Skip to main content

ഹാറൂൻ അല്‍ റശീദ്

അബ്ബാസീ ഖലീഫമാരില്‍ ഏറ്റവുമധികം പ്രശസ്തി നേടിയ ഭരണാധികാരിയായിരുന്നു ഹാറൂൻ അല്‍ റശീദ്.  ഇദ്ദേഹത്തിന്റെ ഭരണം അബ്ബാസികളുടെ സുവര്‍ണകാലഘട്ടമായി അറിയപ്പെടുന്നു. അബ്ബാസി കാലഘട്ടത്തിലെ മൂന്നാം ഖലീഫയായ അല്‍ മഹ്ദിയാണ് ഹാറൂൻ അല്‍ റശീദിന്റെ പിതാവ്. യെമനില്‍ നിന്നുള്ള അടിമസ്ത്രീയായിരുന്ന അല്‍ ഖയാസുറാന്‍ ആണ് മാതാവ്. പിതാവിന്റെയും പുത്രന്റെയും ഭരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ധീരയായ മഹതിയായിരുന്നു ഖയാസുറാന്‍. ഇറാനിലെ ഇപ്പോഴത്തെ തഹ്‌റാന്‍ എന്ന അറിയപ്പെടുന്ന റെ എന്ന സ്ഥലത്താണ് ഹാറൂൻ അല്‍ റശീദിന്റെ ജനനം. ജനനതീയ്യതി സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. 

അബ്ബാസി കാലഘട്ടത്തിലെ അഞ്ചാമത്തെ ഖലീഫയായിരുന്നു ഹാറൂൻ അല്‍ റശീദ്. ക്രി.786 മുതല്‍ 809 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ഇസ്‌ലാമിക ചരിത്രത്തില്‍ സാംസ്‌കാരികമായും മതപരമായും ശാസ്ത്രപരമായും ഏറ്റവും അധികം വളര്‍ച്ച രേഖപ്പെടുത്തിയ കാലമായിരുന്നു അത്.  ബഗ്ദാദില്‍ ഇന്നും നിലനില്‍ക്കുന്ന ബുദ്ധിയുടെ കേന്ദ്രം എന്നറിയപ്പെടുന്ന ബൈത്തുല്‍ ഹിക്മ എന്ന ലൈബ്രറി സ്ഥാപിച്ചതും ഹാറൂൻ അല്‍ റശീദാണ്. അന്യഭാഷകളിലെ മഹദ്ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജുമ ചെയ്യുവാന്‍ ഖലീഫ മന്‍സൂര്‍ തുടങ്ങിവെച്ച പരിശ്രമം ഹാറൂൻ അല്‍ റശീദ് തുടര്‍ന്നു. ഇതിനായാണ് 'ബൈതുല്‍ ഹിക്മ' എന്ന പ്രശസ്തമായ സ്ഥാപനം അദ്ദേഹം ആരംഭിച്ചത്. യോഗ്യരായ പണ്ഡിതരെയും വിവര്‍ത്തകരെയും ഇതില്‍ നിയമിച്ചിരുന്നു. വൈജ്ഞാനിക സാംസ്‌കാരിക നാഗരിക പുരോഗതിക്ക് മാതൃകയായിരുന്നു ഈ കാലഘട്ടം. ആയിരത്തി ഒന്ന് രാവുകള്‍ എന്ന ലോക പ്രശസ്തമായ അറബി കഥ രചിക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണെന്നാണ് ചരിത്രകാരന്‍മാരുടെ നിഗമനം. ഹാറൂന്‍ അല്‍റശീദ് 23 വര്‍ഷം ഭരണം നടത്തി. 45ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. 

കിഴക്കിനേയും പടിഞ്ഞാറിനേയും ഒരുമിച്ച് അത്ഭുതപ്പെടുത്തിയ കാലമായിരുന്നു അദ്ദേഹത്തിന്റെത്. ഇസ്‌ലാമിക വാസ്തുകല, വാനശാസ്ത്രം, കെമിസ്ട്രി, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം അറിവിന്റെ പുതിയ വാതായനങ്ങള്‍ അദ്ദേഹം തുറന്നിട്ടിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഹാറൂൻ അല്‍ റശീദിന്റെ ഭരണകാലത്ത് ഉണ്ടായത്.

അബ്ബാസികളുടെ കാലത്താണ് ഖലീഫമാര്‍ മന്ത്രിമാരെ നിയമിച്ചു തുടങ്ങിയത്. യഹ്‌യ ബിന്‍ ഖാലിദില്‍ ബര്‍മകിയും അദ്ദേഹത്തിന്റെ പുത്രന്‍മാരായ ഫദ്ല്‍, ജഅ്ഫര്‍ എന്നിവരും ഹാറൂൻ അല്‍ റശീദിന്റെ സമര്‍ഥരായ മന്ത്രിമാരായിരുന്നു. ഇവര്‍ ബറാമിക്കുകള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഖലീഫ ഗവര്‍ണര്‍മാര്‍ക്കും ഇതരഭരണാധികാരികള്‍ക്കും അയക്കുന്ന കത്തുകള്‍ തയ്യറാക്കുക, ഖലീഫയുടെ നിര്‍ദേശമനുസരിച്ച് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുക, ഉദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഇവയെല്ലാമായിരുന്നു മന്ത്രിമാരുടെ ചുമതലകള്‍.

ഉത്തരാഫ്രിക്കയിലെ ട്രിപ്പോളി (ലിബിയ), അള്‍ജീരിയ, തുനീഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ തലസ്ഥാന നഗരമായ ബാഗ്ദാദില്‍നിന്നും വളരെ അകലെയായതിനാല്‍ അവിടത്തെ ഭരണച്ചുമതല ഇബ്‌റാഹീമുബ്‌നു അഗ്‌ലബിനു ഹാറൂന്‍ ഏല്‍പ്പിച്ചു കൊടുത്തു. അബ്ബാസീ ഭരണകൂടത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ സന്താനങ്ങളും ഭരണം നടത്തിയത്. ഖൈറുവാനായിരുന്നു അവരുടെ ആസ്ഥാനം. സിസിലി ദ്വീപ് പിടിച്ചടക്കുകയും ഇറ്റലിയുടെ ദക്ഷിണഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്ത ഇവരുടെ നാവിക ശക്തിയെ അതിജയിക്കുന്ന മറ്റൊരു ശക്തി റോമന്‍ ഉള്‍ക്കടലില്‍ അന്നില്ലായിരുന്നു.  


 
 

References

 
ഇസ്‌ലാമിലെ നവോത്ഥാന നായകന്‍മാര്‍ (അബുല്‍ ഹസന്‍ അലി നദ്‌വി)

Feedback