Skip to main content

അമീര്‍ അബ്ദുല്‍ ഖാദര്‍ അല്‍ഹസനി

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫ്രഞ്ച് കൊളോണിയലിസത്തെ ചെറുത്തുനിന്ന അള്‍ജീരിയയില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതനും സ്വാതന്ത്ര്യസമര പോരാളിയും സൈനിക നേതാവുമായിരുന്നു അമീര്‍ അബ്ദുല്‍ഖാദര്‍ ഇബ്ന്‍ മുഹ്‌യിദ്ദീന്‍ അല്‍ഹസനി. അള്‍ജീരിയയിലെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തില്‍ ക്രിസ്ത്യന്‍ എതിരാളികളോട് മാനുഷികമായി പെരുമാറിയതിനും 1860ലെ വിഭാഗീയ കലാപങ്ങള്‍ക്കിടയിലെ ചില കൂട്ടക്കൊലകളില്‍ നിന്ന് ഡമസ്‌കസിലെ ക്രിസ്ത്യന്‍ സമൂഹത്തെ രക്ഷിക്കാനുള്ള ഇടപെടലിന് നേതൃത്വം നല്‍കിയതിനും പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മക നേതാക്കളില്‍ ഒരാളായി അദ്ദേഹം ഇന്നും ഓര്‍മിക്കപ്പെടുന്നു.

emir abdul khader

അള്‍ജീരിയയിലെ സൂഫി പണ്ഡിതനായ സയ്യിദ് മുഹ്‌യിദ്ദീന്റെ മൂന്നാമത്തെ മകനാണ് അബ്ദുല്‍ ഖാദര്‍. പണ്ഡിത കുടുംബമായ റിയ ഗോത്രത്തില്‍ 1808 സെപ്തംബര്‍ 6ന് മസ്‌കര പട്ടണത്തിലെ അല്‍ഖീത്വനയില്‍ ജനിച്ചു. പിതാവിന്റെ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ദൈവശാസ്ത്രം, നിയമശാസ്ത്രം, വ്യാകരണം എന്നിവയില്‍ പരമ്പരാഗത വിദ്യാഭ്യാസം നേടി. അഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹത്തിന് വായിക്കാനും എഴുതാനും കഴിഞ്ഞു. പ്രതിഭാധനനായ വിദ്യാര്‍ഥിയായി കണക്കാക്കപ്പെട്ടിരുന്ന അബ്ദുല്‍ ഖാദര്‍ 14ാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. കവിതാ പാരായണത്തിലും മതപരമായ പ്രസംഗങ്ങളിലും സമപ്രായക്കാരെക്കാള്‍ തിളങ്ങിയ വാഗ്മി എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു.

ഒരു വര്‍ഷത്തിനുശേഷം, തുടര്‍വിദ്യാഭ്യാസത്തിനായി അദ്ദേഹം ഓറാനിലേക്ക് പോയി. നല്ല പ്രസംഗകനായിരുന്ന അദ്ദേഹത്തിന് കവിതയും വഴങ്ങുമായിരുന്നു. 

1825-ല്‍ അബ്ദുല്‍ ഖാദറും അദ്ദേഹത്തിന്റെ പിതാവും ഹജ്ജിന് പുറപ്പെട്ടു. അവിടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു നേതാവിനെ കണ്ടുമുട്ടി, ഇമാം ശാമില്‍. അവര്‍ സുഹൃത്തുക്കളായി. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഹജ്ജിന് ശേഷം ടുണീസ്, കെയ്‌റോ, ഡമസ്‌കസ്, ബഗ്ദാദ് തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് പഠനങ്ങളിലും പ്രഭാഷണങ്ങളിലും പങ്കുകൊണ്ടു. 2 വര്‍ഷം നീണ്ടുനില്ക്കുന്നതായിരുന്നു ആ യാത്ര.

അള്‍ജീരിയന്‍ തീരത്തുള്ള പട്ടണങ്ങളിലായിരുന്നു ഫ്രഞ്ച് സാന്നിധ്യം കൂടുതല്‍. അബ്ദുല്‍ ഖാദിറിന്റെ പിതാവ് മുഹ്‌യിദ്ദീനാണ് ഫ്രഞ്ച് അക്രമികള്‍ക്കെതിരെ ഉയര്‍ന്നുവന്ന ചെറുത്തുനില്പിന്ന് നേതൃത്വം നല്കിയിരുന്നത്. 

1832ല്‍ അബ്ദുല്‍ ഖാദിറിന് 24 വയസ്സായപ്പോള്‍ പിതാവ് ജിഹാദിന്റെ നേതൃത്വം പുത്രന് കൈമാറി. അദ്ദേഹം അള്‍ജീരിയന്‍ സൈന്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, അമീറുല്‍ മുഅ്മിനീനായി.

അമീര്‍ അബ്ദുല്‍ ഖാദിര്‍ പതിനഞ്ചു വര്‍ഷത്തെ സൈനിക പോരാട്ടത്തിന് തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വികസിത സേനകളില്‍ ഒന്നാണെന്ന് വീമ്പിളക്കിയ ഫ്രഞ്ച് സേനയെ അദ്ദേഹം ഗറില്ലാ തന്ത്രങ്ങളിലൂടെയും തന്ത്രപരമായ ചര്‍ച്ചകളിലൂടെയും ഉടമ്പടികളിലൂടെയും ദര്‍ശനാത്മകമായ രാഷ്ട്രനിര്‍മാണത്തിലൂടെയും തടഞ്ഞു. 

അബ്ദുല്‍ ഖാദര്‍ തന്റെ ജനതയെ ഏകീകരിക്കുന്നതില്‍ വിശ്വാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. തന്റെ സൈന്യത്തിന്റെ അടിത്തറയും ശക്തിയുമായി ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുമ്പോഴും തന്റെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിന് ജൂതന്മാരുമായും ക്രിസ്ത്യാനികളുമായും ഇടപഴകുന്നതോ അവരുമായി ജോലിയില്‍ ഏര്‍പ്പെടുന്നതോ അദ്ദേഹത്തെ തടഞ്ഞിരുന്നില്ല. 

തന്റെ ജനങ്ങളുടെ സംരക്ഷണത്തിന്നായി അദ്ദേഹം ആയുധപ്പുരകളും വെയര്‍ഹൗസുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നു. നിശ്ചിത ശമ്പളവും സൗകര്യങ്ങളും നല്കി. ജനങ്ങള്‍ക്കിടയില്‍ ലാളിത്യത്തിന് പേരുകേട്ട അദ്ദേഹം ചെറിയ കൂടാരത്തിലായിരുന്നു താമസിച്ചിരുന്നത്. 

തന്റെ എതിരാളികളോടും സഖ്യകക്ഷികളോടും ഒരുപോലെ ധീരതയും അനുകമ്പയും പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അമീറിന്റെ മുന്നേറ്റം. യുദ്ധത്തടവുകാരുടെ വ്യക്തിഗത മതവിശ്വാസങ്ങളെ ബഹുമാനിക്കാനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും തന്റെ പുതിയ രാജ്യത്തിലേക്ക് ബോധപൂര്‍വം സമന്വയിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഒരു ഘട്ടത്തില്‍, തന്റെ ഫ്രഞ്ച് തടവുകാരെ അവര്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ വിട്ടയക്കുക പോലും ചെയ്തു. 

അബ്ദുല്‍ ഖാദറിന്റെ തുടര്‍ച്ചയായ വിജയങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍, ഫ്രഞ്ചുകാര്‍ അദ്ദേഹവുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു.  അതൊരു നീചതന്ത്രമായിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ ഉടമ്പടി ലംഘിച്ചപ്പോള്‍, യുദ്ധം പുനരാരംഭിച്ചു. ഫ്രഞ്ച് സൈന്യത്തിന്റെ തുടര്‍ന്നുള്ള നഷ്ടങ്ങളെത്തുടര്‍ന്ന്, അബ്ദുല്‍ ഖാദറിനെ അട്ടിമറിക്കുന്നതിന്നായി ഫ്രാന്‍സിന്റെ പുതിയ ഗവര്‍ണര്‍ ജനറലിനെ നിയമിച്ചു. 

ഒടുവില്‍, സൈനികമായും സാമ്പത്തികമായും വന്‍ശക്തിയായ ഫ്രാന്‍സിനെ തോല്പിക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ അബ്ദുല്‍ ഖാദര്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 1847ല്‍ ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് അയച്ചു, തടവിലാക്കി.

പിന്നീട് നെപ്പോളിയന്‍ ബോണപാര്‍ട്ട് പ്രസിഡന്റായതിനുശേഷം 1852ല്‍ അബ്ദുല്‍ ഖാദറിനെ മോചിപ്പിക്കുകയും ഡമാസ്‌കസിലേക്ക് മാറാന്‍ അനുവദിക്കുകയും ചെയ്തു.

Emblem of the emirate of abdelkader
Emblem of the emirate of abdelkader

എന്നാല്‍ 1860-ല്‍ ഡ്രൂസും മറോണൈറ്റ് ക്രിസ്ത്യാനികളും തമ്മിലുള്ള സംഘര്‍ഷം ഡമാസ്‌കസിലേക്ക് വ്യാപിച്ചപ്പോള്‍ അദ്ദേഹം വീണ്ടും ലോകശ്രദ്ധ നേടി. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ ജനസംഖ്യ കൂട്ടക്കൊലയെ അഭിമുഖീകരിക്കുമ്പോള്‍, സുരക്ഷിതത്വത്തിനായി ആയിരക്കണക്കിന് ക്രിസ്ത്യാനികളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം തന്റെ അള്‍ജീരിയന്‍ കൂട്ടാളികളെ ക്രിസ്ത്യന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് നയിച്ചു. ഒരു ജനക്കൂട്ടം അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, നിരപരാധികളെ സംരക്ഷിക്കാനുള്ള ഇസ്‌ലാമിക തത്ത്വങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം അത് വിസമ്മതിച്ചു. 

അബ്ദുല്‍ ഖാദറിന്റെ ഈ ശ്രേഷ്ഠമായ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ താമസിയാതെ എല്ലായിടത്തും വ്യാപിക്കുകയും യൂറോപ്പിലെയും പാശ്ചാത്യ ലോകത്തെമ്പാടുമുള്ള പലരുടെയും പ്രശംസയ്ക്ക് അദ്ദേഹം വിധേയനാവുകയും ചെയ്തു. ലോകമെമ്പാടും വീരപുരുഷനായി വാഴ്ത്തപ്പെട്ട അദ്ദേഹം ഫ്രാന്‍സിന്റെ ഏറ്റവും പ്രിയപ്പെട്ട ശത്രുവായാണ് അറിയപ്പെട്ടത്. ദാഗെസ്താനിലെ മഹാനായ യോദ്ധാവ് ഇമാം ശാമിലും അബ്ദുല്‍ ഖാദറിന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാഠങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്.

10,000 ജീവന്‍ രക്ഷിച്ചതിന്റെ ബഹുമതിയും ഫ്രാന്‍സ്, യുണൈറ്റഡ് സ്‌റ്റെയ്റ്റ്‌സ്, ഗ്രെയ്റ്റ് ബ്രിട്ടന്‍, കൂടാതെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മാനങ്ങളും അംഗീകാരങ്ങളും തേടിയെത്തി. ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ 'നൂറ്റാണ്ടിലെ ചുരുക്കം ചില മഹാരഥന്മാരില്‍ ഒരാള്‍' എന്ന് വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ പൈതൃകം അമേരിക്കയില്‍ പോലും ഇന്നും നിലനില്‍ക്കുന്നു. അവരുടെ വിശ്വാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവനായി ലോകം ഇന്നും അദ്ദേഹത്തെ കണക്കാക്കുന്നു.

അബ്ദുല്‍ ഖാദര്‍ അന്ന് ജീവിച്ചിരുന്ന മൂന്ന് മഹാന്മാരില്‍ ഒരാളായിരുന്നുവെന്നാണ്  1843-ല്‍ ജീന്‍ഡിദിയു സോള്‍ട്ട് പ്രഖ്യാപിച്ചത്. ശാമിലെ ഡാഗെസ്താനിലെ മൂന്നാമത്തെ ഇമാമും ഈജിപ്തിലെ മുഹമ്മദ് അലി എന്നിവരുമായിരുന്നു മറ്റു രണ്ടുപേര്‍.

യുണൈറ്റഡ് സ്‌റ്റെയ്റ്റ്‌സിലെ അയോവയിലെ അല്‍ഖാദര്‍ പട്ടണത്തിന് അബ്ദുല്‍ഖാദറിന്റെ പേരാണ് നല്കിയിരിക്കുന്നത്. നഗരത്തിന്റെ സ്ഥാപകരായ തിമോത്തി ഡേവിസ്, ജോണ്‍ തോംസണ്‍, ചെസ്റ്റര്‍ സേജ് എന്നിവര്‍ ഫ്രഞ്ച് കൊളോണിയല്‍ ശക്തിക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ മതിപ്പുളവാക്കുകയും 1846-ല്‍ അവരുടെ പുതിയ വാസസ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്കുകയും ചെയ്തു. 1869ല്‍ സൂയസ് കനാല്‍ തുറന്നുകൊടുക്കുന്ന ചടങ്ങില്‍ അബ്ദുല്‍ഖാദര്‍ മുഖ്യാതിഥിയായിരുന്നു.

അബ്ദുല്‍ ഖാദറിന്റെ അസാധാരണമായ ജീവിതത്തെക്കുറിച്ച് ഒരുപാട് രചനകള്‍ ഉണ്ടായി. അദ്ദേഹത്തെ കൂടുതല്‍ അറിയുന്ന സൈനിക മേധാവികളാണ് ഓര്‍മക്കുറിപ്പുകളും പഠനങ്ങളും എഴുതിയത്. ഫ്രാന്‍സില്‍ തടവുകാരനായി കഴിയുന്ന കാലത്താണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അകന്ന ബന്ധുവും മാല്‍ബറോ പ്രഭുകുടുംബത്തിലെ അംഗവുമായ ചാള്‍സ് ഹെന്റി ചര്‍ച്ചില്‍ അബ്ദുല്‍ഖാദറിന്റെ സമ്പൂര്‍ണ ചരിത്രമെഴുതിയത്.

വിര്‍ജീനിയ സര്‍വകലാശാലയിലെ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ കള്‍ച്ചറിന്റെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണ് അബ്ദുല്‍ ഖാദര്‍ ഫെലോഷിപ്പ്.

1883 മെയ് 26 ന് ഡമാസ്‌കസില്‍ മരണപ്പെട്ടു. 
 

Feedback