Skip to main content

പ്രകൃതിപരമായ മര്യാദകള്‍

മാനസിക ശുദ്ധിപോലെത്തന്നെ ശാരീരിക വൃത്തിക്കും ഇസ്‌ലാം പ്രാധാന്യം നല്കിയിട്ടുണ്ട്. ശരീരഭാഗങ്ങള്‍ ശുചീകരിക്കാനും ഭംഗിയാക്കാനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചതില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രകൃതിപരമായ കാര്യങ്ങള്‍. അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ''അഞ്ചു കാര്യങ്ങള്‍ പ്രകൃതിപരമായ കര്‍മങ്ങളില്‍ പെട്ടതാണ്. ചേലാകര്‍മം, ഗുഹ്യസ്ഥാനത്തെ രോമം നീക്കല്‍, കക്ഷത്തിലെ മുടി നീക്കല്‍, മീശ വെട്ടല്‍, നഖം മുറിക്കല്‍ എന്നിവയാണവ'' (ബുഖാരി, മുസ്‌ലിം). ഇവയെല്ലാം കൂടെയുള്ളവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ദുര്‍ഗന്ധം, അഴുക്ക് തുടങ്ങിയവയില്‍ നിന്നും മനുഷ്യനെ മുക്തമാക്കുകയും അവന് സ്വന്തമായൊരു വ്യക്തിത്വവും മാന്യതയും കൈവരുത്തുകയും ചെയ്യുന്നു. ഇവയെപ്പറ്റി ചുരുങ്ങിയ രൂപത്തില്‍ മനസ്സിലാക്കാം.

ഗുഹ്യരോമം നീക്കല്‍

ഗുഹ്യരോമം നീക്കുന്നതിന് പ്രത്യേക സമയമോ ദിവസമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എങ്കിലും നാല്പതു ദിവസത്തേക്കാള്‍ പിന്തിക്കരുത്. അനസുബ്നു മാലിക്(റ) പറഞ്ഞു: മീശ വെട്ടുന്നതിനും നഖം മുറിക്കുന്നതിനും കക്ഷത്തിലെ മുടി കളയുന്നതിനും ഗുഹ്യരോമം നീക്കുന്നതിനും നാല്പതു ദിവസത്തില്‍ കൂടുതല്‍ പിന്തിക്കരുതെന്ന് നബി(സ്വ) ഞങ്ങള്‍ക്ക് സമയം നിശ്ചയിച്ചു തന്നിരിക്കുന്നു (അബൂദാവൂദ്).

നഖം മുറിക്കല്‍

നഖം വളരുന്നതിനനുസരിച്ച് മുറിക്കല്‍ ശാരീരിക വൃത്തിയുടെ ഭാഗമാണ്. നഖത്തിനുള്ളില്‍ അഴുക്കും മറ്റും തങ്ങി നില്ക്കുകയും ആ കൈ കൊണ്ടു തന്നെ നാം ഭക്ഷണം കഴിക്കുകയും ചെയ്യുന്നത്ശാരീരിക രോഗങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ തന്നെ നഖം വളര്‍ത്താതെ മുറിച്ചു കളയുകയാണ് വേണ്ടത്. അത് ആഴ്ചയിലെ ഏതു ദിവസവുമാകാം. വ്യാഴാഴ്ച, വെള്ളിയാഴ്ച എന്നീ ദിവസങ്ങളില്‍ നഖം മുറിക്കുന്നതിന് പ്രത്യേകം പ്രാധാന്യമില്ല. 

മീശ വെട്ടല്‍

പ്രകൃതിപരമായ കര്‍മങ്ങളില്‍ പ്രവാചകന്‍ പഠിപ്പിച്ച ഒരു കാര്യമാണ് മീശവെട്ടുക എന്നുള്ളത്. ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മീശ കളയുകയും താടി വളരാന്‍ അനുവദിക്കുകയും ചെയ്യുക (ബുഖാരി). അഗ്നിയാരാധകരോട് എതിരാവാന്‍ വേണ്ടിയാണ് പ്രവാചകന്‍ ഇതു പഠിപ്പിച്ചത് എന്ന് മറ്റൊരു ഹദീസില്‍ കാണാവുന്നതാണ്. ഇവ്വിഷയകമായി വന്ന ഹദീസുകളില്‍ മീശ വെട്ടണമെന്നും, മീശ വടിക്കണമെന്നുമുള്ള ഹദീസുകള്‍ ഉണ്ട്. ഇവയിലേതും സ്വീകരിക്കാമെന്നാണ് പണ്ഡിതന്മാരുടെ വീക്ഷണം. ഏതായാലും മീശ അമിതമായി വളര്‍ത്തുന്നത് അഭികാമ്യമല്ല. 

പ്രകൃതിപരമായ കര്‍മങ്ങളില്‍ പ്രധാനപ്പെട്ടവ ഈ അഞ്ചു കാര്യങ്ങളാണെങ്കിലും ആഇശ(റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇതിനു പുറമെ താടി വളര്‍ത്തുക, മൂക്കില്‍ വെള്ളം കയറ്റി കഴുകുക, ദന്തശുദ്ധി വരുത്തുക, ശൗചം ചെയ്യുക, വായില്‍ വെള്ളം കൊപ്ലിക്കുക തുടങ്ങിയ അഞ്ചു കാര്യങ്ങള്‍ കൂടി പ്രകൃതിപരമായ കാര്യങ്ങളായി പഠിപ്പിക്കുന്നുണ്ട്.


 

Feedback