Skip to main content

ഖിലാഫത്തും ശരീഅത്തും

ഇസ്‌ലാം ഒരു ഭരണവ്യവസ്ഥയല്ല. ഇസ്‌ലാം ആത്യന്തികമായി മതമാണ്. മനുഷ്യജീവിതത്തിന്നാവശ്യമായ ചെറുതും വലുതുമായ കാര്യങ്ങളില്‍ ഇസ്‌ലാം മാര്‍ഗദര്‍ശനം നല്കിയിരിക്കുന്നു. ആ നിലയില്‍ ഭരണ നിര്‍വഹണത്തിന്റെ മൗലികഘടകങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഉണ്ട്. 

മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടത് രാഷ്ട്ര സംസ്ഥാപനത്തിനോ ഭരണ നിര്‍വഹണത്തിനോ അല്ല. എന്നാല്‍ സമൂഹജീവിതത്തിന് പ്രാധാന്യം കൊടുത്ത ഇസ്‌ലാം പ്രബോധനം ചെയ്ത നബി(സ്വ) ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയായും മാതൃക കാണിച്ചു. മദീന ആസ്ഥാനമായി നിലവില്‍ വന്ന രാജ്യത്തിന്റെ ഭരണാധികാരിയായിക്കൊണ്ടാണ് പ്രവാചകന്‍ വിട പറയുന്നത്. പ്രവാചകന്റെ പിന്‍ഗാമിയായി ഖലീഫ അബൂബക്‌റിനെ ഭരണമേൽപിച്ചു . പ്രവാചകത്വത്തില്‍ മുഹമ്മദ് നബിക്ക് പിന്‍ഗാമികളില്ല. കാരണം അദ്ദേഹം അന്തിമ പ്രവാചകനാണ്. എന്നാല്‍ സമൂഹത്തിന് നേതൃത്വം വഹിക്കുക എന്ന ദൗത്യത്തിന് പിന്‍ഗാമി വേണം. അതാണ് ഖലീഫമാര്‍. 

ഖലീഫ എന്നാല്‍ ഭരണാധികാരി എന്നല്ല അര്‍ഥം. നബിക്കുശേഷം ഭരണം നിര്‍വഹിച്ചവര്‍ എന്ന അര്‍ഥത്തില്‍ ഭരണാധികാരികള്‍ 'ഖലീഫ' എന്നറിയപ്പെടുകയായിരുന്നു. ഖലീഫ എന്നാല്‍ പിന്‍ഗാമി എന്നാണര്‍ഥം. പ്രവാചകന്‍ സമൂഹത്തില്‍ നിര്‍വഹിച്ച കാര്യങ്ങള്‍ (നുബുവ്വത്ത് ഒഴികെ) യാഥോചിതം നിര്‍വഹിച്ച ആദ്യത്തെ നാലു ഭരണാധികാരികള്‍ അല്‍ഖുലഫാഉര്‍റാശിദൂന്‍ എന്നറിയപ്പെട്ടു. ഭരണാധികാരം എന്ന ആശയത്തില്‍ ഖിലാഫത്ത് എന്നും പിന്നീട് പ്രയോഗത്തില്‍ വന്നു.

ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം വന്ന ഭരണാധികാരികളും ഖലീഫമാര്‍ എന്നു തന്നെയാണ് അറിയപ്പെട്ടത്. കുടുംബ വാഴ്ചയും, ഇസ്‌ലാമിക സംസ്‌കാരത്തിന് പൂര്‍ണമായും ഹിതമല്ലാത്ത തരത്തില്‍ നടത്തിയ ഭരണവുമെല്ലാം ഖിലാഫത്ത് എന്ന സംജ്ഞയില്‍ ഒതുക്കപ്പെട്ടു. നബി(സ്വ)യുടെ പിന്‍ഗാമി എന്ന ആശയതലത്തില്‍ നിന്ന് മുസ്‌ലിംകളുടെ ഭരണാധികാരി എന്ന അര്‍ഥതലത്തിലേക്ക് പില്കാലത്ത് ഖലീഫ എന്ന പ്രയോഗത്തിന് പ്രചാരം സിദ്ധിച്ചു.

ശരീഅഃ

വിശുദ്ധ ഖുര്‍ആനും നബിചര്യയും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക നിയമങ്ങള്‍ക്കാണ് ശരീഅഃ എന്നു പറയുന്നത്. വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം, ബന്ധങ്ങള്‍, ഇടപാടുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും അടങ്ങിയ ശരീഅയില്‍ ഭരണ കാര്യങ്ങളും ഉള്‍പ്പെടുന്നു.  വിശുദ്ധ ഖുര്‍ആന്‍, നബിചര്യ എന്നീ അടിസ്ഥാന രേഖയും അവയില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞ ഇജ്മാഅ്, ഖിയാസ് എന്നിവയുമാണ് ഇസ്‌ലാമിലെ പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളില്‍ നിന്ന് രൂപപ്പെട്ടു വരുന്ന നിയമവ്യവസ്ഥയാണ് 'ശരീഅത്ത്' എന്ന് പറയുന്നത്. ശരീഅ എന്നാല്‍ നിയമം എന്നാണര്‍ഥം. (ഇന്ത്യയിലെ ശരീഅത്തു നിയമം എന്നു പറയുന്നത് മറ്റൊരു വിഷയമാണ്).

നേതൃത്വം, ഭരണം, ഖിലാഫത്ത് തുടങ്ങിയ പ്രയോഗങ്ങളും അതിലടങ്ങിയ ആശയങ്ങളും വികലമായി മനസ്സിലാക്കപ്പെട്ട ഒന്നിലേറെ ഉദാഹരണങ്ങള്‍ മുസ്‌ലിം സമൂഹത്തിലുണ്ട്. പ്രവാചകന്‍മാരെപ്പോലെ അപ്രമാദിത്വം (ഇസ്വ് മത്ത് ) കല്പിക്കപ്പെടുന്ന നേതാക്കള്‍ (ഇമാമുകള്‍) ഭരണകര്‍ത്താക്കളാവണം എന്ന ശിആ ചിന്താധാരയാണ് ഒന്ന്. രാഷ്ട്ര സംസ്ഥാപനവും ഭരണകൂട രൂപീകരണവും അനുബന്ധ കാര്യങ്ങളും ഇസ്‌ലാമിന്റെ പ്രാഥമികവാശ്യമാണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ വാദക്കാര്‍ ചെയ്യുന്നത്.

ദീന്‍ എന്നാല്‍ സ്‌റ്റെയ്റ്റ് ആണെന്നും അതിന്റെ ഭരണഘടനയാണ് ശരീഅത്ത് എന്നും സിദ്ധാന്തിച്ച സയ്യിദ് മൗദൂദിയുടെ വീക്ഷണമാണ് മറ്റൊന്ന്. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്പ വീടു പോലെയാണെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഭരണമില്ലാതെയും ദീന്‍ നിലനില്ക്കുമെന്നതിനാല്‍ ഉസ്താദ് മൗദൂദിയുടെ ഭരണത്തെ കുറിച്ച കാഴ്ച്ചപ്പാട് അബദ്ധപൂര്‍ണമാണെന്നു കാണാം. 

മുസ്‌ലിംകള്‍ക്ക് ആഗോളതലത്തില്‍ നേതൃത്വം അനിവാര്യമാണെന്നും ഖിലാഫത്ത് ഇല്ലാത്ത ഒരു കാലം സമുദായത്തിന് ഉണ്ടായിക്കൂടാ എന്നും സിദ്ധാന്തിക്കുന്ന ഖാദിയാനീ വീക്ഷണമാണ് മറ്റൊന്ന്. നുബുവ്വത്ത് വാദിയായ മിര്‍സാഗുലാം (1835-1908) എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുമാണ് ഖലീഫ എന്നതുകൊണ്ട് അവര്‍ അര്‍ഥമാക്കുന്നത്.

മേല്‍പറഞ്ഞ ഖിലാഫത്ത് സങ്കല്പങ്ങളൊന്നും ഇസ്‌ലാമിക പ്രമാണങ്ങളുമായി യോജിക്കുന്നതല്ല. 
 

Feedback