Skip to main content

മുസ്‌ലിം വേള്‍ഡ് ലീഗ് (MWL)

jj

വിശുദ്ധ നഗരമായ മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര  സര്‍ക്കാറിതര ഇസ്‌ലാമിക സംഘടനയാണ് മുസ്‌ലിം വേള്‍ഡ് ലീഗ്. അറബിയില്‍ റാബിത്വ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി. 

യഥാര്‍ഥ ഇസ്‌ലാമും അതിന്റെ തത്ത്വങ്ങളും അവതരിപ്പിക്കുക, മനുഷ്യരെ ഒന്നായി കണ്ട് അവര്‍ക്കുള്ള സഹായങ്ങളെത്തിക്കുക, വ്യത്യസ്ത സംസ്‌കാരങ്ങളോടും നാഗരികതകളോടും തുറന്ന മനസ്സോടെ ഇടപെടുക, സമാധാനവും സഹവര്‍ത്തിത്വവും നിറഞ്ഞ ഒരു ലോകത്തിന്നായി തീവ്രവാദത്തെയും അക്രമണങ്ങളെയും ചെറുക്കുക തുടങ്ങിയവയാണ് മുസ്‌ലിം വേള്‍ഡ് ലീഗ് ലക്ഷ്യമിടുന്നത്. 

1962 മെയ് 18 ന്  മക്കയില്‍ നടന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ യോഗത്തില്‍ അംഗീകരിച്ച പ്രമേയത്തിന് അനുസൃതമായണ് മുസ്‌ലിം വേള്‍ഡ് ലീഗ് സ്ഥാപിതമായത്. ഐക്യരാഷ്ട്ര സഭയുടെ അഫിലിയേഷനുള്ള ഈ എന്‍.ജി.ഒ യുടെ നിലവിലെ സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ അബുല്‍ മുഹ്‌സിന്‍ അത്തുര്‍കിയാണ്.

സമകാലിക വിഷയങ്ങളില്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിധി പറയുക, ആഗോള തലത്തില്‍ നടക്കുന്ന ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, വിശുദ്ധ ഖുര്‍ആനിനെതിരെയും പ്രവാചകനെതിരെയും നടക്കുന്ന കുപ്രചരണങ്ങളെ അഭിമുഖീകരിക്കുക, പൊതുമാധ്യമ രംഗങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുക, ഹജ്ജ്, ഉംറ തീര്‍ഥാടന സമയങ്ങളില്‍ ക്യാമ്പുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, ഫിഖ്ഹ് കൗണ്‍സിലിന് മേല്‍നോട്ടം വഹിക്കുക, അറബി ഭാഷയുടെ പ്രചരണങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്തുക, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍ മുതലായ ഘട്ടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ നല്കുക തുടങ്ങിയവയും റാബിത്വയുടെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെടുന്നു. 

വിവിധ ആവശ്യങ്ങള്‍ക്കായി എട്ട് അനുബന്ധ സമിതികള്‍ മുസ്‌ലിം വേള്‍ഡ് ലീഗിനുണ്ട്. അവ താഴെ. 

1. ദ ഫിഖ്ഹ് കൗണ്‍സില്‍ 
2. ദ വേള്‍ഡ് സുപ്രീം കൗണ്‍സില്‍ 
3. ഹോളി ഖുര്‍ആന്‍ മെമ്മറേഷന്‍ ഇന്റര്‍ നാഷനല്‍ ഓര്‍ഗനൈസേഷന്‍ 
4. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഫോര്‍ എജുക്കേഷന്‍ 
5. മക്ക അല്‍ മുകര്‍റമ ചാരിറ്റി ചാരിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ഓര്‍ഫന്‍സ് 
6. അല്‍ ഹറമൈന്‍ ആന്‍ഡ് അല്‍ അഖ്‌സാ മോസ്‌ക് ഫൗണ്ടേഷന്‍ 
7. ദ ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍ 
8. കമ്മീഷന്‍ ഫോര്‍ സയന്റിഫിക് സൈന്‍സ് ഇന്‍ ഖുര്‍ആന്‍ ആന്‍ഡ് സുന്ന.

യുനൈറ്റഡ് നാഷന്‍സ് ഓര്‍ഗനൈസേഷന്‍ (UNO), ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (OIC) എന്നിവയില്‍ നിരീക്ഷക പദവിയും യുനസ്‌കോ (UNESCO), യൂനിസെഫ് (UNISEF) എന്നിവയില്‍ അംഗത്വവും റാബിത്വയ്ക്കുണ്ട്.

Feedback