Skip to main content

സകാത്ത് പൂര്‍വസമുദായങ്ങളില്‍

ഇസ്‌ലാമിക ശരീഅത്തിലെ മൗലിക നിയമങ്ങള്‍ (മതനിയമം) തന്നെയായിരുന്നു മുന്‍ സമുദായങ്ങള്‍ക്കും എന്ന് വ്യക്തമാണ്. ഖുര്‍ആന്‍ പറയുന്നു: ''നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായകാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു''(42:13). 

ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക ശരീഅ(മതനിയമ)ത്തിന്റെ വളരെ പ്രധാനപ്പെട്ട സകാത്തും പൂര്‍വ സമുദായങ്ങളിലും നിയമമാക്കപെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്.

സൂറ: മര്‍യമില്‍ ഇസ്മാഈല്‍ നബി(അ)യെക്കുറിച്ച് പറയുന്നു: ''തന്റെ ആളുകളോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു'' (19:55).

ഇതുപോലെ ഈസാ നബി(അ)യും തന്റെ ജനതയോട് സകാത്ത് നല്‍കാന്‍ കല്പിക്കുന്നതായി ഖുര്‍ആനില്‍ പറയുന്നു. എന്നാല്‍ ഇസ്‌ലാമിലെ സകാത്തിന്റെ അതേരൂപത്തിലുള്ള സകാത്ത് സംഭരണവിതരണക്രമമായിരുന്നോ ഇസ്‌ലാമിന് മുമ്പുള്ള സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല.

പൗരാണിക നാഗരിക സമൂഹങ്ങളില്‍

ദാരിദ്ര്യത്തിനും  നിര്‍ഗതിക്കും ചരിത്രത്തോളം പഴക്കമുണ്ട്. എല്ലാ ജനപഥങ്ങളിലും പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്നവരെ കണ്ടെത്താനാവുമെന്നു മാത്രമല്ല അവരിലെ തത്വചിന്തകരുടെയും പ്രവാചകന്മാരുടെയും ഉപദേശങ്ങളും മറ്റും ഉണ്ടായിട്ടുപോലും കാലം ചെല്ലുംതോറും പട്ടിണിപ്പാവങ്ങളുടെയൊക്കെ അവസ്ഥ കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നതായും നമുക്ക് കാണാന്‍ കഴിയും.

സമ്പത്തിന്റെ സിംഹഭാഗവും കൈയടക്കിവെക്കുന്ന ധനികവര്‍ഗം കൂടുതല്‍ സമ്പന്നതയിലേക്ക്  കുതിക്കുമ്പോള്‍ ഇവരുടെ ചൂഷണത്തിനു വിധേയരാവുന്ന പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പ്രയാസത്തിലേക്കും കൂപ്പുകുത്തുന്നു. പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാഠിന്യത്താല്‍  പൗരാണിക ഈജിപ്തില്‍ ഒരു രാജഭരണകാലത്ത് ഉണ്ടായ കൊടിയ ക്ഷാമം കാരണം അവിടെയുണ്ടായിരുന്ന ദരിദ്രര്‍ തങ്ങളെത്തന്നെ അവിടുത്തെ ധനികര്‍ക്ക് അടിമകളായി വില്‍ക്കുകയുണ്ടായി. പൗരാണിക റോം-പേര്‍ഷ്യന്‍- ബാബിലോണിയന്‍ സമുദായങ്ങളുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

മനുഷ്യ നിര്‍മിത മതങ്ങളുള്‍പ്പെടെ എല്ലാ മതങ്ങളും ദരിദ്രരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അവരുടെ ഉന്നമനത്തിനുവേണ്ടിയും ശബ്ദിക്കുന്നുണ്ട്. ഇതില്‍ സെമിറ്റിക് മതങ്ങളായ ജൂത-ക്രൈസ്തവ മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഈ വിഭാഗത്തെ സഹായിക്കേണ്ടതിന്റെയും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കേണ്ടതിന്റെയും ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

ബൈബിള്‍ പഴയ നിയമത്തില്‍

എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല - രഹസ്യത്തില്‍ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍കൊണ്ടുവരുന്ന സമ്മാനം ഉഗ്ര കോപത്തെയും ശമിപ്പിക്കുന്നു  (സദൃശ്യവാക്യങ്ങള്‍ 21:13-14).


നിന്റെ ദൈവമായ യഹോവ നിനക്കുതരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരന്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം (ആവര്‍ത്തനം 22:7). 


ബൈബിള്‍ പുതിയ നിയമത്തില്‍

നിങ്ങള്‍ക്കുള്ളതു വിറ്റ് ഭിക്ഷകൊടുപ്പിന്‍; കള്ളന്‍ അടുക്കയോ പുഴു കെടുക്കുകയോ ചെയ്യാത്ത സ്വര്‍ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്കുണ്ടാക്കിക്കൊള്‍വിന്‍ (ലൂക്കോസ് 12:33).


അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും'' എന്നു പറഞ്ഞു (ലൂക്കോസ് 11:41).   

ഇസ്ലാമികേതര മതങ്ങളുടെ ദാനധര്‍മങ്ങളോടുള്ള സമീപനം, അവയൊന്നും ഇസ്‌ലാമിലെ സകാത്ത്‌പോലെ നിശ്ചിത സ്വത്തുള്ളവര്‍ അതിന്റെ ഒരു നിര്‍ണിത ഭാഗം പാവപ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും നല്‍കണം, അല്ലാത്തപക്ഷം അവര്‍ ദൈവീക ശിക്ഷക്ക് പാത്രമായിത്തീരുമെന്ന് പഠിപ്പിക്കുന്നില്ല. മറിച്ച് അത് വ്യക്തികള്‍ക്ക് വേണമെങ്കില്‍ ചെയ്യാവുന്ന ഐഛിക കാര്യമായാണ് പഠിപ്പിക്കപ്പെടുന്നത്. അതിനാല്‍ ധനികരുടെ കനിവിനായി അവര്‍ക്കു വിധേയരായും കീഴ്‌പെട്ടും കഴിഞ്ഞുകൂടേണ്ട ഒരു വിഭാഗമായി പാവപ്പെട്ടവര്‍ എന്നും കഴിയേണ്ടിവരുന്നു. ഇത്തരം ദാനധര്‍മങ്ങള്‍ ശേഖരിച്ച് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഒരു സംഘടിത രൂപത്തെക്കുറിച്ച് നേരിയ ഒരു പരാമര്‍ശംപോലും മറ്റു മതങ്ങളുടെ അധ്യാപനങ്ങളില്‍ ഇല്ല.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

 

Feedback