Skip to main content

മദാഇന്‍ സ്വാലിഹ്

മദീന നഗരത്തില്‍നിന്ന് 370 കിലോമീറ്റര്‍ അകലെ തബൂക്ക് ഭാഗത്തുള്ള ചുവന്ന കുന്നുകളും ഭീമന്‍ പാറക്കൂട്ടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന നിശ്ശബ്ദതാഴ്‌വരയാണ് മദാഇന്‍ സ്വാലിഹ്. സ്വാലിഹ് നബി(അ)യുടെയും ഥമൂദ് ഗോത്രത്തിന്റെയും ജീവിതസ്ഥാനമായ ഹിജ്റ്. പതിമൂന്ന് കിലോമീറ്റര്‍ പരന്നുകിടക്കുന്ന താഴ്‌വരയിലെ നൂറിലേറെ വരുന്ന കൂറ്റന്‍ ശിലാഭവനങ്ങള്‍, അതിനകത്ത് വസിച്ചിരുന്ന ഹിജ്റ്കാരുടെ ഭീമാകാരമായ ശില്പചാരുതി വിളിച്ചോതുന്നു. ഒപ്പം, അല്ലാഹു അവര്‍ക്കു മേലിറക്കിയ ശിക്ഷയുടെ ഭീകരതയും.

ദൈവദൃഷ്ടാന്തമായി ഒട്ടകത്തെ പ്രസവിച്ച മലയും ആ ഒട്ടകം ജലപാനം ചെയ്ത കിണറും ഖുര്‍ആനിക വചനങ്ങളെ (26:155) സത്യപ്പെടുത്തി ഇവിടെ നിലകൊള്ളുന്നു. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ 2008 മുതല്‍ മദാഇന്‍ സ്വാലിഹുണ്ട്.

മദാഇന്‍ സ്വാലിഹ് പുതിയ പേരാണ്. പഴയ നാമം ഹിജ്റ്. പ്രകൃതി സ്വയം സംരക്ഷണമേറ്റെടുത്ത 132 ശിലാ ഭവനങ്ങളാണ് ഇവിടെയുള്ളത്. ഓരോന്നിനെക്കുറിച്ചും ഹ്രസ്വവിവരണമടങ്ങുന്ന ബോര്‍ ഡുകള്‍ ഇവയുടെ മുന്‍ഭാഗത്തുണ്ട്. റോഡുകളും നിര്‍മിച്ചിട്ടുണ്ട്. 5000 വര്‍ഷം പഴക്കമുണ്ടാകും ഇവയ്ക്ക്.

സ്വാലിഹ് നബി(അ)യുടെ ദൃഷ്ടാന്തമായ ഒട്ടകത്തിന്, വെള്ളം കുടിക്കാനായി നിശ്ചയിച്ചതെന്ന് പറയ പ്പെടുന്ന കിണറും ഇവിടെയുണ്ട്.

മദാഇന്‍ സ്വാലിഹിന്റെ പ്രവേശന കവാടമായ അല്‍ഉല നഗരത്തിലെത്തുമ്പോള്‍ തന്നെ പാറക്കൂട്ടങ്ങളും കുന്നുകളും തുടങ്ങുകയായി. മദാഇനിലേക്കടുക്കും തോറും അവ കൂടിക്കൂടിവന്ന് വല്ലാത്തൊരു ഭീതി സന്ദര്‍ശകരെ പിടികൂടും. അത്രക്ക് ഭീമാകാരമാണ് ശിലാവീടുകള്‍. വീടുകളുടെ മുന്‍ഭാഗങ്ങള്‍ ശില്പഭംഗിയില്‍ കുളിച്ചുനില്‍ക്കുന്നു. മറ്റുഭാഗങ്ങള്‍ പാറകള്‍പോലെത്തന്നെ.

സ്വാലിഹി(അ)നെ അവഗണിക്കുകയും തങ്ങളുടെ കഴിവില്‍ അഹങ്കരിക്കുകയും ചെയ്ത സമൂദുകാരില്‍ അവരുടെതന്നെ ആവശ്യപ്രകാരം നല്‍കപ്പെട്ട ദൃഷ്ടാന്തമായ ഒട്ടകത്തെ അവരിലെ ഒമ്പതംഗ അക്രമിക്കൂട്ടം കൊലചെയ്തു. അതോടെ ഭീകരമായ ശിക്ഷയില്‍ അവര്‍ നശിപ്പിക്കപ്പെടുകയായിരുന്നു(69:5).

Feedback