Skip to main content

മുസ്തഫ കമാല്‍ പാഷ അത്താതുര്‍ക്ക്

അത്താതുര്‍ക്ക് എന്നാല്‍ തുര്‍ക്കിയുടെ പിതാവ് എന്നര്‍ഥം. തുര്‍ക്കി സൈന്യാധിപന്‍, തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനായ വ്യക്തിയാണ് മുസ്തഫാ കമാല്‍ അത്താതുര്‍ക്ക്. 1881ല്‍ ഒട്ടോമന്‍ തുര്‍ക്കിയിലെ സലോനിക എന്ന നഗരത്തില്‍ ജനിച്ചു (ഇന്നത്തെ ഗ്രീസിലെ തെസ്സലോനിക്കി). തടിക്കച്ചവടക്കാരനായ അലി റിസ എഫെന്‍ഡിയാണ് പിതാവ്. മാതാവ്  സുബയ്‌ദെ ഹനിം. അന്നത്തെ തുര്‍ക്കി രീതിയനുസരിച്ച മുസ്തഫ എന്ന ഒറ്റപ്പേരാണ് നല്‍കപ്പെട്ടത്. ഏഴാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടു. അമ്മ സുബയ്‌ദെയുടെയും അമ്മാവന്റേയും പരിചരണത്തിലാണ് അദ്ദേഹം വളര്‍ന്നത്.

1893ല്‍ 12 വയസ്സുള്ളപ്പോള്‍ സലോനികയിലെ സൈനികവിദ്യാലയത്തില്‍ ചേര്‍ന്നു. പഠന മികവുകണ്ട് ഗണിതാധ്യാപകനാണ് കമാല്‍ എന്ന രണ്ടാം പേര് കൂടെച്ചേര്‍ത്തത്. 1896ല്‍ മനസ്തിറിലെ സൈനിക അക്കാദമിയില്‍ ചേര്‍ന്നു. ലെഫ്റ്റ്‌നന്റായി അവിടെ നിന്നും ബിരുദം നേടി. മൂന്നു വര്‍ഷം ഇസ്താംബൂളിലെ സൈനികാക്കാദമിയില്‍ പഠിച്ച് മേജര്‍ പദവി കരസ്ഥമാക്കി. 1905ല്‍ അദ്ദേഹം ഔദ്യോഗിക സൈനിക ജീവിതം ആരംഭിച്ചു. ദമസ്‌കസിലെ അഞ്ചാം സൈനിക കമാന്‍ഡിനു കീഴിലായിരുന്നു ആദ്യത്തെ സേവനം. താമസിയാതെ സൈനികരുടെ ഇടയില്‍ ഉടലെടുത്ത വതന്‍ വേ ഹൂറിയത്ത് (ജന്മനാടും സ്വാതന്ത്ര്യവും) എന്ന പുരോഗമന ചിന്താഗതിയുള്ള ചെറുപ്പക്കാരായ സൈനികരുടെ രഹസ്യകൂട്ടായ്മയില്‍ ചേര്‍ന്നു. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഒരു കടുത്ത എതിരാളിയായിത്തീര്‍ന്നു. 1906ല്‍ 'ക്യാപ്റ്റന്‍' പദവി നേടിയ ഇദ്ദേഹം ദമസ്‌കസിലെ കുതിരപ്പട്ടാളത്തെ നയിക്കാന്‍ നിയുക്തനായി. അവിടെ 'വതന്‍' എന്ന രഹസ്യ സംഘടനയുടെ ശാഖ സ്ഥാപിച്ചു. 

ഇക്കാലത്ത് കമാല്‍ ഫ്രഞ്ച് ഭാഷ പഠിക്കുകയും യൂറോപ്യന്‍ വിപ്‌ളവകാരികളുടെ ഗ്രന്ഥങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു മനസ്സിലാക്കുകയും ചെയ്തു. അന്നത്തെ തുര്‍ക്കി സുല്‍ത്താനായിരുന്ന അബ്ദുല്‍ ഹമീദിന്റെ ഭരണത്തിനെതിരായി വിപ്ലവം സംഘടിപ്പിച്ച യുവതുര്‍ക്കികളില്‍പ്പെട്ട മൗലിക പരിവര്‍ത്തനവാദികളുടെ (റാഡിക്കല്‍സ്) സംഘത്തിലായിരുന്നു കമാല്‍. കുറെക്കാലം രാഷ്ട്രീയകാര്യങ്ങളില്‍ നിന്നകന്നുനിന്നു. 1907ല്‍ അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുകയും മനസ്തീറിലെ മൂന്നാം സൈന്യത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹം യുവ തുര്‍ക്കികള്‍ എന്നറിയപ്പെടുന്ന ഒരു സമിതിയില്‍ (ഉയര്‍ച്ചയുടേയും ഒത്തുചേരലിന്റെയും സമിതി) ചേര്‍ന്നത്. ഈ യുവ തുര്‍ക്കികള്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ദ്വിതീയന്റെ കയ്യില്‍ നിന്ന് അധികാരം പിടിച്ചു വാങ്ങി. അതോടെ മുസ്തഫാ കമാല്‍ ഒരു താരമായി മാറി. എന്നാല്‍ യുവതുര്‍ക്കികളെ സഹായിച്ചു എന്ന കുറ്റത്തിന് ഹ്രസ്വകാലത്തേക്ക് അദ്ദേഹം തടവു ശിക്ഷയും അനുഭവിക്കേണ്ടതായി വന്നിരുന്നു.

ദേശീയ വിമോചന പ്രസ്ഥാനത്തില്‍ പങ്കെടുത്ത വിവിധ ജനകീയ സംഘടനകളെ സംയോജിപ്പിച്ച് 'റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി' എന്നൊരു പുതിയ കക്ഷി രൂപവത്കരിച്ചപ്പോള്‍ കമാല്‍ ആ പാര്‍ട്ടിയുടെയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഖലീഫാ സ്ഥാനം നിര്‍ത്തല്‍ ചെയ്തുകൊണ്ടും തുര്‍ക്കിയെ ഒരു മതേതരറിപ്പബ്‌ളിക്കായി പ്രഖ്യാപനം ചെയ്തുകൊണ്ടും കമാലിന്റെ പ്രേരണയാല്‍ 1924 മാര്‍ച്ച് 3ന് നാഷനല്‍ അസംബ്ലി നിയമം പാസാക്കി. രാജകുടുംബാംഗങ്ങളെയെല്ലാം നാടുകടത്തി, റിപ്പബ്ലിക്കിനെതിരെ ഉയരാനിടയുണ്ടായിരുന്ന പ്രധാന എതിര്‍പ്പുകളെ ഇല്ലാതാക്കി. 1924ല്‍ വിപുലമായ ഒരു ഭരണഘടനയുണ്ടാക്കി. അതനുസരിച്ച് പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തുര്‍ക്കിയിലെ പൗരന്മാര്‍ തെരഞ്ഞെടുക്കുന്ന നാഷണല്‍ അസംബ്‌ളിയും അസംബ്‌ളി തെരഞ്ഞെടുക്കുന്ന പ്രസിഡന്റുമാണ് ഭരണത്തിലെ പ്രധാന ഘടകങ്ങള്‍. അസംബ്ലിയുടെയും പ്രസിഡന്റിന്റെയും കാലാവധി നാലു വര്‍ഷത്തേക്കായി നിശ്ചയിച്ചു.

തത്വത്തില്‍ റിപ്പബ്ലിക്കന്‍ ഭരണമാണെങ്കിലും മറ്റൊരര്‍ഥത്തില്‍ കമാല്‍ പാഷയുടെ ഏകാധിപത്യഭരണമാണ് തുര്‍ക്കിയില്‍ നടന്നിരുന്നത്. ഇദ്ദേഹം തുര്‍ക്കി സൈന്യത്തിന്റെയും തുര്‍ക്കിയിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെയും അനിഷേധ്യനേതാവായിരുന്നു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അസംബ്ലിയെ നിയന്ത്രിക്കുകയും റിപ്പബ്ലിക്കിലെ പ്രസിഡന്റുസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് എല്ലാ പ്രധാന ഉദ്യോഗസ്ഥരെയും നിയമിച്ചു. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ചുള്ള തുര്‍ക്കി ഭരണവ്യവസ്ഥയെ പൂര്‍ണ്ണമായും ഉടച്ചുവാര്‍ത്തു. തലസ്ഥാനം അങ്കാറയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. 1925 ഡിസംബറില്‍ ഹിജ്‌റ കലണ്ടര്‍ ഒഴിവാക്കി തുര്‍ക്കിയില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പാക്കി. തുര്‍ക്കി പ്രസിഡന്റായിരിക്കെ തന്നെ, 1938 നവംബര്‍ 10ന് ഇസ്താംബൂളില്‍ വച്ച് മുസ്തഫ കമാല്‍ മരണമടഞ്ഞു. കരള്‍രോഗമായിരുന്നു മരണകാരണം. കമാലിനു ശേഷം ഇസ്മത് ഇനോനു തുര്‍ക്കിയുടെ പ്രസിഡണ്ടായി.
 

Feedback