Skip to main content

സ്ത്രീത്വം പരിഗണിക്കപ്പെടുന്നു

ആര്‍ത്തവം അറപ്പോടെ കാണുന്നവരും അത് ആഘോഷമാക്കുന്നവരുമായി മതക്കാരും സ്ത്രീവിമോചകരും ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സമകാലിക കേരളത്തിലെ അവസ്ഥ(2018-2019). ഇക്കാര്യത്തിലും ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പേ വഴി നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ത്രൈണതയുടെ അടയാളങ്ങള്‍ അപമാനമല്ലെന്നും ജൈവികമായ പ്രത്യേകതള്‍ വെറുക്കപ്പെടേണ്ടതല്ലെന്നും അത് പഠിപ്പിച്ചു. അത് സ്ത്രീത്വത്തിന്റെ ദൗര്‍ബല്യമായി കാണുകയോ അവള്‍ അകറ്റപ്പെടുകയോ ചെയ്യേണ്ടതില്ല. അക്കാലത്ത് അവളെ തൊടാനോ അവള്‍ തൊട്ടത് ഉപയോഗിക്കാനോ പാടില്ലെന്ന അബദ്ധധാരണകള്‍ക്കു പകരം ഈ ശാരീരിക മാറ്റം ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കൂടി പരിഗണിച്ച് ആരാധനകളില്‍ ഇളവനുവദിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ശാരീരിക ബന്ധം മാത്രം നിഷിദ്ധമാക്കി. 

അനസ്(റ) പറയുന്നു: യഹൂദ സ്ത്രീ ഋതുമതിയായിരിക്കുമ്പോള്‍, അവര്‍ അവളുടെ കൂടെ ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളോടൊത്ത് ഇരിക്കുകയോ ചെയ്യുന്നില്ല. സഹചാരികള്‍ പ്രവാചകനോട് അതു സംബന്ധിച്ച് സംശയം ചോദിച്ചപ്പോള്‍ ആര്‍ത്തവവേളയില്‍ ലൈംഗികബന്ധം പാടില്ല എന്ന് അല്ലാഹു ദിവ്യബോധനം നല്‍കുകയും ചെയ്തു(2:222). അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക (മുസ്‌ലിം). ഇത് പക്ഷേ പുരുഷനെ വൈകാരികമായി പ്രകോപിതനാക്കിയേക്കും. അപ്പോഴും ഇസ്‌ലാം അവള്‍ക്കൊപ്പം നിന്നു. ആര്‍ത്തവ കാലത്ത് വിവാഹമോചനം നടത്തരുതെന്ന് ഇസ്‌ലാം വിലക്കി. എന്തൊരു കാരുണ്യവും കരുതലുമാണിത്!

സമ്പന്നയാണെങ്കിലും ഭാര്യയുടെയും, പക്വതയും പ്രായപൂര്‍ത്തിയുമാകാത്ത മക്കളുടെയും ജീവിതച്ചെലവുകളെല്ലാം നിര്‍വഹിച്ചു നല്‌കേണ്ടത് ദരിദ്രനാണെങ്കില്‍ പോലും ഭര്‍ത്താവിന്റെ ബാധ്യതയാണ്. മഹ്‌റില്‍ തുടങ്ങുന്ന ഈ ബാധ്യത മരണാനന്തര സ്വത്തില്‍ വരെ നീണ്ടു നില്‍ക്കുന്നുണ്ട്. തനിക്കില്ലെങ്കിലും തന്റെ ഇണയ്ക്കു കൊടുക്കേണ്ടത് അയാളുടെ ബാധ്യതയാണ്. വീഴ്ചവരുത്തിയാല്‍ ശിക്ഷിക്കപ്പെടുകയും നിര്‍വഹിച്ചാല്‍ പുണ്യം ലഭിക്കുകയും ചെയ്യുന്ന നന്മയുമാണത്.  ലൈംഗിതകയും ഗര്‍ഭവും പ്രസവവും ബാധ്യതയാക്കിയ ഇസ്‌ലാം അതില്‍ അവളുടെ അവകാശങ്ങളും ഉറപ്പിച്ചു. അക്കാലത്ത് മാന്യമായ ഭക്ഷണവും വസ്ത്രവും നല്ല പെരുമാറ്റങ്ങളുമടക്കം സാമ്പത്തികവും ശാരീരികവും മാനസികവുമായ സഹകരണം ഭര്‍ത്താവിന്റെ കടമയാണ്.


 

Feedback