Skip to main content

ദാനധര്‍മ്മങ്ങള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചാവുക

ഏതൊരു കര്‍മവും അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലാര്‍ഹമായിത്തീരുന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ആ പ്രവര്‍ത്തി ചെയ്യുമ്പോഴാണ് സ്വദഖയുടെ കാര്യത്തില്‍ പ്രത്യകിച്ചും. അല്ലാഹു പറയുന്നു; ''അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്‍മയ്ക്ക് വേണ്ടിതന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതികാണിക്കപ്പെടുകയില്ല''(വി.ഖു.:2:272).

2. രഹസ്യമായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം

അല്ലാഹു പറയുന്നു: ''നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു''(വി.ഖു:2:271).

3. നല്ല വസ്തുവാണ് ചെലവഴിക്കേണ്ടത്

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കുവാനായി കരുതിവെക്കരുത്. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക''(വി.ഖു.:2:267).

4. ഇഷ്ടപ്പെട്ട വസ്തു ധര്‍മം ചെയ്യുന്നതാണ് ഏറെ പുണ്യകരം

അല്ലാഹു പറയുന്നു: ''നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്  നിങ്ങള്‍ ചെലവഴിക്കുന്നത്‌വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തുചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു'' (വി.ഖു:3:92).

ഈ വചനം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹത്ത്(റ). അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍വെച്ച് അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് 'ബൈറുഹാ'  എന്ന തോട്ടമായിരുന്നു. അത് അദ്ദേഹം ദാനമായി നല്‍കി. അപ്പോള്‍, നബി(സ്വ) പറഞ്ഞു: 'അത് ലാഭകരമായ ധനം, ലാഭകരമായ ധനം' അപ്രകാരം ഉമര്‍(റ)ന് അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍വെച്ച്: കൂടുതല്‍ വിലപ്പെട്ടത് ഖൈബറിലെ 'ഗനീമത്ത്' ഭാഗിച്ചപ്പോള്‍ കിട്ടിയ ഓഹരിയായ ഒരു തോട്ടമായിരുന്നു. നബി(സ്വ)യോട് ആലോചിച്ചശേഷം അത് അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖഫ് ആയി പ്രഖ്യാപിച്ചു. ഇബ്നു ഉമര്‍(റ) തനിക്ക് കൂടുതല്‍ പ്രിയങ്കരമായ സ്വത്തായികണ്ട  റോമാക്കാരിയായ തന്റെ ഒരു അടിമസ്ത്രീയാണ് അദ്ദേഹം അവളെ സ്വതന്ത്രയാക്കിവിട്ടു. സൈദുബ്‌നു ഹാരിസ(റ)യുടെസ്വത്തുക്കളില്‍ അദ്ദേഹത്തിന് ഏറ്റം പ്രിയപ്പെട്ടത് അദ്ദേഹത്തിന്റെ കുതിരയായിരുന്നു. അതിനെ അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മമായി നബി(സ്വ)ക്കു നല്‍കി. ഇപ്രകാരം സ്വഹാബികള്‍ തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്വത്തുക്കള്‍ ധര്‍മമായി നല്‍കിയാണ് പുണ്യം കരസ്ഥമാക്കിയത്.

5. സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുക

അല്ലാഹു പറയുന്നു: ''(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു''(വി.ഖു:3:134).

6. അര്‍ഹരായ ആളുകളെ കണ്ടെത്തി കൊടുക്കുക

അല്ലാഹു പറയുന്നു: ''ഭൂമിയില്‍സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക). (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത്‌പോലെ അറിയുന്നവനാണ്''(വി.ഖു:2:273).

7. ധാനധര്‍മങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത്

ധാനധര്‍മങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായതു ഏതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) തിരുമേനി മറുപടി നല്‍കി: ''നീ ദാരിദ്ര്യത്തെ പേടിച്ചും ധനത്തിനു മോഹിച്ചും കൊണ്ട് ആരോഗ്യവാനും പിശുക്കനുമായിരിക്കുമ്പോള്‍ ദാനധര്‍മം ചെയ്യലാണ്. ഏറ്റവും ഉത്തമമായത് ജീവന്‍ തൊണ്ടക്കുഴിയിലെത്തുന്നതുവരേക്കും നീട്ടിവെക്കരുത്, ആ അവസരത്തില്‍ നീ പറഞ്ഞേക്കും: 'ഇന്ന ആള്‍ക്കു ഇത്ര, ഇന്നആള്‍ക്കു ഇത്ര' എന്ന്. അപ്പോഴാകട്ടെ, അതു ഇന്ന ആള്‍ക്ക് (അവകാശികള്‍ക്ക്) ആയിക്കഴിയുകയും ചെയ്തിരിക്കും''(ബുഖാരി, മുസ്‌ലിം).

 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Thursday Jun 13, 2024
  • Dhu al-Hijja 6 1445