Skip to main content

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (AIMPLB)

മതാചാര പ്രകാരം വ്യക്തി ജീവിതം നയിക്കുന്നതിന് പൂര്‍ണ അവകാശം നല്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. 1937 ല്‍ നിലവില്‍ വന്ന 'മുസ്‌ലിം വ്യക്തി നിയമം' (ശരീഅത്ത് ആക്ട്) ഇസ്‌ലാമിക നിയമമനുസരിച്ച് ഇന്ത്യയിലെ മുസ്‌ലിംകളുടെ വിവാഹം, മരണാനന്തര ചടങ്ങുകള്‍, അനന്തര സ്വത്ത് എന്നിവയുടെ ക്രയവിക്രയം എങ്ങനെയാവണം എന്ന് ഖണ്ഡിതമായി പ്രതിപാദിക്കുന്നുണ്ട്.

മേല്‍ സൂചിപ്പിച്ച 'മുസ്‌ലിം വ്യക്തി നിയമ' സംരക്ഷണത്തിനായി 1973 ല്‍ സ്ഥാപിതമായ ഒരു സംഘടനയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് അഥവാ AIMPLB. ഏകസിവില്‍ കോഡ്, വ്യക്തി നിയമ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ ഭാഗമായി മതാചാരപ്രകാരം വ്യക്തി ജീവിതം നയിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം ഹനിക്കാന്‍ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊണ്ടത്. ദത്തെടുക്കല്‍ ബില്ലു പോലെ പുതുതായി കൊണ്ടു വരുന്ന പല ബില്ലുകളിലൂടെയും ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ഗൂഢാലോചനയെ പരാജയപ്പെടുത്താന്‍ മുസ്‌ലിം സമൂഹത്തിന്റെ യോജിച്ച നീക്കം ആവശ്യമാണെന്ന് വിവിധ മുസ്‌ലിം സംഘടനകളും നേതാക്കളും തിരിച്ചറിഞ്ഞതാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിനു ശേഷം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളും നേതാക്കളും ഒന്നിച്ച് ഒരു പൊതുവേദിയില്‍ ഒത്തു ചേരുന്നത്.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, മുസ്‌ലിംകള്‍ക്കിടയില്‍ അവരുടെ കുടുംബ സാമൂഹിക ജീവിത മേഖലകളില്‍ ശരീഅത്ത് നല്കുന്ന അവകാശങ്ങളെയും കടമകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക, മുസ്‌ലിം വ്യക്തി നിയമ സംരക്ഷണത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുക, മുസ്‌ലിംകള്‍ക്കിടയിലെ വിവിധ സംഘടനകള്‍ക്കിടയിലും ചിന്താധാരകള്‍ക്കിടയിലും സാഹോദര്യവും സഹകരണവും പ്രോത്‌സാഹിപ്പിക്കുക, ഇന്ത്യയില്‍ നിലവിലുള്ള 'മുഹമ്മദന്‍ ലോ' ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിക്കുകയും പുതിയ പ്രശ്‌നങ്ങളില്‍ കര്‍മശാസ്ത്ര പരിഹാരങ്ങള്‍ തേടുകയും ചെയ്യുക തുടങ്ങിയവ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രധാന കര്‍മപരിപാടികളാണ്.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://aimplboard.org/


 

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446