Skip to main content

ഉഹ്ദ് മല

വിശുദ്ധ ഹറം പരിധിയില്‍, മസ്ജിദുന്നബവിയില്‍നിന്ന് ഏകദേശം നാലുകിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ മലകളില്‍ ഒന്ന്. മുഹമ്മദ് നബി(സ്വ)യുടെ നേതൃത്വത്തില്‍ മുസ്ലിംകള്‍ ഖുറൈശികളുമായി നടത്തിയ രണ്ടാമത്തെ യുദ്ധം ഉഹ്ദ് മലയുടെ താഴ്‌വാരത്തിലായിരുന്നു. യുദ്ധത്തില്‍ ഭാഗിക പരാജയമേറ്റതിനാല്‍ ചരിത്ര പ്രസിദ്ധമായി. 

എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ടുകിലോമീറ്ററോളം വീതിയിലും വിശാലമായിക്കിടക്കുന്ന ഉഹ്ദ് ചെറുതും വലുതുമായ താഴ്‌വാരങ്ങളും കുന്നുകളും നിറഞ്ഞതാണ്. മലയുടെ ചുറ്റിലും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നുണ്ടിപ്പോള്‍. തിരുനബി(സ്വ)ക്ക് ഉഹ്ദ് മലയോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഉപമയായും ശ്രേഷ്ഠത വിവരിച്ചും തിരുവചനങ്ങളില്‍ ഈ മല പലപ്രാവശ്യം കടന്നുവന്നിട്ടുണ്ട്. 'ഇത് ഉഹ്ദ്മലയാണ് അത് നമ്മെ ഇഷ്ടപ്പെടുന്നു. നാം അതിനെയും' (ബുഖാരി 462). ഉഹ്ദ് മല സ്വര്‍ഗത്തിലെ വാതിലുകളില്‍ ഒന്നാകുന്നു, സ്തംഭങ്ങളില്‍ ഒന്നാണ് തുടങ്ങിയ നബിവചനങ്ങളും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രകള്‍ കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തുന്ന നബി(സ്വ)യെ വരവേല്‍ക്കാന്‍ പലപ്പോഴും ഉഹ്ദ് പുഷ്പിച്ച വര്‍ണ്ണ-സുഗന്ധങ്ങളില്‍ കുളിച്ചുനില്‍ക്കാറുണ്ടായിരുന്നുവെന്ന് സ്വഹാബിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പിതൃസഹോദരന്‍ ഹംസ(റ) ഉള്‍പ്പടെയുള്ള പ്രമുഖര്‍ രക്തസാക്ഷികളായിരിന്നു. ഇവരുടെയെല്ലാം ഖബ്‌റിടങ്ങളും ഉഹ്ദിന്റെ താഴ്വരയില്‍ തന്നെയാണ്. ഈ ഭാഗം മതില്‍കെട്ടി വേര്‍ത്തിരിച്ചിട്ടുണ്ട്. ഹംസ(റ) യുടെ രക്തസാക്ഷ്യസ്ഥാനം എന്നര്‍ത്ഥം വരുന്ന 'മശ്ഹദ് ഹംസ' എന്ന പേരിലും ഈ ചുവന്ന മല അറിയപ്പെടുന്നു.

അറേബ്യയിലെ ഇതര മലകളില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നതിനാലാണ് 'ഒറ്റയാന്‍' എന്ന് അര്‍ഥം വരുന്ന 'ഉഹ്ദ്' എന്ന നാമം ലഭിച്ചതെന്ന് പറയപ്പെടുന്നു.

Feedback