Skip to main content

തഫ്‌സീർ അൽ ബൈദാവീ

പേര്‍ഷ്യക്കാരനായ നാസിറുദ്ദീന്‍ അബുല്‍ ഖൈര്‍ അബ്ദുല്ലാഹിബ്‌നു മുഹമ്മദ്ബ്‌നു അലി അല്‍ ബൈദാവീയുടെ 'അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തഅ്‌വീല്‍' എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്‌സീറുല്‍ ബൈദാവീ എന്ന ചുരുക്ക പേരിലറിയപ്പെടുന്നത്. അസര്‍ബൈജാനിലെ പണ്ഡിത ശ്രേഷ്ഠനായ ബൈദാവീ ഷീറാസിലെ ജഡ്ജി കൂടിയായിരുന്നു. ഇസ്‌ലാമിക ലോകത്തിന് ഒട്ടേറെ രചനകള്‍ അദ്ദേഹം സംഭാവന ചെയ്തു. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിനു പുറമെ കിതാബുല്‍ മിന്‍ഹാജ്, കിതാബുത്തിവാല്‍ എന്ന ഗ്രന്ഥങ്ങള്‍ ഇന്നും പണ്ഡിത ലോകത്തിന്റെ അവലംബ കൃതികളത്രെ.

ഒരര്‍ഥത്തില്‍ അന്‍വാറുത്തന്‍സീല്‍ സമഖ്ശരിയുടെ കശ്ശാഫിന്റെ സംഗ്രഹമാവുന്നു. സമഖ്ശരിയുടെ മുഅ്തസിലീ ചിന്തകളെ നീക്കം ചെയ്തുകൊണ്ടും ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചുകൊണ്ടുമാണ് ബൈദാവീ രചന പൂര്‍ത്തികരിച്ചത്. എന്നാല്‍ ചിലപ്പോഴൊക്കെ സമഖ്ശരിക്ക് സംഭവിച്ച അബദ്ധങ്ങള്‍ ബൈദാവിക്കും പിണഞ്ഞതായി കാണാം. ഉദാഹരണമായി ബൈദാവി ഓരോ സൂറത്തും അവസാനിക്കുമ്പോള്‍ ആ സൂറത്ത് പാരായണം ചെയ്തവര്‍ക്ക് ലഭിക്കുന്ന മഹത്വങ്ങളെക്കുറിച്ച് വര്‍ണിക്കുന്ന ഹദീസുകള്‍ ഉദ്ധരിക്കുന്നതായി കാണാം. ഇത് കശ്ശാഫിന്റെയും ശൈലിയായിരുന്നു. എന്നാല്‍ ഈ ഹദീസുകളെല്ലാം നിര്‍മിത ഹദീസുകളുടെ ഗണത്തില്‍ പെട്ടവയത്രെ (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍).

ബൈദാവി തന്റെ തഫ്‌സീറില്‍ ഓരോ വിഷയത്തിലുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രതിപാദിക്കുകയും അവയില്‍ അഹ്‌ലുസ്സുന്നയുടെ വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നു. ഉദാഹരണമായി സൂറത്തുല്‍ ബഖറയിലെ 2,3 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ ഈമാന്‍, നിഫാഖ് എന്നിവയെക്കുറിച്ചുള്ള അഹ്ലുസ്സുന്നയുടെയും മുഅ്തസിലിയാക്കളുടെയും ഖവാരിജുകളുടെയും വീക്ഷണങ്ങള്‍ ഉദ്ധരിക്കുകയും അഹ്‌ലുസ്സുന്നയുടെ വീക്ഷണം ശരിവെക്കുകയും ചെയ്യുന്നു. സമകാലിക തഫ്‌സീറുകളില്‍ നിന്നും വിഭിന്നമായി ഇസ്‌റാഈല്‍ കെട്ടുകഥകളുടെ തോത് വളരെ കുറച്ചുള്ള തഫ്‌സീറാണ് ബൈദാവിയുടേത്. അഥവാ അവ ഉദ്ധരിക്കേണ്ടിവന്നാല്‍ ഖീല (ആരോ പറഞ്ഞത്) എന്നോ റുവിയ (ആരോ ഉദ്ധരിച്ചത്) എന്നോ പറഞ്ഞിട്ടാണ് ഉദ്ധരിക്കാറുള്ളത്. ആ സംഭവത്തിന്റെ ദൗര്‍ബല്യത്തെക്കുറിക്കാന്‍ വേണ്ടിയാണത്.

പ്രാപഞ്ചിക പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന വചനങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ ബൈദാവീ സമകാലിക ശാസ്ത്ര ചിന്തകളെ അവലംബിക്കാറുണ്ട്. പലപ്പോഴും മുന്‍കാല മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങളെ തള്ളിക്കൊണ്ടായിരുന്നു  ശാസ്ത്രത്തെ അദ്ദേഹം അവലംബിച്ചിരുന്നത്. ഉദാഹരണമായി സൂറത്തുസ്സ്വാഫാത്തിലെ പത്താം വചനത്തിലെ 'തുളച്ചുകടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരും' എന്നതിലുള്ള തീ ജ്വാലയെ അദ്ദേഹം വര്‍ണിച്ചു കൊണ്ടു പറഞ്ഞു. 'അടര്‍ന്നു വീഴുന്ന നക്ഷത്രങ്ങള്‍ പോലെ നമുക്ക് കാണാന്‍ കഴിയുന്നതാണത്.' തുടര്‍ന്ന് എതിരാളികളുടെ വാദത്തെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്. 

തഫ്‌സീര്‍ വൈജ്ഞാനിക മേഖലയില്‍ ഈ തഫ്‌സീര്‍ സുപ്രധാനമാണ്. അതുകൊണ്ടുതന്നെ പണ്ഡിതലോകത്തിന്റെ അവലംബവുമാണത്. നാല്‍പതിലേറെ അനുബന്ധ ഗ്രന്ഥങ്ങള്‍ അന്‍വാറുത്തന്‍സീലിന് വിരചിതമായിട്ടുണ്ട് എന്നത് അതിന്റെ പ്രാധാന്യത്തെ കുറിക്കുന്ന ഒരു സൂചകമത്രെ.


 

Feedback