Skip to main content

അലിബ്‌നു അബ്ബാസ് അല്‍ മജൂസി

ഹാലി അബ്ബാസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം പത്താം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന വിശ്വവിഖ്യാതനായ വൈദ്യശാസ്ത്രജ്ഞനാണ്. അല്‍ മജൂസി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ 'കിതാബ് അല്‍ കാമില്‍' (ദി കംപ്ലീറ്റ് ബുക് ഓഫ് മെഡിക്കല്‍ ആര്‍ട്ട്) എന്ന ഗ്രന്ഥം വൈദ്യശാസ്ത്ര രംഗത്ത് ലോകപ്രശസ്തമാണ്. മരുന്നുകളെക്കുറിച്ചും മനഃശാസ്ത്രത്തെക്കുറിച്ചുമുള്ള സര്‍വവിജ്ഞാന കോശമായി ഈ ഗ്രന്ഥത്തെ കരുതുന്നുണ്ട്. 

ഇബ്‌നു സീനയുടെ അല്‍ കാനൂനു ഫിത്വിബ്ബിനെ(കാനന്‍ ഓഫ് മെഡിസിന്‍)ക്കാളും അല്‍ റാസിയുടെ 'ഹാവി'യെക്കാളും വൈദ്യശാസ്ത്ര രംഗത്ത് കൂടുതല്‍ പ്രായോഗികമായ ഗ്രന്ഥമെന്ന നിലയിലാണ് ഇതിനെ കാണുന്നത്.  20 വ്യത്യസ്ത ഭാഗങ്ങളായുള്ള ഈ വൈദ്യശാസ്ത്രഗ്രന്ഥം ആദ്യത്തെ പത്ത് ഭാഗങ്ങള്‍ സൈദ്ധാന്തിക തലത്തിലും പിന്നീടുള്ള പത്ത് ഭാഗങ്ങള്‍ പ്രായോഗിക തലത്തിലുമാണ് വിശദീകരിക്കപ്പെടുന്നത്. ചോസറുടെ 'പ്രൊലോഗി'ല്‍ ഹാലിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഔഷധങ്ങളുടെ ഗുണവശങ്ങള്‍, ഭക്ഷണം, പോഷകാഹാരം തുടങ്ങിയവയാണ് ഇതിലെ പ്രതിപാദ്യം. 

മനുഷ്യശരീരത്തിലെ കേപിലാര വ്യവസ്ഥയുടെ അടിസ്ഥാന സങ്കല്പവും പ്രസവ സമയത്ത് ഗര്‍ഭപാത്രത്തിനകത്ത് സംഭവിക്കുന്ന പ്രതിഭാസങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൃത്യമായി വിവരിക്കുന്ന ഗ്രന്ഥമാണിത്. പ്രസവസമയത്ത് കുഞ്ഞ് സ്വമേധയാ പുറത്തേക്ക് വരികയല്ലെന്നും മാതാവിന്റെ ഗര്‍ഭാശയ അസ്ഥികളുടെ സങ്കോച ഫലമായാണ് ഗര്‍ഭസ്ഥ ശിശു പുറത്തേക്കു വരുന്നതെന്നും അലി അബ്ബാസ് ഈ ഗ്രന്ഥത്തില്‍ തെളിവു സഹിതം വിശദീകരിക്കുന്നു. 1087ല്‍ ഈ ഗ്രന്ഥം ലേബര്‍ പെന്റഗ്ണി എന്ന പേരില്‍ കോണ്‍സ്റ്റാനസ് ആഫ്രിക്കാനസ് എന്ന ശാസ്ത്രജ്ഞന്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1127ല്‍ സ്റ്റീഫന്‍ ഓഫ് ആന്റിയോക് വിവര്‍ത്തനം ചെയ്യുകയും 1492ല്‍ വെനീസില്‍ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട ആതുരശുശ്രൂഷാ സദാചാരത്തിന്റെ ആവശ്യകതയെ ആദ്യമായി ചൂണ്ടിക്കാണിച്ചതും ഇദ്ദേഹമാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള സുഖകരമായ ബന്ധം നിലനിര്‍ത്തേണ്ടത് വൈദ്യശാസ്ത്ര രംഗത്ത് അത്യാവശ്യമാണെന്ന് അല്‍ മജൂസി എടുത്തുപറയുന്നുണ്ട്.
 
ന്യൂറോ സയന്‍സിലും മനോരോഗ ചികിത്സാ രംഗത്തും ഇദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ 'ദി കംപ്ലീറ്റ് ആര്‍ട്ട് ഓഫ് മെഡിസിനി'ല്‍ വിശദീകരിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, ഓര്‍മശക്തി നഷ്ടപ്പെടല്‍, കോമ, അപസ്മാരം, കോട്ടുവാതം, മസ്തിഷ്‌ക രോഗം തുടങ്ങിയവയെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. ആധുനിക ലോകം ഏറെ ചര്‍ച്ച ചെയ്യുന്ന ഭക്ഷണക്രമത്തിലുടെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ഒമ്പതാം നൂറ്റാണ്ടില്‍ തന്നെ അല്‍ മജൂസി വിശദമായ പഠനം നടത്തിയിട്ടുണ്ട്. മരുന്നുകളെക്കാള്‍ ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

വടക്കുപടിഞ്ഞാറന്‍ പേര്‍ഷ്യയിലെ അഹ്‌വാസ് എന്ന സ്ഥലത്താണ് അല്‍ മജൂസിയുടെ ജനനം. ശെയ്ഖ് അബൂ മൂസ ബ്‌നു സയ്യാര്‍ എന്ന വൈദ്യ ശാസ്ത്രജ്ഞന്റെ കീഴിലാണ് പഠനം നടത്തിയത്. ബുവൈഹിദ് ഭരണാധികാരിയായ അമീര്‍ അബ്ദുദ്ദൗല ഖുസ്രുവിന്റെ ഭരണകാലത്ത് കൊട്ടാര വൈദ്യനായിരുന്നു ഇദ്ദേഹം. വൈദ്യശാസ്ത്രത്തില്‍ അതീവ തല്‍പരനായിരുന്ന അമീര്‍ 981ല്‍ ബഗ്ദാദിലെ ഷിറാസില്‍ അല്‍ അബൂദി എന്ന പേരില്‍ ഒരു ആശുപത്രിയും സ്ഥാപിച്ചിരുന്നു. അല്‍ മജൂസി ഈ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പൂര്‍വികര്‍ സ്വരാഷ്ട്രിയന്‍ വംശജരാണെങ്കിലും അല്‍ മജൂസി ഇസ്‌ലാം മത വിശ്വാസിയായിരുന്നു. പിതാവിന്റെ പേര് അബ്ബാസ് എന്നാണ്. സ്വരാഷ്ട്രിയന്‍ വംശജര്‍ സാധാരണ ഇത്തരം പേരുകള്‍ സ്വീകരിക്കാറില്ല. അതുകൊണ്ട് തന്നെ പിതാവിന്റെ പൂര്‍വികര്‍ ഇസ്‌ലാം സ്വീകരിച്ചതായിരിക്കാമെന്നാണ് അനുമാനം. 
 

Feedback