Skip to main content

ഒമാന്‍

11

വിസ്തീര്‍ണം : 309,500 ച.കി.മി
ജനസംഖ്യ : 4,496,000 (2016)
അതിര്‍ത്തി : വടക്ക് സുഊദി അറേബ്യ, തെക്ക് അറബിക്കടല്‍, കിഴക്ക് ഒമാന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് യമന്‍
തലസ്ഥാനം : മസ്‌ക്കത്ത്
മതം : ഇസ്‌ലാം
ഭാഷ : അറബി
കറന്‍സി : ഒമാന്‍ റിയാല്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, മാര്‍ബ്ള്‍, ചുണ്ണാമ്പ് കല്ല്, ടൂറിസം
പ്രതിശീര്‍ഷ വരുമാനം : 45,464 ഡോളര്‍

ചരിത്രം:

പത്തൊമ്പതാം ശതകത്തില്‍ അറബ് ഉപഭൂഖണ്ഡത്തിലെ ഏറ്റവും സുശക്തമായ രാജ്യമായിരുന്നു ഒമാന്‍. മികവുറ്റ കപ്പലോട്ടക്കാര്‍ എന്ന പ്രസിദ്ധിയും ഒമാനികള്‍ക്കുണ്ടായിരുന്നു. 1951 ഡിസംബര്‍ 20ന് ബ്രിട്ടനില്‍നിന്ന് പൂര്‍ണ സ്വാതന്ത്ര്യം നേടിയ ഒമാന്‍ പക്ഷേ വികസനത്തില്‍ മുരടിച്ചു നിന്നു. 1937ല്‍എണ്ണ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെങ്കിലും ഖനനം നടത്താനായത് 1967ലാണ്.

1932 ഫെബ്രുവരി 10ന് അധികാരമേറ്റ സഈദുബ്‌നു തിമൂര്‍ 38 വര്‍ഷം ഭരിച്ചെങ്കിലും രാജ്യപുരോഗതിയില്‍ താല്പര്യം കാണിച്ചില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ലണ്ടനിലേക്ക് നാടുകടത്തി മകന്‍ ഖാബൂസ് 1970ല്‍ ഭരണം പിടിച്ചു. അദ്ദേഹമാണ് ആധുനിക ഒമാന് അടിത്തറയിട്ടത്. ദേശീയ സമ്പത്ത് പൂര്‍ണമായും അദ്ദേഹം ജനക്ഷേമത്തിനായി വിനിയോഗിച്ചു. മിഡ്‌ലീസ്റ്റില്‍ ഏറ്റവും കൂടുതല്‍ കാലം രാജ്യ ഭരണം നടത്തിയ ഭരണാധികാരിയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. 2020 ല്‍ അദ്ദേഹം മരണപ്പെട്ടതോടെ ഹൈതം ബിന്‍ ത്വാരിഖ് ഭരണത്തിലേറി.

ഭരണഘടനയോ സ്വതന്ത്രാധികാരമുള്ള നിയമനിര്‍മാണ സഭയോ ഒമാനില്‍ ഇല്ല.മജ്‌ലിസുദ്ദൗല, മജ്‌ലിസുശ്ശൂറ (പാര്‍ലമെന്റ്) എന്നിവയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കണ്‍സല്‍ട്ടേറ്റിവ് അസംബ്ലിയിലേക്ക് ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. 1997ലെ ഉത്തരവു പ്രകാരം സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. മന്ത്രിസഭയില്‍ ഒരു വനിതാ അംഗമുണ്ട്.

ഈത്തപ്പഴം, മാതളം, ചെറുനാരങ്ങ എന്നിവ സ്വലാലയുടെയും അഖ്‌ളര്‍ മലയുടെയുംശ്യാമളതയില്‍സമൃദ്ധമായി വിളയുന്നു. മരുഭൂമിയിലെ പച്ചപ്പു കൊണ്ടു അനുഗൃഹീതമായ ദേശം കൂടിയാണ് ഒമാന്‍. ഒട്ടകസമ്പത്തും ഒമാനെ ധന്യമാക്കുന്നു. ക്രോമിയം, ആസ്ബസ്‌റ്റോസ് എന്നിവയും ഖനനം ചെയ്‌തെടുക്കുന്നുണ്ടിവിടെ. മിഡ്‌ലീസ്റ്റില്‍ ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം കേന്ദ്രം ഒമാനാണ്.

ആധുനിക റോഡുകള്‍, തുറമുഖം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നാലു പതിറ്റാണ്ടുകൊണ്ട് ഒമാന്റെ മുഖച്ഛായ മാറ്റി. വിദഗ്ധ തൊഴിലാളികളെ പുറത്തു നിന്ന് കൊണ്ടുവരേണ്ട സാഹചര്യം ഇപ്പോഴുമുണ്ട് ഒമാന്.

ഒമാനിലെ അറബ് വംശജര്‍ ഭൂരിപക്ഷവും ഖവാരിജിലെ ഇബാദ്വി സരണിക്കാരണ്. നാലിലൊരു ഭാഗം മാത്രം സുന്നി വിശ്വാസികളും. ഇറാനുമായി സൗഹൃദബന്ധം നിലനിര്‍ത്തുന്ന അപൂര്‍വം അറബ് രാജ്യങ്ങളിലൊന്നാണ് ഒമാന്‍.
 

Feedback
  • Saturday Dec 13, 2025
  • Jumada ath-Thaniya 22 1447