Skip to main content

ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ISNA)

h

മുസ്‌ലിം സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും പുരോഗതിക്ക് സംഭാവനകള്‍ നല്കാന്‍ കഴിയു
ന്ന  മാതൃകാപരവും ഏകീകൃതവുമായ ഇസ്‌ലാമിക സംഘടനയായിത്തീരുക എന്ന ലക്ഷ്യത്തില്‍  നോര്‍ത്ത് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനയാണ് ഇസ്‌ന (ISNA) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക.
 
അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് ദ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് കാനഡ (MSA) എന്ന വിദ്യാര്‍ഥി കൂട്ടായ്മ 1963 ജനുവരിയില്‍ ഇല്ലിനോയി സര്‍വകലാശാലയില്‍ നടത്തിയ മുസ്‌ലിം വിദ്യാര്‍ഥി സംഗമത്തില്‍ വെച്ചാണ് ഇസ്‌നയെന്ന പുതിയ സംഘടനയെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്. 1960-1980 കാലഘട്ടത്തില്‍ അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചു. അതോടൊപ്പം മുസ്‌ലിം സമൂഹത്തില്‍ നിന്നായി വിവിധ സംഘടനകള്‍ രൂപം കൊള്ളുകയും ചെയ്തു. 1982 ല്‍ യു.എസിലെയും കാനഡയിലെയും മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (MSA), ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ (IMA), അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ് (AMSS), അസോസിയേഷന്‍ ഓഫ് മുസ്‌ലിം സയന്റിസ്റ്റ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സ് (AMSE) എന്നീ നാലു മുസ്‌ലിം സഘടനകള്‍ സംയുക്തമായി സഹകരിച്ചാണ് ഇസ്‌ന ഇന്ന് കാണുന്ന രൂപത്തിലേക്ക് പുതിയ രൂപം കൈവരിച്ചത്. 

ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടെതായ സാഹചര്യങ്ങള്‍ക്കനുസൃതമായി നയരൂപീകരണം നടത്തിയും അമേരിക്കന്‍ മുസ്‌ലിം സമൂഹത്തെ ബോധവത്കരിച്ചും ഇസ്‌ന പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക വിഷയങ്ങളെ കൂടാതെ ഉത്തര അമേരിക്കയിലെ ജനകീയപ്രശ്‌നങ്ങളിലും മനുഷ്യവകാശ പ്രശ്‌നങ്ങളിലും ഇസ്‌നയുടെ പ്രവര്‍ത്തനം സജീവമാണ്. 

മുസ്‌ലിം സമുദായത്തിന്റെ വികസനം, മതാന്തരബന്ധങ്ങള്‍, ഇസ്‌ലാമിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ് ഇസ്‌നയുടെ പ്രധാന കര്‍മപദ്ധതികള്‍. 

വെബ്‌സൈറ്റ്:  https://isna.net/


 

Feedback
  • Tuesday Dec 10, 2024
  • Jumada ath-Thaniya 8 1446