്തി ഫാറാബിക്കുള്ളതാണ്. ഏതൊക്കെ ഗ്രന്ഥങ്ങളാണ് അരിസ്‌റ്റോട്ടിലിന്‍േറതെന്നും അവ ഏതേതു വിഷയങ്ങളിലുള്ളതാണെന്നും വക തിരിച്ചതും ഫാറാബി തന്നെ. ഫാറാബി സ്വീകരിച്ച മാതൃക തന്നെയാണ് യൂറോപ്യന്‍ ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്തവരും സ്വീകരിച്ചത്. അവ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത മിക്കവരും ഫാറാബിയുടെ ശിഷ്യന്‍മാരാണ്. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ താഴെ പറയും വിധം ഫാറാബി തരംതിരിച്ചു.

1.തര്‍ക്കശാസ്ത്രത്തിലെ എട്ടു ഗ്രന്ഥങ്ങള്‍. 2. ഭൗതികതത്വശാസ്ത്രത്തിലെ എട്ടു ഗ്രന്ഥങ്ങള്‍. 3. അതിഭൗതികം, സദാചാരം, രാഷ്ട്രീയം എന്നീ വിഷയങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങള്‍. 
സവിശേഷമായ ഒരു പ്രപഞ്ചവീക്ഷണം ഫാറാബി ആവിഷ്‌കരിച്ചിട്ടുണ്ട്. ദൈവവിഭാവന, ദശബുദ്ധിസിദ്ധാന്തം എന്നിവ ഉള്‍ക്കൊള്ളുന്നതാണത്. ''അവശ്യംഭവനും തനതായ ഗുണവിശേഷണങ്ങളുടെ ഉടമയുമായ അല്ലാഹുവിന്റെ ആത്മപ്രസരണം വഴി ഒന്നുമുതല്‍ 10 വരെയുള്ള ബുദ്ധികള്‍ ജന്‍മം കൊള്ളുകയും അവയില്‍ നിന്ന് മനുഷ്യനടക്കമുള്ള ചേതനവും അചേതനവുമായ വസ്തുക്കളും ജീവികളും ഉടലെടുക്കുകയും ചെയ്യുന്നു'' എന്നതാണ് ഫാറാബിയുടെ പ്രപഞ്ച സങ്കല്‍പം. ഓരോ അസ്തിത്വവും ഫാറാബിയുടെ വീക്ഷണത്തില്‍ ഒന്നുകില്‍ 'അവശ്യം' അതല്ലെങ്കില്‍ 'സംഭവ്യം' ആണ്. മൂന്നാമത് ഒരിനമില്ല. ഇതാണ് ഫാറാബിയുടെ ദൈവസങ്കല്‍പം.

ഗ്രന്ഥങ്ങള്‍:

നൂറിലധികം ഗ്രന്ഥങ്ങള്‍ ഫാറാബി രചിച്ചതായി കരുതപ്പെടുന്നു. അവയില്‍ പലതും ഇന്ന് ലഭ്യമല്ല. ചില ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ ഗ്രന്ഥാലയങ്ങളില്‍ ലഭ്യമാണ്. അറബിയില്‍ ലഭ്യമാകുന്നവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്. ഫുസ്വൂലുല്‍ മസാഇല്‍, രിസാലതുന്‍ ഫില്‍ മന്‍ത്വിഖ്, രിസാലതുന്‍ ഫില്‍ ഖിയാസ്, രിസാലതുന്‍ ഫീ മാഹിയതിര്‍റൂഹ്, മബാദിഉ ആറാഇ അഹ്‌ലില്‍ മദീനതില്‍ ഫാദില, അസ്സിയാതുല്‍ മദനിയ്യ, അസ്സീറുതുല്‍ ഫാദില, ഗണിതം, രസതന്ത്രം, സംഗീതം തുടങ്ങിയവയില്‍ ഒമ്പതു ഗ്രന്ഥങ്ങളുടെ സഞ്ചയം. വ്യത്യസ്ത വിഷയങ്ങളില്‍ ഒമ്പതു ഗ്രന്ഥങ്ങളുടെ സഞ്ചയം. ഫാറാബിയുടെ ഗ്രന്ഥങ്ങളില്‍ മിക്കവയും അരിസ്‌റ്റോട്ടിലിന് ടിപ്പണിയും വ്യാഖ്യാനവും നിരൂപണവുമൊക്കെയാണെന്നാണ് ഫാറാബിയെപ്പറ്റിയുള്ള പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാവുന്നത്. അദ്ദേഹത്തിന്റെതായി 17 ടീകകളും 60 സ്വതന്ത്ര ഗ്രന്ഥങ്ങളും 25 ലേഖനങ്ങളുമുണ്ട്. സംഗീതശാസ്ത്രത്തില്‍ ഫാറാബിയുടെ രണ്ട് ഗ്രന്ഥങ്ങളുണ്ട്. ഒരു സംഗീതോപകരണം പുതുതായി നിര്‍മിച്ചു. സിതാര്‍ (ഖാനൂന്‍) പോലുള്ള ഒരു തന്ത്രിവാദ്യം. ഫാറാബിയുടെ ശിഷ്യന്‍മാരില്‍ ഒരാളാണ് സകരിയ്യാ യോഹന്നാനുബ്‌നു അദിയ്യ് എന്ന ക്രിസ്ത്യന്‍ പണ്ഡിതന്‍. 

Feedback