Skip to main content

ഫിത്വ്‌ർ സകാത്ത്

റമദാന്‍വ്രതം അവസാനിക്കുന്നതോടുകൂടി, പെരുന്നാള്‍ ദിവസത്തേക്കുള്ള ഭക്ഷണം കഴിച്ചു മിച്ചമുള്ള എല്ലാ മുസ്‌ലിങ്ങൾക്കും നിര്‍ബന്ധമായ ദാനമാണ് ഫിത്വ്‌ർ സകാത്ത്. സാധാരണ സകാത്തില്‍ നിന്ന് വ്യത്യസ്തമായി ഈ സകാത്തിന്, നിസാബ് പൂര്‍ത്തിയാവുക, വര്‍ഷം തികയുക, ആവശ്യങ്ങള്‍ കഴിച്ചു ബാക്കിയുണ്ടാവുക എന്ന നിബന്ധനകളൊന്നും ബാധകമല്ല. പെരുന്നാള്‍ ദിവസത്തേക്കുള്ള ഭക്ഷണത്തിനു നീക്കിവെച്ചു ബാക്കിയുണ്ടാവണം എന്നുമാത്രം.

അബൂസഈദില്‍ഖുദ്‌രി(റ) പറയുന്നു: ''മുസ്ലിംകളിലെ അടിമകള്‍, സ്വതന്ത്രര്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാവരുടെമേലും ഒരു സ്വാഅ് കാരക്ക അല്ലെങ്കില്‍ ഒരു സ്വാഅ് യവം(ബാര്‍ലി) ഫിത്വ്‌ർ സക്കാത്ത് നല്‍കല്‍ നബി(സ്വ) നിര്‍ബന്ധമാക്കിയിരിക്കുന്നു''.

പ്രവാചകന്‍(സ്വ) പറയുന്നു: ''ഫിത്വ്‌ർ സകാത്ത് നോമ്പുകാരനില്‍ സംഭവിച്ചേക്കാനിടയുള്ള അനാവശ്യങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നുമുള്ള ശുദ്ധീകരണവും ദരിദ്രര്‍ക്കുള്ള ഭക്ഷണവുമാണ്''. മറ്റു ചില റിപ്പോര്‍ട്ടുകളില്‍ പെരുന്നാള്‍ ദിവസമെങ്കിലും യാചനയില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടാന്‍ വേണ്ടിയും കൂടിയാണ് എന്നും കാണാവുന്നതാണ്. 

പെരുന്നാള്‍ ദിവസം യാചിക്കാതിരിക്കാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ  ഫിത്വ്‌ർ സകാത്തിന് വേണ്ടി ജനങ്ങള്‍ പെരുന്നാള്‍ തലേന്ന് തെണ്ടി നടക്കുന്ന ഒരു ദുരവസ്ഥ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. സംഘടിത ഫിത്ർ സകാത്തിന്റെ ആവിര്‍ഭാവത്തോടെ ഇത് ഏതാണ്ട് കുറഞ്ഞിട്ടുണ്ട്. എങ്കിലും ആ ദുരവസ്ഥ പലയിടത്തും തുടരുന്നുണ്ട്. ഈ കാര്യത്തില്‍ ഇനിയും ഏറെ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.

എന്താണ് നല്‍കേണ്ടത്

നബി(സ്വ)യും സ്വഹാബികളും ഗോതമ്പ്, മുന്തിരി, ഈത്തപ്പഴം, പാല്‍ക്കട്ടി എന്നിവയൊക്കെ ഫിത്വര്‍ സക്കാത്തായി നല്‍കിയിരുന്നതിനാല്‍ നാട്ടിലെ പ്രധാന ഭക്ഷണ സാധനങ്ങളാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.

ഭക്ഷണസാധനം വാങ്ങിക്കൊടുക്കാന്‍ വിശ്വസ്തരായ വ്യക്തികളെയോ സകാത്ത് കമ്മിറ്റികളെയോ ഉത്തരവാദപ്പെടുത്തി ഭക്ഷണവസ്തുവിന്റെ വില ഫിത്വറ് സകാത്തായി നല്‍കാവുന്നതാണ്.  അര്‍ഹതപ്പെട്ട ആളുകള്‍ക്ക് നാട്ടിലെ മുഖ്യആഹാര വസ്തുക്കളായിരിക്കണം കമ്മിറ്റികളോ ഉത്തരവാദപ്പെട്ടവരോ വാങ്ങിക്കൊടുക്കേണ്ടത്. കാരണം  നബി(സ്വ) അന്നാട്ടിലെ പ്രധാന ഭക്ഷണവസ്തു ക്കളായിരുന്നു ഫിത്വര്‍ സകാത്തായി നല്‍കിയിരുന്നത് .

നല്‍കേണ്ട സമയം

പ്രവാചകന്‍(സ്വ) പറഞ്ഞു : 'വല്ലവരും (പെരുന്നാള്‍) നമസ്‌കാരത്തിനു മുമ്പ് അത് വിതരണം ചെയ്താല്‍ അത് ഫിത്വര്‍ സകാത്തായി. എന്നാല്‍ നമസ്‌കാരത്തിന് ശേഷം വല്ലവനും നല്‍കുകയാണെങ്കില്‍ അത് കേവലം ഒരു ദാനമായി മാത്രമേ പരിഗണിക്കുകയുള്ളൂ (അബൂദാവുദ്). 

ഫിത്വ്‌ർ സകാത്ത് പാവപ്പെട്ടവര്‍ക്ക് പെരുന്നാളാവശ്യത്തിന്ന് ഉപകാരപ്പെടത്തക്കവിധം പെരുന്നാളിന്ന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ വിതരണം ചെയ്യാവുന്നതാണ്. അര്‍ഹതപ്പെട്ടവരുടെ വീടുകളിലേക്ക് എത്തിക്കുവാന്‍ അത് ആവശ്യമാണുതാനും. റമദാനിലെ ഏതു ദിവസവും അത് നല്‍കാമെന്നകാര്യം ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ്). ഇബ്‌നുഉമര്‍(റ) പറയുന്നു: ''അവര്‍(സ്വഹാബികള്‍) ഫിത്വര്‍ സകാത്ത് പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ വിതരണം ചെയ്യാറുണ്ടായിരുന്നു'' (ബുഖാരി).

മറ്റു സകാത്തുപോലെത്തന്നെ ഫിത്വ്‌ർ സകാത്തും സംഘടിതമായിത്തന്നെയായിരുന്നു നബിയുടേയും സ്വഹാബത്തിന്റെയും പൂര്‍വ്വികരായ ഇമാമുകളുടേയും കാലഘട്ടത്തില്‍ വിതരണം ചെയ്തിരുന്നത്. വ്യക്തികള്‍ നേരിട്ട്‌വിതരണം ചെയ്യുന്ന സമ്പ്രദായം പതിവുണ്ടായിരുന്നില്ല. 

അബൂഹുറയ്‌റ(റ) പറയുന്നു: ''റമദാനിലെ സകാത്ത് (ഫിത്വ്‌ർ സകാത്ത്) സൂക്ഷിക്കുവാന്‍ നബി(സ്വ) എന്നെ ചുമതലപ്പെടുത്തി''.
അബൂഹുറയ്‌റ(റ)വിനെ ഫിത്വ്‌ര്‍സകാത്ത് സൂക്ഷിക്കാന്‍ ചുമതലഏല്‍പ്പിച്ചിരുന്നു എന്നതില്‍ നിന്നുതന്നെ അത് നേരത്തെ സംഭരിച്ചിരുന്നുഎന്നും, ഫിത്വ്‌ര്‍സകാത്ത് വ്യക്തികള്‍ നേരിട്ട് നല്‍കലായിരുന്നില്ല ഇസ്ലാമിന്റെ ആദ്യകാലത്ത് നടപ്പിലുണ്ടായിരുന്ന രീതി എന്നും മനസ്സിലാക്കാം. അതിനാല്‍ മറ്റുസകാത്തുകളെപ്പോലെ ഫിത്വ്‌ര്‍സകാത്തും സംഘടിതമായാണ് നല്‍കേണ്ടത്.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍


 

Feedback
  • Thursday Jun 13, 2024
  • Dhu al-Hijja 6 1445