Skip to main content

ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസേ മുശാവറാത്ത് (AIMMM)

ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസേ മുശാവറ. 1964 ഓഗസ്റ്റ് എട്ടിന് ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍ നടന്ന ദ്വിദിന യോഗത്തിലാണ് സംഘടന ഔദ്യോഗികമായി ആരംഭിച്ചത്. അബുല്‍ ഹസന്‍ അലി നദ്‌വി, സയ്യിദ് മഹ്മൂദ്, മന്‍സൂര്‍ നുഅ്മാനി തുടങ്ങിയവരാണ് സ്ഥാപകര്‍.  സ്വാതന്ത്ര്യസമര സേനാനിയും ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയിലെ അംഗവുമായ സയ്യിദ് മഹ്മൂദ് ആണ് ആദ്യത്തെ പ്രസിഡണ്ട്.

1964 ല്‍ ബീഹാര്‍, ഒറീസ, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളില്‍ മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ മുസ്‌ലിംകളുടെ ജീവിതം ഏറെ പ്രയാസത്തിലായി. വലിയൊരു വിഭാഗം മുസ്‌ലിംകള്‍ കുടിയേറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. അസ്വസ്ഥജനകമായ ഈ സാഹചര്യത്തില്‍ ദൂരക്കാഴ്ച്ചയുള്ള നേതാക്കള്‍ പരിഹാരത്തെക്കുറിച്ച് ചിന്തിച്ചു. 

1964 ഓഗസ്റ്റ് 8,9 തീയതികളില്‍ ലഖ്‌നൗവില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഒരു സമ്മേളനം നടന്നു. അബുല്‍ഹസന്‍ അലി നദ്‌വി, സയ്യിദ് മഹ്മൂദ്, അതീഖുര്‍റഹ്മാന്‍, അബുല്‍ ലൈസ് ഇസ്‌ലാഹി, ഖാരി മുഹമ്മദ് ത്വയ്യിബ്, കല്‍ബേ ആബിദ്, സയ്യിദ് മിനത്തുല്ല റഹ്മാനി, ഇബ്രാഹീം സുലൈമാന്‍ സേട്ട് തുടങ്ങിയ പ്രഗത്ഭര്‍ സമ്മേളനത്തില്‍ പങ്കുകൊണ്ടു. ജംഇയ്യത്തേ ഉലമാ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദയൂബന്തികള്‍, ബറേല്‍വീസ്, അഹ്‌ലേ ഹദീസ്, ഷിയ, ബൊഹാറ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ മറ്റെല്ലാ വിഭാഗീയതകളും അവഗണിച്ചു കൊണ്ട് ഒരു പൊതുവേദിയില്‍ അണിനിരന്നത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അനുഭവമായിരുന്നു.
കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബോഡി രൂപീകരിക്കുന്നതിനുള്ള പ്രഖ്യാപനം ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ അടങ്ങിയ പ്രമേയം സമ്മേളനം അംഗീകരിച്ചു. 

മുശാവറത്ത് എന്നാല്‍ അറബിയില്‍ കൂടിയാലോചന എന്നാണ്. ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്ക് കൂട്ടായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമാകുന്ന തരത്തിലുള്ള ഒരു വേദി ഒരുക്കുക എന്നതാണ് മുഷാവറയുടെ ഉദ്ദേശ്യം. 
ഓള്‍ ഇന്ത്യാ എഡ്യുക്കേഷന്‍ മൂവ്‌മെന്റ്, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്, ഇന്ത്യന്‍ നാഷനല്‍ ലീഗ്, ഓള്‍ ഇന്ത്യാ മജ്‌ലിസ് തമീറേ മില്ലത്ത്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മര്‍കസി ജംഇയ്യത്ത് അഹ്‌ലേ ഹദീസ് ഹിന്ദ്, മര്‍കസീ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ഓള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേഷ്, ജംഇയ്യത്തുല്‍ അന്‍സാര്‍, ഓള്‍ ഇന്ത്യാ മുസ്‌ലിം ഓ.ബി.സി ഓര്‍ഗനൈസേഷന്‍, മൂവ്‌മെന്റ് ഫോര്‍ എംപവര്‍മെന്റ് ഓഫ് മുസ്‌ലിം ഇന്ത്യന്‍സ്, ഓള്‍ ഇന്ത്യാ ഷിയാ കോണ്‍ഫറന്‍സ്, സൗത്ത് ഏഷ്യന്‍ മൈനോരിറ്റീസ് ലോയേര്‍സ് അസോസിയേഷന്‍, സ്റ്റുഡന്റ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, അസോസിയേന്‍ ഓഫ് മുസ്‌ലിം പ്രൊഫഷനല്‍സ് തുടങ്ങിയവയാണ് മുശാവറത്തിലെ അംഗങ്ങള്‍. 

ഔദ്യേഗിക വെബ്‌സൈറ്റ്: https://mushawarat.com/


 

Feedback
  • Tuesday Apr 16, 2024
  • Shawwal 7 1445