Skip to main content

അലാ ഹാമിശിത്തഫാസീര്‍

കാസര്‍ഗോഡ് തളങ്കരയില്‍ ജനിച്ച സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ രചിച്ച അറബി തഫ്‌സീറാണ് 'അലാ ഹാമിശിത്തഫാസീര്‍'. അറബി ഭാഷയില്‍ ഖുര്‍ആനിന് സമ്പൂര്‍ണ വ്യാഖ്യാനമെഴുതിയ ഒരേ ഒരു മലയാളി പണ്ഡിതനാണ് പാനൂര്‍ തങ്ങളെന്ന പേരിലറിയപ്പെടുന്ന ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍.

ഒറ്റ വാള്യത്തിലുള്ള അറബി തഫ്‌സീര്‍ 'ജലാലൈനി' അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ തഫ്‌സീറിന്റെ രചന നടത്തിയത്. ആധുനികവും പൗരാണികവുമായ ചിന്താധാരകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രസ്തുത ഗ്രന്ഥം ഏറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഗഹനമായ വിശകലന രീതിയും ആകര്‍ഷകമായ അവതരണ ശൈലിയും ആധുനിക വിഷയങ്ങളെ കൂടി അപഗ്രഥിച്ചു കൊണ്ടുള്ള വിശദീകരണങ്ങളും ഈ തഫ്‌സീറിന്റെ സവിശേഷതകളാണ്. പഴയകാല തഫ്‌സീറുകളെ അന്ധമായി അനുകരിക്കാതെ അവയിലെ നല്ല വശങ്ങള്‍ സ്വീകരിക്കുകയും അവയില്‍ കടന്നുകൂടിയിട്ടുള്ള കെട്ടുകഥകളും ഇസ്രാഈലി കഥകളും 'അലാ ഹാമിശിത്തഫാസീര്‍' നിശിതമായി നിരൂപണം നടത്തുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാവായ സയ്യിദ് ഖുതുബിന്റെ 'ഫീദിലാലില്‍ ഖുര്‍ആന്‍' എന്ന ഗ്രന്ഥം 'അലാ ഹാമിശിത്തഫാസീറി'ന്റെ രചനയില്‍ ചെലുത്തിയ സ്വാധീനം അദ്ദേഹം പ്രത്യേകം എടുത്തു പറയുന്നുണ്ട്.

ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പ്രസിദ്ധീകരണവിഭാഗമാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. നാനൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ട ഏറ്റവും കനപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാനമായാണ് ഖത്തര്‍ ഗവണ്‍മെന്റ് ഇതിനെ വിലയിരുത്തിയിരിക്കുന്നത്. ഇമാം ഫഖ്‌റുദ്ദീന്‍ റാസിയുടെ തഫ്‌സീറിനു ശേഷം സമകാലീന വിജ്ഞാന ശാഖകള്‍ ഖുര്‍ആനിക വീക്ഷണത്തില്‍ വിവരിക്കുന്ന രീതി അവലംബിച്ചത് പാനൂര്‍ തങ്ങളാണെന്നും വിലയിരുത്തപ്പെടുന്നു. ഈജിപ്ത്, സുഡാന്‍, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ ഈ തഫ്‌സീര്‍ റഫറന്‍സ് ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


 

Feedback