Skip to main content

അറബ് ലീഗ്

hh

തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലേയും വടക്കും വടക്കുകിഴക്കന്‍ ആഫ്രിക്കയിലേയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ്‌ലീഗ്. ഔദ്യോഗിക നാമം ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ്‌സ് എന്നാണ്. 1945 മാര്‍ച്ച് 22 ന് ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ് ഈ സംഘടന സ്ഥാപിതമായത്. സംഘടനയുടെ ആസ്ഥാനവും കൈറോവിലാണ്. തുടക്കത്തില്‍ ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, സൗദി അറേബ്യ, സിറിയ  എന്നീ ആറ് രാജ്യങ്ങള്‍ക്കായിരുന്നു അറബ് ലീഗിലെ അംഗത്വം. നിലവില്‍ 22 രാജ്യങ്ങള്‍ അംഗങ്ങളായുണ്ട്.

അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തു സൂക്ഷിക്കുക, വ്യാപാര, സാംസ്‌കാരിക ബന്ധങ്ങള്‍, സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗത്തെയും പരസ്പര സഹകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

അറബ് എജ്യുക്കേഷണല്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് ഓര്‍ഗനൈസേഷന്‍(അലെസ്‌കോ), കൗണ്‍സില്‍ ഓഫ് അറബ് ഇക്കണോമിക് യൂണിറ്റി തുടങ്ങിയവയിലൂടെ അറബ് ലോകത്തിന്റെ താത്പര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. കൂടാതെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ നിലപാടുകള്‍ ഏകോപിപ്പിക്കുവാനും പൊതുതാത്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അറബ്‌ലീഗ് ശ്രമിച്ചു വരുന്നു.

സ്‌കൂള്‍ പാഠ്യപദ്ധതികള്‍, അറബ് സമൂഹത്തില്‍ സ്ത്രീകളുടെ പങ്ക്, ശിശുസംരക്ഷണം, അറബ് സാംസ്‌കാരിക പൈതൃകം തുടങ്ങിയ മേഖലകളിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്നായി സാക്ഷരതാ ക്യാമ്പുകളും പ്രസിദ്ധീകരണങ്ങളും മറ്റനേകം പ്രോഗ്രാമുകളും നടത്തിവരുന്നു.

രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ അറബ് ലീഗിനു സാധിച്ചിട്ടുണ്ട്. കൂടാതെ സാംസ്‌കാരിക മേഖലയിലും സാങ്കേതിക സഹകരണമണ്ഡലങ്ങളിലും അറബ് ലീഗ് കൃത്യമായ ഇടപെടലുകള്‍ നടത്തുന്നു. പുരാതന അറബി കൈയെഴുത്തു പ്രതികള്‍ സംഭരിക്കുന്നതിലും സംരക്ഷിക്കുന്നതിലും പണ്ഡിതന്മാരെ കൈമാറുന്നതിലും ലീഗ് മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. ഒരു സാമ്പത്തിക സമിതി രൂപവത്കരിച്ച് അറബി രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങളിലും വാണിജ്യവ്യവസായബന്ധങ്ങളിലും മറ്റും ക്രമീകരണവും ഐകരൂപ്യവും വരുത്തുവാന്‍ ശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശാസ്ത്രം, വിമാനഗതാഗതം മുതലായവയ്ക്കു വെവ്വേറെ സമിതികള്‍ നിലവിലുണ്ട്. വൈദ്യശാസ്ത്രം, വാര്‍ത്താവിനിമയം, അറബിചരിത്രം, എണ്ണക്കാര്യം, വിപണനം, പുരാവസ്തുഗവേഷണം, ബാങ്കിങ് തുടങ്ങിയ വിഷയങ്ങളിലെല്ലാം വിപുല ചര്‍ച്ചകള്‍ക്കായി സമ്മേളനങ്ങളും കോണ്‍ഗ്രസുകളും സംഘടിപ്പിക്കുക വഴി അറബികള്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്തുന്നതില്‍ ലീഗിന്റെ സംഭാവന ചെറുതല്ല.

ഉമാന്‍, ഖത്തര്‍, ഇമാറാത്ത്, ബഹറൈന്‍, സൗദി അറേബ്യ, കുവൈത്ത്, യമന്‍, ഉര്‍ദുന്‍, ഇറാഖ്, സിറിയ, ഫലസ്തീന്‍, ലബനാന്‍, ഈജിപ്ത്, സുഡാന്‍, ലിബിയ, തുനീസ്യ, മൊറോക്കൊ, അള്‍ജീരിയ, മൗറിത്താനിയ, കോമോറസ്, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളും ഇന്ത്യ, എരിത്രിയ, വെനിസുല എന്നിവ നിരീക്ഷക രാജ്യങ്ങളായും അറബ്‌ലീഗില്‍ അംഗങ്ങളാണ്.
   
 

Feedback
  • Friday Apr 19, 2024
  • Shawwal 10 1445