Skip to main content

ഇബ്‌നു സീരീന്‍

താബിഈ പണ്ഡിതന്‍, പ്രശസ്തനായ ഹദീസ് നിവേദകന്‍, കര്‍മശാസ്ത്രകാരന്‍ എന്നീ നിലകളിലും വിശ്രുതനായിരുന്നു. ശരിയായ പേര് അബൂബക്ര്‍ മുഹമ്മദുബ്‌നു സീരീനില്‍ അന്‍സ്വാരി. 654ല്‍ (ഹിജ്‌റ 34) ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് ജനിച്ചു. പ്രശസ്ത പണ്ഡിതന്‍ ഹസനുല്‍ ബസ്വരിയുടെ സമകാലികനും സ്‌നേഹിതനുമായിരുന്നു. 

ജര്‍ജറായയിലെ ഒരു മൂശാരിയായിരുന്നു പിതാവ് സീരീന്‍. ഹി. 12ല്‍ നടന്ന ഐനുത്തംറ് യുദ്ധത്തില്‍ ഖാലിദുബ്‌നുല്‍ വലീദ് ഇദ്ദേഹത്തെ തടവിലാക്കി. പിന്നീട് പ്രമുഖ സ്വഹാബി അനസുബ്‌നു മാലികിന്റെ അടിമയായിത്തീര്‍ന്നുവെങ്കിലും ഖലീഫ ഉമറിന്റെ നിര്‍ദേശ പ്രകാരം സ്വതന്ത്രനാക്കപ്പെട്ടു. ഇബ്‌നുസീരീന്റെ മാതാവ് സ്വഫിയ്യ ഖലീഫ അബൂബക്ര്‍ സിദ്ദീഖി(റ)ന്റെ മോചിത അടിമയായിരുന്നു. ഇവരുടെ മയ്യിത്ത് കുളിപ്പിച്ചത് നബിയുടെ മൂന്ന് പത്‌നിമാരായിരുന്നുവെന്നതും മയ്യിത്ത് നമസ്‌കാരത്തില്‍ ബദ്ര്‍യോദ്ധാക്കളായ 80 സ്വഹാബികള്‍ പങ്കെടുത്തുവെന്നതും ജനങ്ങള്‍ക്കിടയില്‍ അവര്‍ നേടിയ ബഹുമാനാദാരങ്ങളെ സൂചിപ്പിക്കുന്നു.

വസ്ത്ര വ്യാപാരിയായിരുന്നു ഇബ്‌നുസീരീന്‍. പക്ഷേ അതുകൊണ്ട് ഏറെയൊന്നും സമ്പാദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കടക്കാരനായിട്ടാണ് മരിച്ചത്. അനസ്ബുനു മാലികിന്റെ സെക്രട്ടറിയായി കുറച്ചു കാലം ഇബ്‌നു സീരീന്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. താന്‍ മരിച്ചാല്‍ മയ്യിത്ത് സംസ്‌കരിക്കുന്നതും നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്നതും ഇബ്‌നുസീരീന്‍ ആയിരിക്കണമെന്ന് അനസ് വസ്വിയ്യത് ചെയ്തിരുന്നു. അനസ് മരിക്കുമ്പോള്‍, കച്ചവടത്തിലെ സത്യസന്ധതയുടെ പേരില്‍ ഉണ്ടായ ഒരു കടം ഇടപാടിന്റെ പേരില്‍ ഇബ്‌നുസീരീന്‍ ജയിലിലായിരുന്നു. എങ്കിലും അനസിന്റെ വസ്വിയ്യത് നിറവേറ്റാനായി ഒരു ദിവസത്തേക്ക് അദ്ദേഹത്തിന് ജയില്‍മോചനം നല്‍കുകയുണ്ടായി. മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നല്കിയ ശേഷം കുടുംബത്തെപോലും സന്ദര്‍ശിക്കാതെ നേരെ ജയിലിലേക്ക് പോകുകയായിരുന്നു അദ്ദേഹം.

ഹദീസ് നിവേദകനെന്ന നിലയിലെ വിശ്വാസ്യത

ദൈവഭക്തി, ജീവിത വിശുദ്ധി, ഭൗതിക വിരക്തി തുടങ്ങിയ ഗുണങ്ങള്‍ മൂലം ഇബ്‌നുസീരീന്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ വിശ്വാസവും ആദരവും നേടിയിരുന്നു. അദ്ദേഹത്തിന്റെ ഹദീസ് നിവേദനങ്ങളുടെ വിശ്വാസ്യത എല്ലാവരും ഏകസ്വരത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇബ്‌നു ഖല്ലികാന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം സവിസ്തരം വിവരിച്ചിട്ടുണ്ട്. ഇബ്‌നു സഅദ് തന്റെ അത്ത്വബഖാതുല്‍ കുബ്‌റായില്‍ നിരവധി പേജുകളാണ് അദ്ദേഹത്തിനു വേണ്ടി നീക്കിവെച്ചിട്ടുള്ളത്. ജീവിതത്തിന്റെ ഓരോ തുറകളിലും അദ്ദേഹം പുലര്‍ത്തിയിരുന്ന ഭക്തിയും സൂക്ഷ്മതയും ഇബ്‌നു സഅ്ദ് ഉദ്ധരിക്കുന്ന വിവിധ സംഭവങ്ങളില്‍ നിന്ന് വ്യക്തമാകും.

ഹദീസ് നിവേദകരുടെ രണ്ടാം തലമുറയിലാണ് ഇബ്‌നുസീരീന്റെ സ്ഥാനം. അനസുബ്‌നു മാലിക്, അബൂഹുറയ്‌റ, സൈദുബ്‌നു ഥാബിത്, അബ്ദുല്ലാഹിബ്‌നുസുബൈര്‍, സുലൈമാനുബ്‌നു ഹുസൈന്‍, ഹസനുബ്‌നു അലി, അദിയ്യുബ്‌നു ഹാതിം, സുലൈമാനുബ്‌നു ആമിര്‍, ഉമ്മു അത്വിയ്യ തുടങ്ങിയ ഒട്ടേറെ സ്വഹാബികളില്‍ നിന്ന് അദ്ദേഹം ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ശഅ്ബി, അയ്യൂബ്, ഖതാദ, സുലൈമാനുത്തമീമി തുടങ്ങിയ താബിഉകള്‍ അദ്ദേഹത്തില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.

അനസുബ്‌നു മാലികിന്റെ മരണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഹിജ്‌റ 110ല്‍ (ക്രി.729) അദ്ദേഹം മരണമടഞ്ഞു.

Feedback