Skip to main content

ഇസ്വ്‌ലാഹിയ കോളെജ്, ചേന്ദമംഗലൂര്‍

ഇസ്വ്‌ലാഹിയ അസോസിയേഷനു കീഴില്‍ ചേന്ദമംഗലൂരില്‍ പ്രവൃത്തിക്കുന്നതാണ് ഇസ്വ്‌ലാഹിയ അറബിക് കോളേജ്. 1952 ല്‍ ഇസ്‌ലാമിയ മദ്‌റസയായി ആരംഭിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം 1960 കളിലാണ് കോളേജ് തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 1967ല്‍ കോളേജിന് ഇസ്വ്‌ലാഹിയ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

മതവിദ്യാഭ്യാസരംഗത്തു മാത്രം മുസ്‌ലിം വിദ്യാര്‍ഥികള്‍ ഒതുങ്ങിക്കഴിയാന്‍ പാടില്ല എന്ന കെ.സി അബ്ദുല്ല മൗലവിയുടെ കാഴ്ച്ചപ്പാടാണ് ഈ കോളേജിന്റെ പിറവിക്കു കാരണം. ഇതിനായി മതവിദ്യാഭ്യാസത്തോടൊപ്പം മികച്ച രീതിയില്‍ ഭൗതിക വിദ്യാഭ്യാസവും നല്കുവാന്‍ കഴിയുന്ന 'എ.ഐ.സി' (ആര്‍ട്‌സ് ആന്‍ഡ് ഇസ്‌ലാമിക് കോഴ്‌സ്) എന്ന കോഴ്‌സാണ് പ്രധാനമായും ഇസ്വ്‌ലാഹിയ കോളേജ്, വിദ്യാര്‍ഥികള്‍ക്ക് നല്കുന്നത്.

കോളെജിനു പുറമെ ഇസ്വ്‌ലാഹിയ അസോസിയേഷനു കീഴിലായി ഹയര്‍ സെക്കന്ററി സ്‌കൂള്‍, അല്‍ ഇസ്വ്‌ലാഹ് ഓര്‍ഫനേജ്, വാദി റഹ്മ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, അല്‍ ഇസ്വ്‌ലാഹ് ഇംഗ്ലീഷ് സ്‌കൂള്‍, ഇസ്വ്‌ലാഹിയ മീഡിയ അക്കാഡമി, സയനോറ ഹമീദ് അക്കാദമി എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

ഇ.എന്‍ മുഹമ്മദ് മൗലവി, എസ്.എ റഷീദ്, കെ മൊയ്തു മൗലവി, യു.കെ ഇബ്‌റാഹീം മൗലവി എന്നിവര്‍ ഇസ്വ്‌ലാഹിയ കോളേജിലെ പ്രഗല്ഭ അധ്യാപകരായിരുന്നു. കെ.ടി ജലീല്‍, ഒ.അബ്ദുര്‍റഹ്മാന്‍ സാഹിബ്, സലാം കൊടിയത്തൂര്‍, കെ.എം ഷാജി, ഖാലിദ് മൂസ നദ്‌വി, സയ്യിദ് റംസാന്‍, ആര്‍ യൂസുഫ് സാഹിബ് തുടങ്ങി കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഇസ്വ്‌ലാഹിയയുടെ സന്തതികളാണ്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെച്ചപ്പെട്ട രീതിയിലുള്ളതാമസ സൗകര്യവും കോളേജിലുണ്ട്. ഇസ്വ്‌ലാഹിയ ക്യാമ്പസിലെ 'മദ്‌റസത്തുല്‍ ബനാത്ത്'ഹോസ്റ്റല്‍ സൗകര്യത്തോടു കൂടെയുള്ള കേരളത്തിലെ ആദ്യ വനിതാ വിദ്യാലയമാണ്.

വിലാസം:

ഇസ്‌ലാഹിയ്യ കോളെജ്
ചേന്ദമംഗലൂര്‍, കോഴിക്കോട്
കേരള, ഇന്ത്യ
പിന്‍: 673602
ഇ-മെയില്‍: Islahiya@gmail.com
വെബ്‌സൈറ്റ്: www.islahiya.com
ഫോണ്‍: 0495 229 7159
9946578578

 

Feedback