Skip to main content

ഖബ്‌റടക്കേണ്ട സമയം

മൃതദേഹം ഖബ്‌റടക്കുന്നതിന് പകല്‍ സമയമാണ് കൂടുതല്‍ സൗകര്യമെങ്കിലും രാത്രിയില്‍ സംസ്‌കരി ക്കുന്നതിനും വിരോധമില്ല. ''പൂര്‍വികരും പിന്‍ഗാമികളുമായ അധിക പണ്ഡിതന്മാരും രാത്രിയില്‍ മറവ് ചെയ്യുന്നത് കറാഹത്തല്ലെന്ന് പറഞ്ഞു'' (ശറഹുമുസ്‌ലിം 8: 11).

ജാബിറില്‍നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ''നബി(സ്വ) ഒരു ദിവസം ഖുത്വ്ബ നിര്‍വഹിച്ചപ്പോള്‍ തന്റെ ഒരനുചരനെ അനുസ്മരിച്ചു - അദ്ദേഹം മരണപ്പെട്ടപ്പോള്‍ മോശമായ പുടവയില്‍ പൊതിഞ്ഞു. നിശാവേളയില്‍ ഖബ്‌റടക്കേണ്ടിവന്നു. മയ്യിത്തിന്റെ പേരില്‍ (പരസ്യമായി) നമസ്‌കാരം നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ മറവുചെയ്യുന്നത് നബി(സ്വ) നിരോധിച്ചു. നിങ്ങള്‍ തന്റെ സഹോദരനെ കഫന്‍ ചെയ്യുമ്പോള്‍ പുടവ നന്നാക്കണമെന്ന് പറയുകയുംചെയ്തു.''

മയ്യിത്ത് നമസ്‌കരിക്കുക, കഫന്‍ പുടവ നന്നാക്കുക തുടങ്ങിയ കടമകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ചവരാന്‍ ഇടയാകുമ്പോഴാണ് രാത്രിയില്‍ സംസ്‌കരിക്കുന്നതില്‍ നബി(സ്വ) വെറുപ്പ് പ്രകടിപ്പിച്ചിരുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ.

''പള്ളി അടിച്ചുവാരിയ സ്ത്രീയുടെ കാര്യത്തില്‍ പ്രവാചകന്‍ വിമര്‍ശിച്ചത് രാത്രിയില്‍ മറവ്‌ചെയ്തതുകൊണ്ടല്ല. മറിച്ച് നബിയെ അറിയിക്കാതിരുന്നതുകൊണ്ടാണ് (ഫത്ഹുല്‍ബാരി 3:208). അബൂബക്‌റിനെ സംസ്‌കരിച്ചത് രാത്രിയിലാണ്. അലി ഫാത്വിമയെ മറവുചെയ്തതും രാത്രിയില്‍തന്നെ. (ഫത്ഹുല്‍ബാരി 3:208). ആഇശ, ഇബ്‌നുമസ്ഊദ് തുടങ്ങിയ സ്വഹാബികളില്‍ ചിലരെയൊക്കെ രാത്രിയില്‍ സംസ്‌കരിക്കപ്പെട്ടപ്പോള്‍ അതിനെ ആരും ആക്ഷേപിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ് '' (ശറഹുല്‍മുഹദ്ദബ് 5:302).

നമസ്‌കാരം നിരോധിക്കപ്പെട്ട സമയങ്ങളായ പ്രഭാതത്തിലും മധ്യാഹ്നത്തിലും സന്ധ്യയിലും മറവ്‌ചെയ്യുന്നത് സാഹചര്യം നിര്‍ബന്ധിക്കുന്നില്ലെങ്കില്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ഉഖ്ബയില്‍നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ''മൂന്ന് സമയങ്ങളില്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നതും പരേതരെ ഖബ്‌റടക്കുന്നതും നബി(സ്വ) വിരോധിച്ചു. സൂര്യന്‍ ഉദിച്ചത് മുതല്‍ ഉയരുന്നത്‌വരെ, നട്ടുച്ച മുതല്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുന്നത്‌വരെ, അസ്തമിക്കാറായതു മുതല്‍ അത് മറയുന്നത്‌വരെ.'' (മുസ്‌ലിം).

ഈ സമയങ്ങള്‍ പ്രത്യേകം തീരുമാനിച്ച് ചെയ്യുന്നതാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യമെന്ന് ചിലര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുല്‍ഖയ്യിം പറയുന്നു: ''പ്രസ്തുത സമയങ്ങളില്‍ മറവ്‌ചെയ്യാതിരിക്കലാണ് നബിചര്യ'' (സാദുല്‍മആദ് 1:301)

വെള്ളിയാഴ്ച ദിവസം മറവ്‌ചെയ്യുന്നതില്‍ പ്രത്യേകതയൊന്നുമില്ല. അതിനാല്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നത് തെറ്റിദ്ധാരണയാണ്. ചിലര്‍ സാഹസപ്പെട്ടെങ്കിലും ഇപ്രകാരം ചെയ്യുന്നുണ്ട്. ''വെള്ളിയാഴ്ച രാത്രിയിലോ പകലിലോ ഒരു മുസ്‌ലിം മരിച്ചാല്‍ അല്ലാഹു ഖബ്ര്‍ശിക്ഷയില്‍നിന്ന് അവനെ രക്ഷിക്കാതിരിക്കില്ല'' എന്ന് നബി(സ്വ) പറഞ്ഞതായി തിര്‍മിദി ഉദ്ധരിച്ച ഹദീസ് വളരെ ദുര്‍ബലമാണ് (ഫത്ഹുല്‍ബാരി 253).

ഇസ്‌ലാമിനുവേണ്ടിയുള്ള യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ യുദ്ധഭൂമിയില്‍ തന്നെ മറവ്‌ചെയ്യേണ്ടതാണ്. ജാബിര്‍(റ) പറയുന്നു: ''ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ട ബന്ധുക്കളെ ഞങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. അപ്പോള്‍ നബി(സ്വ)യുടെ ദൂതന്‍ വന്നു പറഞ്ഞു: ''വധിക്കപ്പെട്ടവരെ അവരുടെ കിടപ്പുസ്ഥാനങ്ങളില്‍തന്നെ മറവു ചെയ്യാന്‍ നബി(സ്വ) കല്പിക്കുന്നു. ബഖീഇലേക്ക് പുറപ്പെട്ട ഞങ്ങള്‍ പിതാവിന്റെയും അമ്മാവന്റെയും മയ്യിത്തുമായി അങ്ങോട്ട്തന്നെ തിരിച്ചുപോയി'' (അബൂദാവൂദ്, തിര്‍മിദി).

ഇതിന്റെ അടിസ്ഥാനത്തില്‍, മരിച്ച വ്യക്തിയെ മരിച്ച നാട്ടില്‍തന്നെ ഖബ്‌റടക്കുന്നതാണുത്തമമെന്നും മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നത് കറാഹത്താണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹദീസിന്റെ ബാഹ്യരൂപം ഇത് രക്തസാക്ഷികള്‍ക്കു മാത്രമാണെന്നാണ് സൂചിപ്പിക്കുന്നത്.

Feedback
  • Saturday May 4, 2024
  • Shawwal 25 1445