Skip to main content

പ്രവാചക വിശ്വാസത്തിന്റെ ആവശ്യകത

പ്രകൃതിയിലെ സകലജീവികള്‍ക്കും സൃഷ്ടിക്രമവും മാര്‍ഗദര്‍ശനവും നല്‍കിയിട്ടുള്ളവന്‍ അല്ലാഹുവാണ്. ഒരുവസ്തു (ജീവി) വളരുകയും വികസിക്കുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ട്. ഇവയില്‍ ഉന്നത സ്ഥാനത്ത് വരുന്നതത്രെ മാര്‍ഗദര്‍ശനം (ഹിദായത്ത്) എന്നത്. ഈ വികാസഘട്ടങ്ങളെ സൂറത്തുല്‍ അഅ്‌ലായില്‍ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുന്നു. അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. സര്‍വ്വതും അവന്‍ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തിരിക്കുന്നു. എല്ലാത്തിനും അവന്റെ വിധി പ്രദാനം ചെയ്യുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു (87:1-3). ഈ മാര്‍ഗദര്‍ശനം നാലുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഹജവാസന, ഇന്ദ്രിയബോധം, യുക്തിബോധം, ഇന്ദ്രിയേതരദര്‍ശനം എന്നിവയാണവ. ഇന്ദ്രിയേതരദര്‍ശനം ഒഴികെയുള്ള എല്ലാതരം മാര്‍ഗദര്‍ശനങ്ങള്‍ക്കും പരിമിതികളുണ്ട്. ഇന്ദ്രിയാതീതകാര്യങ്ങള്‍ ഗ്രഹിക്കാന്‍ യുക്തി പ്രാപ്തവുമല്ല. ഇവിടെ നമ്മെ സഹായിക്കാവുന്ന ഒരുമാര്‍ഗദര്‍ശനം ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നു, ''കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മര്‍ത്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ നാം അവനെ കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന് വഴികാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (76:2,3). 

ഇങ്ങനെ ദൈവത്തിനും മനുഷ്യനും ഇടയില്‍ ഇന്ദ്രിയേതരമായ രീതിയില്‍ ഉണ്ടായിത്തീരേണ്ട മാര്‍ഗദര്‍ശനത്തിന്റെ ആവശ്യകതയെന്ത് എന്ന ചോദ്യവും പ്രസക്തമാണ്. മനുഷ്യാസ്തിത്വത്തെ കുറിച്ചും സൃഷ്ടിലോകത്ത് അവന്നുള്ള പ്രത്യേകതയെ നന്മതിന്മകളെ കുറിച്ചുമുള്ള മൗലിക പ്രധാനമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അതിന് ഭൗതികശാസ്ത്രത്തിന് തൃപ്തികരമായ മറുപടികള്‍ ഇല്ല. ദിവ്യവെളിപാടിന്റെ അഭാവത്തില്‍ ഇവയ്ക്കുള്ള ഉത്തരം അസാധ്യമാണ്. തന്റെ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചു പോലും നിര്‍വ്വചിക്കാന്‍ മനുഷ്യ നിര്‍മ്മിത നിയമങ്ങക്ക് സാധ്യമാകുന്നില്ല. ഇവിടെയാണ് ദൈവികമാര്‍ഗദര്‍ശനം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി അവതരിക്കുന്നത്. ആ മാര്‍ഗദര്‍ശനം മാത്രമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. 'പറയുക അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗര്‍ശനം'(6:71).

ദൈവികമാര്‍ഗദര്‍ശനങ്ങളെ ഓരോ ജനതയിലേക്ക് എത്തിച്ചു കൊടുക്കാനും തന്റെ നിയമനിര്‍ദേശങ്ങളെ അവര്‍ക്ക് പഠിപ്പിക്കാനുമായി മനുഷ്യരില്‍ നിന്നു തന്നെയുള്ള ദൂതന്മാരെ തിരഞ്ഞെടുക്കുക എന്ന രീതിയാണ് അല്ലാഹു സ്വീകരിച്ചുപോന്നത്. മനുഷ്യര്‍ക്ക് മാതൃകയാകാന്‍ ദൂതന്മാര്‍ അവരുടെ ഇടയില്‍ ജീവിക്കുന്നവരും മാനുഷികമായ വികാരവിചാരങ്ങള്‍ ഉള്ളവരും ആയിരിക്കണമെന്ന് സ്രഷ്ടാവിന് നിര്‍ബന്ധമുണ്ട്. എന്നാല്‍ മാത്രമേ ദൈവിക നിയമങ്ങള്‍ മനുഷ്യര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന പ്രായോഗിക മാര്‍ഗദര്‍ശനമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുകയുള്ളൂ. അല്ലാഹു പറയുന്നു ''വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്മാരെ തന്നെയാണ് നിനക്ക് മുമ്പ് നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത് (12:109). (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു (17:95).
 

Feedback