Skip to main content

ഖുര്‍ആന്‍ പ്രിന്റിങ്ങ് കോംപ്ലക്സ്

വിശുദ്ധ ഖുര്‍ആന്‍ പ്രസാധനത്തിന് മാത്രമായി 1984ല്‍ ഫഹ്ദ് രാജാവ് തുറന്ന ലോകോത്തര അച്ചടി ശാലയാണ് മലിക് ഫഹ്ദ് ഖുര്‍ആന്‍ പ്രിന്റിംങ് കോംപ്ലക്സ് (മുജമ്മഉല്‍ മലിക് ഫഹ്ദ് ലിത്വിബാ അതില്‍ മുസ്വ്ഹഫിശ്ശരീഫ്). മദീന നഗരത്തില്‍ തബൂക്ക് റോഡിലെ മസ്ജിദ് ഖിബ്ലത്തൈനിക്ക് സമീപമാണ് രണ്ടരലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഈ പടുകൂറ്റന്‍ സമുച്ചയം.

സുഊദി ഔഖാഫ് ആന്റ് ദഅ്വ മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനം രണ്ടുവര്‍ഷം കൊണ്ടാണ് ഫഹ്ദ് രാജാവ് യാഥാര്‍ഥ്യമാക്കിയത്. ലോകത്തെ അംഗീകൃത പാരായണങ്ങളെ അടിസ്ഥാനമാക്കിയുള്ള മുസ്വ്ഹഫുകള്‍, പരിഭാഷകള്‍, തഫ്സീറുകള്‍ എന്നിവയുടെ അച്ചടി, ഓഡിയോ കാസറ്റുകള്‍ പുറത്തിറക്കുക, ഇസ്ലാമിക പഠന-ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, ഇതര ഖുര്‍ആന്‍ പ്രസാധനാലയങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയവയാണ് കോംപ്ലക്സിന്റെ പ്രവര്‍ത്തനങ്ങള്‍.

ഖുര്‍ആന്‍ പഠനകേന്ദ്രം, പരിഭാഷാകേന്ദ്രം, പ്രവാചക ചരിത്ര പഠനകേന്ദ്രം, പരിഭാഷാ കമ്മിറ്റി, റെക്കോര്‍ഡിങ് സെന്റര്‍ തുടങ്ങിയവയും ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖുര്‍ആന്‍, പരി ഭാഷകള്‍ എന്നിവയുടെ 10 മില്ല്യണ്‍ കോപ്പികളാണ് ഓരോ വര്‍ഷവും ഇവിടെ നിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്.

സാധാരണ സൈസിലുള്ള ആറുതരം മുസ്വ്ഹഫുകള്‍, വലിയ രൂപത്തിലുള്ള ഏഴുതരം, പോക്കറ്റ് മോഡല്‍ മൂന്നുതരം, കൂടാതെ പത്ത് ജുസ്അ് അടങ്ങുന്നത്, അമ്മ ജുസ്അ്, ഖദ്സമിഅ ജുസുഅ്, (അവസാനത്തെ മൂന്ന് ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകം) യാസീന്‍ സൂറത്ത് തുടങ്ങി 20ലധികം തരത്തിലുള്ള മുസ്വ്ഹഫുകളുടെ ദശലക്ഷക്കണക്കിന് കോപ്പികള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.

'തഫ്സീറുല്‍മുയസ്സര്‍' എന്ന പേരില്‍ മൂന്നുവിധം ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ 25 ഏഷ്യന്‍ ഭാഷകളുള്‍പ്പെടെ ലോകത്തെ 50ലേറെ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍, ചില ഭാഷകളില്‍ അറബിക് ടെക്സ്റ്റ് ഒഴിവാക്കിയുള്ളത് എന്നിവയും പ്രസിദ്ധീകരിച്ചു. കേരളത്തിലെ മുജാഹിദ് പണ്ഡിതരായ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ എന്നിവര്‍ തയ്യാറാക്കിയ വിശുദ്ധഖുര്‍ആന്‍ വിവരണവും ഇവയില്‍പ്പെടും. വിവിധ രിവായത്തുകളിലുള്ള ഏഴ് ഓഡിയോ സിഡികളും പുറത്തിറങ്ങിയിട്ടുണ്ട്.

ഓരോ വര്‍ഷവും ഹജ്ജിനും ഉംറക്കുമെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുഊദി രാജ കുടുംബത്തിന്റെ ഉപഹാരമായാണ് ഇവയെല്ലാം നല്‍കുന്നത്. കോംപ്ലക്സിലെത്തുന്ന സന്ദര്‍ശകര്‍ക്കും അവരിഷ്ടപ്പെടുന്നവ നല്‍കും. ഔഖാഫ് മന്ത്രാലയം വിവിധ രാജ്യങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും.

1700 ജീവനക്കാര്‍ കോംപ്ലക്സിലുണ്ട്. 24 മണിക്കൂറും ഇത് പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് താമസ സ്ഥലങ്ങള്‍, ഹോട്ടല്‍, പള്ളി, ആശുപത്രി, ലൈബ്രറി എന്നിവയും കോംപ്ലക്സ് കോമ്പൗണ്ടിലുണ്ട്.

അന്തര്‍ദേശീയ ഖുര്‍ആന്‍ സെമിനാറുകള്‍, അറബി കാലിഗ്രഫി പ്രദര്‍ശനങ്ങള്‍, കൈയെഴുത്ത് കല പരിശീലനങ്ങള്‍, ഖുര്‍ആന്‍ അച്ചടിയിലെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തുടങ്ങിയവയും ഇവിടെ സംഘടിപ്പിക്കാറുണ്ട്.

സ്വാലിഹ്ബ്ന്‍  അബ്ദില്‍അസീസ് ആലുശൈഖ് ആണ് നിലവില്‍ കോംപ്ലക്സിന്റെ ജനറല്‍ സെക്രട്ടറി.

Feedback