Skip to main content

വ്രതവും ആരോഗ്യവും

ഇസ്‌ലാമിലെ മറ്റെല്ലാ ആരാധനകളെയും പോലെ വ്രതത്തിന് ആത്മീയവും ഭൗതികവുമായ മാനങ്ങളുണ്ട്. ദൈവപ്രീതിയാണ് വ്രതത്തിന്റെ കാതല്‍. എന്നാല്‍ ഈ ആത്മീയ അനുഷ്ഠാനം കേവലം അര്‍ഥരഹിതമായ ആചാരമല്ല. അന്നപാനങ്ങള്‍ ഉപേക്ഷിച്ച് വ്രതമെടുക്കുന്നത് ആത്മപീഡനമല്ല. മാത്രമല്ല, വ്രതാനുഷ്ഠാനം ഭൗതികമായി മനുഷ്യ ശരീരത്തിന് ആവശ്യമാണെന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. ഇങ്ങനെ ഒരുഭൗതികമാനവും കൂടി ഈ ആരാധനാകര്‍മത്തിനുണ്ട്. പക്ഷേ അത് ലക്ഷ്യമല്ല. ആരോഗ്യസംരക്ഷണത്തിനും രോഗശാന്തിക്കും പുരാതനകാലം മുതല്‍ ഇന്നുവരെയുള്ളവൈദ്യലോകം ഉപവാസം നിര്‍ദേശിക്കാറുണ്ട്. ഇസ്‌ലാമിന്റെ നോമ്പ് വ്യതിരിക്തമാകുന്നത്, ആത്മീയതക്കു പുറമെ അനിതരമായ അതിന്റെ ബാഹ്യവും ശാരീരികവും മാനസികവുമായ സ്വാധീനങ്ങളില്‍കൂടിയാണ്. 


    
ഇസ്‌ലാമിലെ വ്രതം മനുഷ്യന്റെ അടിസ്ഥാന ആഗ്രഹമായ ഭക്ഷണം, ലൈംഗികത തുടങ്ങിയവയെ നിര്‍ണിത മണിക്കൂറുകളില്‍ പൂര്‍ണമായും സൂക്ഷ്മമായും നിയന്ത്രിക്കുമ്പോള്‍ മോഹങ്ങളെ നിയന്ത്രിച്ച് പൂര്‍ണ മാനസിക കരുത്ത് നേടാന്‍ അവനെ സഹായിക്കുന്നു.
    
അതോടൊപ്പം ഭക്ഷണത്തോടും ലൈംഗികതയോടുമുള്ള നൈസര്‍ഗിക താത്പര്യങ്ങളെ പൂര്‍ണമായും നിഷേധിക്കുന്നത് പ്രകൃതിവിരുദ്ധമാണ്. പ്രകൃതിപരമായി മനുഷ്യന് ആസ്വദിക്കാനുള്ളതും നിലനില്പിന് അനിവാര്യമായിട്ടുള്ളതുമാണ് അന്നപാനീയങ്ങളും ലൈംഗികചോദനകളും. ഇത് രണ്ടും തടയുന്നത്  മാനസികവും ശാരീരികവുമായ ക്രൂരതയാണ്. ഇവയുടെ അനിയന്ത്രിതമായ ഉപയോഗമാകട്ടെ മനുഷ്യനെ മാറാരോഗിയും സമൂഹദ്രോഹിയുമാക്കും. ഇവിടെയാണ് ഇസ്‌ലാമിലെ വ്രതത്തിന്റെ മറ്റൊരുയുക്തി പ്രകടമാകുന്നത്.
    
ആഹാരത്തിന്റെ നിയന്ത്രിത ഉപയോഗമാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ കാതല്‍. എന്നാല്‍ മനുഷ്യന്റെ ഇഛകള്‍, അപകടകരമാണെന്നറിയുമ്പോഴും ഈ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അവനെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും അവനതില്‍ വീണുപോവുകയും ചെയ്യുന്നു. അങ്ങനെ അഹിതവും അമിതവുമായ ഭക്ഷണക്രമം അവനെ ശാരീരിക-മാനസിക പ്രയാസങ്ങളിലേക്കെത്തിക്കുന്നു. നിര്‍ണിത ദിവസങ്ങളിലെ നിശ്ചിത മണിക്കൂറുകള്‍ അന്നപാനീയങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുകവഴി അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ഇത്തരം കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയുന്നു. ഏതാനും മണിക്കൂറുകള്‍ ദഹനപ്രക്രിയ നിര്‍ത്തിവെക്കപ്പെടുമ്പോള്‍  അവയവങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കും. ഇത് അവയെ കൂടുതല്‍ കരുത്തുറ്റതാക്കുകയും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ശരീരകോശങ്ങള്‍, മജ്ജ, കരള്‍, വൃക്കകള്‍, ഹൃദയം, തലച്ചോറ്, രക്തം, അന്നനാളം മുതല്‍ വിസര്‍ജനാവയവങ്ങള്‍ വരെയുള്ള ദഹനേന്ദ്രിയങ്ങള്‍ എന്നിവയെല്ലാം പുനക്രമീകരിക്കപ്പെടുന്നു. 

ഈ വിശ്രമസമയത്തും ശരീരത്തിന്റെ മറ്റുപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കണം. ശരീരത്തില്‍ അടിഞ്ഞുകൂടി മാലിന്യമായി മാറിയ പോഷകങ്ങള്‍ ഈ സമയത്തെ ശാരീരിക പ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെടുക വഴി ഇതു സാധിക്കുന്നു. പുറമെ ശരീരത്തെ ദുര്‍മേദസ്സുകളില്‍ നിന്ന് മുക്തമാക്കാനും കഴിയുന്നു. ഉപവാസം മിക്ക രോഗങ്ങള്‍ക്കും ശമനൗഷധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. (ആരോഗ്യവിജ്ഞാനകോശം - ഡോ. ഗോപാലകൃഷ്ണന്‍, വൈദ്യരത്‌നം വേലായുധന്‍ നായര്‍) നബി(സ) പറഞ്ഞതെത്ര ശരി! നിങ്ങള്‍ നോമ്പെടുക്കുക, ആരോഗ്യവാന്മാരാകാം (ത്വബ്‌റാനീ).
    
ഭക്ഷ്യപേയാദികളുടെ നിരാസം ശരീരത്തിനെ അപകടത്തിലാക്കുന്നത് ആദ്യത്തെ 36 മണിക്കൂറുകള്‍ക്ക് ശേഷമാണ്. അഥവാ ശരാശരിയില്‍ താഴ്ന്ന ആരോഗ്യസ്ഥിതിയുള്ളവന് പോലും പരമാവധി 14-15 മണിക്കൂര്‍ വരുന്ന ഇസ്‌ലാമിലെ വ്രതം യാതൊരു അപകടവുമുണ്ടാക്കുന്നില്ല. ഈ സമയത്ത് അവന് അനുഭവപ്പെടുന്ന വിശപ്പും ക്ഷീണവും പ്രത്യക്ഷത്തില്‍ പ്രയാസം ഉണ്ടാക്കുമെങ്കിലും അത് അവന് ഹാനികരമാകുന്നില്ല. ഇനി ഉപവസിക്കുന്നവന് അപകടമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളിലാകട്ടെ വ്രതം അനുഷ്ഠിക്കല്‍ ഇസ്‌ലാമില്‍ കുറ്റകരമാണുതാനും. രോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, വാര്‍ധക്യത്തിന്റെ അവശതയനുഭവിക്കുന്നവര്‍, യാത്രക്കാര്‍, കടുത്തജോലിക്കാര്‍, കുട്ടികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം നോമ്പില്‍ ഇളവനുവദിക്കപ്പെട്ടിട്ടുണ്ട്.
    
വ്രതമെടുക്കുന്നത് പ്രഭാതം മുതല്‍ അസ്തമയം വരെ എന്ന സമയപരിധി പാലിച്ചുകൊണ്ടാകണം എന്നതുപോലെ അത്താഴം കഴിക്കാനും കാരക്ക, വെള്ളം എന്നിവകൊണ്ട് നോമ്പുതുറക്കാനും ആവശ്യപ്പെടുന്നതും രാത്രി സമയത്ത് ഭക്ഷണവും ലൈംഗികതയും ആവാമെന്ന് പഠിപ്പിക്കുന്നതും (2:187) നോമ്പുകാരന്റെ ആരോഗ്യ സംരക്ഷണാര്‍ഥമാണ്. റമദാന്‍ മാസത്തില്‍ മാത്രമേ തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഐഛികവ്രതം കൂടിവന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളിലേ പാടുള്ളൂ. ഇതും വ്രതം ആരോഗ്യദായകമാകാനും ആരോഗ്യമുള്ള വ്രതക്കാരനാകാനും ഇസ്‌ലാമിന്റെ ശ്രദ്ധയാണ്.

Feedback