Skip to main content

ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി (IIFA)

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്റെ (ഒ.ഐ.സി) അനുബന്ധ സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി (IIFA). ഇത് ഒരു സാര്‍വത്രിക പണ്ഡിത സംഘടനയാണ്. 1981 ജനുവരി 25 മുതല്‍ 28 വരെ തീയതികളില്‍ സുഊദി അറേബ്യയിലെ ഫഹദ് രാജാവിന്റെ ആഭിമുഖ്യത്തില്‍ മക്ക അല്‍ മുഖറമയില്‍ നടന്ന സംഘടനയുടെ മൂന്നാം ഇസ്‌ലാമിക് ഉച്ചകോടിയിലെ പ്രമേയത്തെ തുടര്‍ന്നാണ് ഇതിന്റെ സ്ഥാപനം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍.  മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമ, സാംസ്‌കാരിക, വിദ്യാഭ്യാസ, ശാസ്ത്ര, സാമ്പത്തിക, സാമൂഹിക വിജ്ഞാന മേഖലകളില്‍ പ്രാവീണ്യം നേടിയ പ്രമുഖ മുസ്‌ലിം നിയമജ്ഞര്‍, പണ്ഡിതര്‍, ഗവേഷകര്‍, ബുദ്ധിജീവികള്‍ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.

IIFA

ലക്ഷ്യവും ദൗത്യവും

ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളില്‍ ശരീഅത്തിന്റെ വിധികളും വ്യവസ്ഥകളും പൂര്‍ണ സ്വാതന്ത്ര്യത്തോടെയും വിശുദ്ധ ഖുര്‍ആനിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുക എന്നതാണ് അക്കാദമിയുടെ പ്രധാന ചുമതല. ഇസ്‌ലാമിക പൈതൃകത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതും ഇസ്‌ലാമിക ചിന്തയുടെ വികാസത്തിന് തുറന്നതുമായ പരിഹാരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ആധികാരികവും ഫലപ്രദവുമായ ഇജ്തിഹാദ് നടത്തല്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെട്ടതാണ്.

നാല് പതിറ്റാണ്ടുകളായി സമകാലിക പ്രശ്‌നങ്ങള്‍, ദുരന്തങ്ങള്‍, മറ്റു സംഭവവികാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട്  238 പ്രമേയങ്ങള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.

മുസ്‌ലിംകളുടെ പ്രശ്‌നങ്ങളില്‍, ശരീഅത്തിന്റെ (നിയമവിധികള്‍) നിലപാടുകള്‍ വ്യക്തമാക്കുന്നതിനും സമകാലിക ജീവിത പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം നല്‍കുന്നതിനുമായി ആദ്യത്തെ ആഗോള നിയമപരമായ റഫറന്‍സായി മാറാന്‍ അക്കാദമി ലക്ഷ്യമിടുന്നു. 

ഇസ്‌ലാം അതിന്റെ ഉത്ഭവം, ഉറവിടങ്ങള്‍, ലക്ഷ്യങ്ങള്‍, നിയമങ്ങള്‍, വിധികള്‍ എന്നിവയുമായി ബന്ധപ്പെടുത്തി ഇസ്‌ലാമിക ശരീഅത്തെ കൃത്യവും മിതവുമായി അവതരിപ്പിക്കുകയും അതിന്റെ ഗുണങ്ങളും ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള അതിന്റെ പൂര്‍ണമായ കഴിവും ഉയര്‍ത്തിക്കാട്ടുകയും സമഗ്രവും സംയോജിതവുമായ ആശയത്തിന് അനുസൃതമായി മനുഷ്യന് ഇഹത്തിലും പരത്തിലും സന്തോഷവും സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുക എന്നതാണ് ഈ സംരഭത്തിന്റെ ദൗത്യം.

അക്കാദമിയുടെ കീഴില്‍ അക്കാദമിയുടെ സെക്രട്ടറി ജനറലിന്റെ കാബിനറ്റ് എസ്ജിയുടെ പ്രത്യേക ഉപദേഷ്ടാവ്, എസ്ജിയുടെ കാബിനറ്റിന്റെ സൂപ്പര്‍വൈസര്‍, ഫത്‌വ ഒബ്‌സര്‍വേറ്ററി ആന്‍ഡ് റിവ്യൂസിന്റെ സൂപ്പര്‍വൈസര്‍, ഇന്റേണല്‍ ഓഡിറ്റര്‍ എന്നിവരാണുള്ളത്.

പ്ലാനിംഗ്, ഡവലപ്‌മെന്റ്, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍, ആര്‍ക്കൈവ്‌സ്, ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്, കുടുംബം, സ്ത്രീ, ബാല്യം, വയോജനങ്ങളുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, മീഡിയ, പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ധനസഹായം, നിക്ഷേപം, പദ്ധതികള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിസര്‍ച്ച്, സ്റ്റഡീസ്, ഫത്വ്‌വ, എന്‍സൈക്ലോപീഡിയകള്‍, വിവര്‍ത്തനം, അച്ചടി  കൂടാതെ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വിഭാഗവും പ്രവര്‍ത്തിക്കുന്നു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ ഓരോ അംഗരാജ്യവും അക്കാദമിയെ പ്രതിനിധീകരിക്കാന്‍ ഒരു സജീവ അംഗത്തെ നിയമിക്കണമെന്ന് ഫിഖ്ഹ് അക്കാദമിയുടെ ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്. ഒരു രാജ്യത്ത് നിന്ന് ഒന്നിലധികം സജീവ അംഗങ്ങളെ ഉള്‍പ്പെടുത്താനും സാധിക്കും.

കൗണ്‍സില്‍ തീരുമാനമനുസരിച്ച്, അംഗത്വ വ്യവസ്ഥകള്‍ നിറവേറ്റുന്നവരെയും, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെയും നിയമജ്ഞരെയും, അമുസ്‌ലിം രാജ്യങ്ങളിലെ മുസ്‌ലിം പ്രതിനിധികളെയും, അക്കാദമിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന ഇസ്‌ലാമിക സംഘടനകളെയും ഉള്‍പ്പെടുത്താം.
 
ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയില്‍ 57 അംഗരാജ്യങ്ങളാണുള്ളത്. അവ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനിലും അംഗങ്ങളാണ്.

അസര്‍ബൈജാന്‍, ജോര്‍ഡാന്‍, അഫ്ഗാനിസ്താന്‍, അല്‍ബേനിയ, ഉസ്‌ബെകിസ്താന്‍, ഉഗാണ്ട, യു.എ.ഇ, ഇന്തോനേഷ്യ, ഇറാന്‍, പാക്കിസ്താന്‍, ബഹറൈന്‍, ബ്രൂണൈ, ബംഗ്ലാദേശ്, ബെനിന്‍, ബുര്‍കിന ഫാസോ, തുര്‍കുമാസ്താന്‍, തുര്‍ക്കി, ചാഡ്, ടോഗോളസ്, തുണീഷ്യ, അള്‍ജീരിയ, ജിബൂട്ടി, സൗദി അറേബ്യ, സെനഗല്‍, സുഡാന്‍, സിറിയ, സുറിനാമെ, സേറ ലിയോന്‍, സോമാലിയ, താജിക്‌സ്താന്‍, ഇറാഖ്, ഒമാന്‍, ഗാബോണ്‍സ്, ഗാംബിയ, ഗുയാന, ഗുയ്‌നിയ, ഗുയ്‌നിയ ബിസ്സാഉ, ഫലസ്തീന്‍, കോമൊറോസ്, കിര്‍ഗിസ്, കസാഖിസ്താന്‍, കാമറോണ്‍, കോട്ട് ഡിവോര്‍, കുവൈറ്റ്, ലബനാന്‍, ലിബിയ, മാല്‍ദീവ്‌സ്, മാലി, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, മൗറിത്താനിയ, മൊസാമ്പിക്, നൈജര്‍, നൈജീരിയ, യമന്‍ തുടങ്ങിയവയാണ് ഇതിലെ അംഗരാജ്യങ്ങള്‍.

https://iifa-aifi.org/en
 

Feedback