Skip to main content

നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍

ദാനധര്‍മങ്ങളെ നിഷ്ഫലമാക്കുന്ന കാര്യങ്ങള്‍

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ്‌കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും  നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല (ഖുര്‍ആന്‍:2:264). 
ഈ സൂക്തത്തില്‍ നിന്ന് ദാനധര്‍മങ്ങളെ മൂന്നു കാര്യങ്ങള്‍ നിഷ്ഫലമാക്കുമെന്നു കാണാവു ന്നതാണ്.
1)    ധര്‍മം നല്‍കിയ കാര്യംഎടുത്തു പറയുക.
2)  ധര്‍മം നല്‍കിയ വ്യക്തിയെ അതിന്റെപേരില്‍ പ്രവൃത്തിയാലോ വാക്കാലോ പ്രയാസപ്പെടു ത്തുക.
3) അന്യരെ കാണിക്കുവാനും അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തോടെയും ധര്‍മം നല്‍കുക.

അതിനാല്‍ അല്ലാഹുവിങ്കല്‍നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ധര്‍മം ചെയ്യുന്ന ഒരാള്‍ ഈ മൂന്നുകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്.

ആര്‍ക്കാണ് നല്‍കേണ്ടത്

അല്ലാഹു പറയുന്നു: (നബിയേ), അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു(ഖുര്‍ആന്‍: 2:215). സകാത്തിന്റെ അവകാശികളെ എണ്ണിയപ്പോള്‍ മാതാപിതാക്കളെയോ ബന്ധുക്കളെയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സ്വദഖയുടെ അവകാശികളെപ്പറ്റി പറഞ്ഞപ്പോള്‍ അല്ലാഹു ആദ്യം എണ്ണിയത് മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയുമാണ്. അതിനാല്‍ ദാനധര്‍മങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കിയാല്‍ ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഒന്ന് സ്വദഖ  നല്കിയതിന്റെയും മറ്റൊന്ന് കുടുംബ ബന്ധം ചേര്‍ത്തതിന്റെയും പ്രതിഫലം.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback