Skip to main content

ലിയാഖത്ത് അലി ഖാന്‍

1950ല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തുറന്ന യുദ്ധത്തിന് ഒരുങ്ങിയ ദിവസങ്ങള്‍. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് ഇന്ത്യയിലേക്ക് വന്നു, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവുമായി സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. പാക് സൈനികര്‍ക്കിടയില്‍ ഇത് വലിയ വിമര്‍ശത്തിന് ഇടയാക്കിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുണ്ടാകുമായിരുന്ന വലിയ ഒരു യുദ്ധത്തില്‍ നിന്ന് കരകയറ്റിയത് ലിയാഖത്ത് അലിയുടെ സമയോചിതമായ ഇടപെടലാണ്.

പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാന്‍. 1895 ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യയിലെ പഞ്ചാബിലെ കര്‍ണാല്‍ എന്ന സ്ഥലത്താണ് ജനനം. സമ്പന്നനായ ഭൂവുടമയായിരുന്നു പിതാവ്. ഇന്ത്യയിലെ അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, ഒക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. 1922ലാണ് അദ്ദേഹം വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്. 

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം. 1923ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ വിജയം നേടി. അധികം വൈകാതെ മുസ്‌ലിം ലീഗില്‍ അംഗമായി.  1947ല്‍ പാകിസ്താന്‍ സ്വതന്ത്രമായപ്പോള്‍ ആദ്യ ഗവര്‍ണര്‍ ജനറലായി മുഹമ്മദലി ജിന്ന തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്ന ലിയാഖത്ത് അലി ഖാന്‍ പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായി. 

തന്റെ ഭരണകാലത്ത് ലിയാഖത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ സ്തുത്യര്‍ഹമാണ്. മുഹമ്മദ് അലി ജിന്ന പാകിസ്താന്‍ രാജ്യം സ്വതന്ത്രമാക്കിയെങ്കിലും ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ പാകിസ്താനെ ഉയര്‍ത്തിയത് ലിയാഖത്ത് അലിയായിരുന്നു. ജിന്നയുടെ മരണ ശേഷം ലിയാഖത്ത് 'ഖാഇദെ  മില്ലത്ത്' എന്നറിയപ്പെട്ടു. 

പാകിസ്താന്‍ ഇസ്‌ലാമിക ഭരണകൂടമായിരിക്കണമെന്ന് യാഥാസ്ഥിതിക വിഭാഗം  വാദിച്ചെങ്കിലും സ്വതന്ത്രവും ആധുനികവുമായ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന ലിയാഖത്ത് അലി ഖാന്‍ അതിനെ പിന്തുണച്ചില്ല.  ഇത് തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് വഴിവെച്ചതും.

1951ല്‍ റാവല്‍പിണ്ടിയില്‍ വെച്ച് മതഭ്രാന്തനായ ഒരാളുടെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. 

Feedback