Skip to main content

ഖലീഫമാരുടെ ഭരണകാലം

മുഹമ്മദ് നബി(സ്വ)യുടെ വിയോഗാനന്തരം ഇസ്‌ലാമിക ലോകത്തിന്റെ ഭരണസാരഥ്യ മേറ്റെടുത്തവരാണ് ഖലീഫമാര്‍. 'പിന്‍ഗാമി' എന്നാണ് 'ഖലീഫ'യുടെ അര്‍ഥം. 'ഇമാം'എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്ത ഇസ്‌ലാമിനെ സംരക്ഷിക്കുകയും ആ സമൂഹത്തെ ഭരിക്കുകയും ചെയ്യലാണ് ഖലീഫമാരുടെ ബാധ്യത. അതേസമയം ഖലീഫമാര്‍ അല്ലാഹുവിന്റെ ഖലീഫമാരായിരുന്നില്ല.

നബി(സ്വ)യുടെ മരണം (ക്രി:632) മുതല്‍ അലി(റ)ന്റെ മരണം(ക്രി:661)വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലമാണ് ഖലീഫമാര്‍ രാജ്യം ഭരിച്ചത് (ക്രി:632-661). ക്രി:632 മുതല്‍ 634 വരെ അബൂബക്ര്‍ സിദ്ദീഖും(റ) 634 മുതല്‍ 644 വരെ ഉമറുബ്‌നുല്‍ ഖത്വാബും(റ) 644 മുതല്‍ 656 വരെ ഉസ്മാനുബ്ു അഫ്ഫാനും(റ) 656 മുതല്‍ 661 വരെ അലിയ്യുബ്‌നു അബീത്വാലിബു(റ)മായിരുന്നു ഖിലാഫത്തിന് നേതൃത്വം നല്‍കിയവര്‍. ഇവര്‍ സച്ചരിതരായ ഭരണകര്‍ത്താക്കള്‍ 'അല്‍ ഖുലഫാഉര്‍റാശിദൂന്‍'എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവര്‍ക്ക് ശേഷം വന്ന മുആവിയ(റ) മുതല്‍ കുടുബവാഴ്ച്ചക്ക് തുടക്കമായി. 

ഖലീഫമാരുടെ തെരഞ്ഞെടുപ്പ്

നാല് ഖലീഫമാരുടെയും തെരഞ്ഞെടുപ്പ്  നാലുവിധമായിരുന്നു. പിന്‍ഗാമിയെ നിശ്ചയിക്കാ തെയാണ് നബി(സ്വ) വിടവാങ്ങിയത്. സ്വഹാബികള്‍ ചേര്‍ന്ന് കൂടിയാലോചനയും തര്‍ക്കവും വാഗ്വാദങ്ങളും നടത്തി ഒടുവില്‍ നബി(സ്വ)യുടെ ഉത്തമസുഹൃത്തായ അബൂബക്ര്‍(റ)നെ പ്രഥമഖലീഫയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. 

അബൂബക്ര്‍(റ)വാകട്ടെ പിന്‍ഗാമിയായി ഉമര്‍(റ)നെ നിശ്ചയിച്ചാണ് യാത്രയായത്. പ്രമുഖ സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ നിശ്ചയിക്കല്‍.

യോഗ്യരായ ആറു പ്രമുഖ സ്വഹാബിമാരുടെ സമിതിയെ തെരഞ്ഞെടുത്ത് മൂന്നാം ഖലീഫയെ നിശ്ചയിക്കുവാനുള്ള അധികാരം അവര്‍ക്ക് നല്‍കിയുമാണ് ഉമര്‍(റ) അന്ത്യശ്വാസം വലിച്ചത്. 

ഉസ്മാന്‍(റ) വധിക്കപ്പെട്ടതിനു ശേഷമുണ്ടായ സ്തംഭനാവസ്ഥയില്‍, സ്വഹാബിമാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അലി(റ) അവസാനത്തെ ഖലീഫയായി സ്ഥാനമേറ്റത്.

തെരഞ്ഞെടുപ്പ് പലവിധമായിരുന്നെങ്കിലും രണ്ട് പ്രധാന കാര്യങ്ങള്‍ ഇവയില്‍ നിര്‍ബന്ധമായും പാലിക്കപ്പെട്ടിരുന്നു. പ്രമുഖരുമായുള്ള കൂടിയാലോചന(ശൂറാ)യും ജനകീയ അംഗീകാരം നേടലു(ബൈഅത്ത്)മായിരുന്നു അവ.

ഭരണരീതിയും ക്രമവും

ഖലീഫമാരില്‍ ആരും ആ പദവി ആഗ്രഹിക്കുകയോ അതിനുവേണ്ടി രംഗത്തുവരികയോ ചെയ്തിട്ടില്ല. ഖലീഫസ്ഥാനം ഒരു ഭാരമായി കൊണ്ടുനടന്ന അവര്‍, അല്ലാഹുവിന്റെ മുമ്പില്‍ തങ്ങള്‍ അതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടും എന്ന് സദാ വ്യാകുലപ്പെടുകയും ചെയ്തിരുന്നു. 

ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്ര്‍(റ), തിരുനബി(സ്വ)യുടെ മിമ്പറില്‍ ആദ്യമായി കയറി നിന്ന് തന്റെ നയപ്രഖ്യാപനം നടത്തിയത് ഇങ്ങനെ: ''സഹോദരന്‍മാരെ, ഞാന്‍ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങളിലെ ഉത്തമനല്ല ഞാന്‍. ഞാന്‍ നന്‍മ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക. തിന്‍മ ചെയ്യുന്നപക്ഷം എന്നെ തിരുത്തുകയും ചെയ്യുക.''

ഉമര്‍(റ) പ്രസംഗിച്ചതും ഇതുപോലെയായിരുന്നു. ''ജനങ്ങളേ, നിങ്ങളിലേക്ക് ഞാന്‍ ഉദ്യോഗസ്ഥരെ അയക്കുന്നത് നിങ്ങളെ ശിക്ഷിക്കാനോ നിങ്ങളില്‍ നിന്ന് ധനം പിടിച്ചു വാങ്ങാനോ അല്ല. നിങ്ങള്‍ക്ക് മതകാര്യങ്ങള്‍ പറഞ്ഞുതരാനും ജീവിതചര്യ നിങ്ങളെ പഠിപ്പിക്കാനുമാണ്. ഇതിനപ്പുറം എന്തെങ്കിലും ഉദ്യോഗസ്ഥര്‍ ചെയ്താല്‍ നിങ്ങളെന്നോട് പരാതിപ്പെടുക''. ഉസ്മാന്‍(റ), അലി(റ) എന്നിവരുടെ നയവും വ്യത്യസ്തമായിരുന്നില്ല. 

നബി(സ്വ) അനുവര്‍ത്തിച്ച ഭരണക്രമം തന്നെയാണ് ഖലീഫമാരും പിന്തുടര്‍ന്നത്. കാലത്തിനനുസരിച്ച ചില മാറ്റങ്ങളും വരുത്തിയിരുന്നു അവര്‍. 

കൂടിയാലോചനാസമിതി (മജ്‌ലിസുശ്ശൂറാ), മന്ത്രിമാര്‍ (വസീര്‍) എന്നിവയാണ് ഭരണകാര്യങ്ങളില്‍ ഖലീഫയെ സഹായിച്ചിരുന്നത്. മന്ത്രിമാര്‍ രണ്ടോ മൂന്നോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രമുഖ സ്വഹാബിമാര്‍ ഉള്‍കൊള്ളുന്നതായിരുന്നു ശൂറ. ഉമര്‍(റ)വും ഉസ്മാനു(റ)മായിരുന്നു അബൂബക്ര്‍(റ)ന്റെ മന്ത്രിമാര്‍. ഉസ്മാനും(റ) അലി(റ)യുമായിരുന്നു ഉമറിന്റെ സഹായികള്‍. 

രാജ്യം വിശാലമായിത്തുടങ്ങിയപ്പോള്‍ ഭരണസൗകര്യത്തിന് പ്രവിശ്യകളായി (ഇപ്പോഴത്തെ സംസ്ഥാനങ്ങള്‍ക്ക് തുല്യം) വിഭജിക്കപ്പെട്ടു. പ്രവിശ്യകളുടെ ഭരണച്ചുമതല ഗവര്‍ണര്‍മാര്‍ക്കു (വാലി) നല്‍കി. ഉമര്‍(റ)ന്റെ കാലമായപ്പോള്‍ കൂടുതല്‍ പ്രവിശ്യകള്‍ വരികയും ഗവര്‍ണര്‍മാര്‍ക്ക് അധികാരം നിര്‍ണയിച്ചുനല്‍കുകയും ചെയ്തു. കേസുകള്‍ തീര്‍പ്പാക്കുക, ശിക്ഷ വിധിക്കുക, അതിര്‍ത്തികള്‍ സംരക്ഷിക്കുക, ധനകാര്യത്തിനു മേല്‍നോട്ടം നല്‍കുക, ആസ്ഥാന പള്ളിയില്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കുക എന്നിവ ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമാക്കി. 

പിന്നീട് നീതിന്യായത്തെ ഉമര്‍(റ) ഗവര്‍ണര്‍മാരില്‍ നിന്നും എടുത്തുമാറ്റി ജഡ്ജിമാര്‍ക്കു നല്‍കി. ജഡ്ജിമാര്‍ക്ക് കര്‍ശനമായ ചട്ടങ്ങള്‍ നിശ്ചയിക്കുകയും അവര്‍ക്കെതിരെ പരാതി വന്നാല്‍ വിളിച്ചുവരുത്തി ഖലീഫ വിചാരണ നടത്തുകയും ചെയ്തു. മുസ്‌ലിംകളല്ലാത്തവര്‍ക്കും നീതിയും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയുമുണ്ടായി.

12 വര്‍ഷത്തോളം ഖിലാഫത്ത് പദവിയിലിരുന്ന ഉമര്‍(റ) ഭരണരംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. കോടതികള്‍, ജയിലുകള്‍, ബൈത്തുല്‍മാല്‍ (ഖജനാവ്), ഖറാജ് (ഭൂനികുതി), ജിസ്‌യ, ഉശുര്‍(കസ്റ്റംസ് നികുതി) തുടങ്ങിയ നികുതികള്‍, തപാല്‍ മുതലായവ അവയില്‍ ചിലതാണ്. കച്ചവടം, കൃഷി, വ്യവസായം എന്നിവയെ പരമാവധി പ്രോത്‌സാഹിപ്പിക്കുകയും ഭക്ഷണം, വസ്ത്രം, വിനോദം എന്നിവയില്‍ അതീവ ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. 

രാത്രികാലങ്ങളില്‍ റോന്തുചുറ്റി ജനങ്ങളുടെ ജീവിതാവസ്ഥ നേരില്‍ കാണുകയും ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന നിരീക്ഷണ സമ്പ്രദായവും ഉമറാ(റ)ണു തുടങ്ങിയത്. ഇത് പിന്നീട് അലി(റ) ശുര്‍ത്വ(പോലീസ് സേന)യായി വ്യവസ്ഥാപിതാമായി നടപ്പിലാക്കുകയുണ്ടായി. 'മുഹ്തസിബ്' എന്ന പേരില്‍ ഒരു വിജിലന്‍സ് വിഭാഗവും ഇക്കാലത്ത് നിലവിലുണ്ടായിരുന്നു. നിയമങ്ങള്‍ ലംഘിക്കുകയും നിരോധിച്ചവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അപ്പപ്പോള്‍ പിടികൂടി ഉപദേശിക്കാനും ആവശ്യമെങ്കില്‍ നടപടിയെടുക്കാനും ഈ വിഭാഗത്തിന് അധികാരമുണ്ടായിരുന്നു.

ഉസ്മാന്റെ(റ) ഭരണത്തിന്റെ അവസാനത്തോടെ രാജ്യത്ത് കുഴപ്പങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. അതിവിശാലമായ രാജ്യത്തിന്റെ പല പ്രവിശ്യകളിലും കലാപകാരികള്‍ താവളമാക്കിയ തായിരുന്നു കാരണം. അലി(റ)ന്റെ ഭരണകാലത്ത ഇത് മൂര്‍ഛിക്കുകയും ചെയ്തു. ശാം കേന്ദ്രമാക്കി മുആവിയ(റ) സമാന്തര ഭരണകൂടം തന്നെയുണ്ടാക്കി. ഇക്കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ജമല്‍, സിഫ്ഫീന്‍ യുദ്ധങ്ങള്‍ അരങ്ങേറിയത്. ഇത് സമൂഹത്തില്‍ നിരവധി അന്തച്ഛിദ്രങ്ങള്‍ക്ക് വഴിയൊരുക്കി. സമൂഹത്തില്‍ അവാന്തര വിഭാഗങ്ങള്‍ ഉടലെടുക്കുകയും ഭിന്നത രൂക്ഷമാവുകയും ഒടുവില്‍ നാലാം ഖലീഫ അലി(റ)യുടെ വധത്തില്‍ അത് കലാശിക്കുകയും ചെയ്തു.

മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്ന ഖിലാഫത്തിന് അന്ത്യമാവുമ്പോള്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതി വിശാലമായി മാറിയിരുന്നു. റോം, പേര്‍ഷ്യ സാമ്രാജ്യങ്ങള്‍ മുസ്‌ലിംകളുടെ കീഴില്‍ വന്നു. ആദ്യ ഖിബ്‌ലയായിരുന്ന ബൈത്തുല്‍ മുഖദ്ദസ് വീണ്ടെടുത്തു. ഉമര്‍(റ)ന്റെ കാലത്തായിരുന്നു ഇത്.

യൂറോപ്പിന്റെ കവാടമായിരുന്ന സൈപ്രസും ആഫ്രിക്കന്‍ രജ്യമായിരുന്ന അള്‍ജീരിയ, മൊറോക്കോ, ത്വറാബല്‍സ് എന്നിവയും ഏഷ്യയിലെ അഫ്ഗാനിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളും ഉസ്മാന്‍(റ)ന്റെ ഭരണത്തോടെ ഇസ്‌ലാമിക ഭരണത്തോട് ചേര്‍ക്കപ്പെട്ടു. 

നീതിനിര്‍വഹണം, സാമൂഹിക സുരക്ഷ, ജനക്ഷേമം, സമ്പദ്‌രംഗം, ഗതാഗതം, യുദ്ധം തുടങ്ങിയ മേഖലകളിലെല്ലാം പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടുകയും അവയ്ക്ക് മാനുഷികമുഖം നല്‍കുകയും ചെയ്തത് ഖലീഫമാരായിരുന്നു.
 

Feedback