Skip to main content

തഫ്‌സീറു ഇബ്‌നി അബ്ബാസ്

ഒരിക്കല്‍ പ്രവാചകന്‍(സ്വ) ഒരു ബാലനെ കാണുന്നു. ആ കുട്ടിയുടെ ചുമലില്‍ അദ്ദേഹം കൈവെച്ചു. എന്നിട്ടിങ്ങനെ പ്രാര്‍ഥിച്ചു. 'അല്ലാഹുവേ, ഇവന് നീ മതത്തില്‍ പാണ്ഡിത്യം നല്‍കേണമേ, ഖുര്‍ആന്‍ വ്യാഖ്യാനം ഇവന് നീ പഠിപ്പിക്കേണമേ'.

ക്രിസ്താബ്ദം 618ല്‍ മക്കയില്‍ ജനിച്ച ഖുറൈശീ വംശജനും പ്രവാചകന്റെ പിതൃസഹോദര പുത്രനുമായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) ആയിരുന്നു ആ ബാലന്‍. 'തര്‍ജിമാനുല്‍ ഖുര്‍ആന്‍', 'ഇമാമുത്തഫ്‌സീര്‍' എന്നീ അപര നാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം ഹാശിം കുടുംബത്തില്‍ ഹിജ്‌റയുടെ മൂന്നു വര്‍ഷം മുമ്പാണ് ജനിച്ചത്. ക്രിസ്താബ്ദം 687ല്‍ ത്വാഇഫില്‍ വെച്ച് ഇഹലോക വാസം വെടിയുന്നതിന് മുമ്പ് ഇസ്‌ലാമികാധ്യാപന മേഖലയില്‍ വിശിഷ്യാ ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പ്രോജ്വലിച്ചു നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

ഇബ്‌നു അബ്ബാസ്(റ)ന്റെ ഖുര്‍ആന്‍ വ്യാഖ്യാന വീക്ഷണം വ്യക്തമാക്കുന്ന ഒരു സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഉമറുബ്‌നുല്‍ ഖത്താബ്(റ) ഒരു ദിവസം നബിയുടെ സ്വഹാബിമാരോട് ചോദിച്ചു: 'നിങ്ങളില്‍ ഒരാള്‍ തനിക്ക് ഈത്തപ്പനയും മുന്തിരിയുമുള്ള തോട്ടമുണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നുവോ?' (2:266) എന്ന ഖുര്‍ആന്‍ വാക്യം ആരുടെ കാര്യത്തിലാണ് അവതരിച്ചത് എന്ന് അറിയുമോ?' അവര്‍: 'അല്ലാഹുവിന്നറിയാം' എന്നു പറഞ്ഞപ്പോള്‍ ഉമര്‍ ക്ഷോഭിച്ചു, 'ഞങ്ങള്‍ക്ക് അറിയാം, അല്ലെങ്കില്‍ അറിഞ്ഞുകൂടാ എന്നേ പറയാവൂ'. ഉമര്‍ നിര്‍ദേശിച്ചു. അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'എന്റെ മനസ്സില്‍ അതിനെ സംബന്ധിച്ച് ഒരാശയമുണ്ട്'. ഉമര്‍: 'സഹോദരാ പറയൂ, താങ്കള്‍ സ്വയം നിസ്സാരനാകരുത്'. ഇബ്‌നു അബ്ബാസ്: 'അത് ഒരു നടപടിയെ ഉപമിച്ചതാണ്'. ഉമര്‍: 'എന്തു നടപടി?'. ഇബ്‌നു അബ്ബാസ്: 'അല്ലാഹുവിന്റെ കല്പനകള്‍ പാലിച്ചു ജീവിച്ചിരുന്ന ഒരു ധനികന്‍ പിന്നീട് അയാള്‍ പിശാചിന്റെ ജല്‍പനങ്ങള്‍ക്ക് വഴങ്ങി ദുര്‍വൃത്തിയിലേക്കു തിരിഞ്ഞു. അതില്‍ മുങ്ങി, ഇതാണ് ആ വചനത്തിന്റെ വിവക്ഷ'. ഇങ്ങനെ ഖുര്‍ആനിലെ ഉപമകളുടെയും അലങ്കാര പ്രയോഗങ്ങളുടെയുമെല്ലാം പൊരുള്‍ ഇബ്‌നു അബ്ബാസ്(റ)ന് അറിയാമായിരുന്നു.

തഫ്‌സീറു ഇബ്‌നി അബ്ബാസിന്റെ പ്രാധാന്യം

ഇബ്‌നു അബ്ബാസ്(റ)ന്റെ ശിഷ്യന്‍ മുജാഹിദ്(റ) പറയുന്നു: 'അദ്ദേഹം ഒരു കാര്യം വിശദീകരിച്ചാല്‍ അതില്‍ ഞാന്‍ പ്രകാശം കണ്ടെത്തിയിരുന്നു'. അലി(റ) പറഞ്ഞു: 'നേരിയ മറയ്ക്കകത്തുകൂടെ അപ്രത്യക്ഷമായ കാര്യങ്ങള്‍ നോക്കിക്കാണുന്നതു പോലെയായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം'. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: 'മുഹമ്മദ് നബി(സ്വ)ക്ക് അവതരിച്ചതില്‍ മുഹമ്മദിന്റെ സമുദായത്തില്‍ ഏറ്റവും കൂടുതല്‍ അറിവുള്ള ആളാണ് ഇബ്‌നു അബ്ബാസ്(റ)'.

സൂറത്തുല്‍ ഫത്ഹ് അവതരിച്ചു. എല്ലാവരും മക്കാവിജയത്തെക്കുറിച്ചും വിജയം കൈവരിച്ചാല്‍ പാലിക്കേണ്ട മതവിധികളെക്കുറിച്ചും മനസ്സിലാക്കി. എന്നാല്‍ ക്രാന്തദര്‍ശിയായ ഇബ്‌നു അബ്ബാസ്(റ) വിശുദ്ധ വചനങ്ങള്‍ക്കിടയില്‍ നിന്നും പ്രവാചകന്റെ വിയോഗമടുത്തതായി മണത്തറിഞ്ഞിരുന്നു. 

തഫ്‌സീറിന്റെ പ്രത്യേകതകള്‍

1. ജാഹിലിയ്യാ കവിതകളുടെ ഉപയോഗം


ഇബ്‌നു അബ്ബാസ്(റ) അറബിക്കവിതയില്‍ നിപുണനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമകാലികരായ പ്രമുഖ സ്വഹാബിമാര്‍ക്ക് പോലും ഖുര്‍ആനിലുപയോഗിച്ച പദങ്ങളെക്കുറിച്ച് ആശയക്കുഴപ്പമോ അവ്യക്തതയോ അനുഭവപ്പെടുമ്പോള്‍ അവര്‍ ഇബ്‌നു അബ്ബാസിനെയായിരുന്നു ആശ്രയിച്ചിരുന്നത്. കാരണം അദ്ദേഹം ഖുര്‍ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ സമാനമായ അറബിക്കവിതകള്‍ യഥേഷ്ടം ഉദ്ധരിക്കുമായിരുന്നു. ഒരിക്കല്‍ കഅ്ബാലയത്തിന്റെ പൂമുഖത്ത് വെച്ച് നാഫിഅ്ബ്‌നു അസ്‌റഖ് അദ്ദേഹത്തോട് ഇരുനൂറോളം ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം അറബിക്കവിതകളുദ്ധരിച്ച് അദ്ദേഹം മറുപടിയും നല്‍കി. നാഫിഇന്റെ ചോദ്യങ്ങളിലൊന്ന് സൂറത്തു മാഇദയിലെ 35-ാം വചനത്തിലെ 'വസീല'യെക്കുറിച്ചായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'ആവശ്യം എന്നാണതിന്റെ അര്‍ത്ഥം'. നാഫിഅ്: 'അങ്ങനെയാണോ അറബികള്‍ മനസ്സിലാക്കിയിരുന്നത്?' അതിനു മറുപടിയായി ഇബ്‌നു അബ്ബാസ് കവിത  ഉദ്ധരിക്കുകയായിരുന്നു (അല്‍ ഇത്ഖാന്‍ വാള്യം: 1 പേജ്: 120). ഇസ്ലാമിനെ വികൃതമാക്കിയ യാഥാസ്ഥിതിക പൗരോഹിത്യം അല്ലാഹുവിനോട് പ്രാര്‍ഥിക്കുമ്പോള്‍ മധ്യവര്‍ത്തികളെ നിശ്ചയിക്കണമെന്ന് സമര്‍ഥിക്കാന്‍ ഈ വചനം ദുരുപയോഗപ്പെടുത്തുന്നത് എത്രമാത്രം അപലപനീയമാണ്. 

ഖുര്‍ആന്‍ വിവരണത്തിന് കവിതകളുപയോഗിച്ച് ഭാഷാപഗ്രഥനം നടത്തുന്ന ശൈലിയുടെ ഉപജ്ഞാതാവ് ഇബ്‌നു അബ്ബാസ്(റ) ആകുന്നു (അല്‍ മദാഹിബുല്‍ ഇസ്‌ലാമിയ്യ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍). അദ്ദേഹം ഇങ്ങനെ പറയാറുണ്ടായിരുന്നു. 'കവിതയാണ് അറബികളുടെ സമാഹാരം (ദീവാന്‍). അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനില്‍ ഏതെങ്കിലും പദങ്ങളില്‍ നമുക്ക് അവ്യക്തത അനുഭവപ്പെട്ടാല്‍ നാം ആ സമാഹാരമവലംബിക്കുകയും അതില്‍ ചികയുകയും വേണം' (അല്‍ ഇത്ഖാന്‍, വാള്യം: 1).

2. പൂര്‍വ വേദങ്ങള്‍ അവലംബിക്കല്‍


ഇബ്‌നു അബ്ബാസ്(റ) ഖുര്‍ആന്‍ വ്യാഖ്യാനത്തിന് വേദക്കാരില്‍ നിന്നുള്ള അറിവുകളുടെ സാധ്യത ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്‌ലാം സ്വീകരിച്ച പണ്ഡിതന്‍മാരില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. ഖുര്‍ആന്‍ സംക്ഷിപ്തമായി പറഞ്ഞ ചരിത്ര കഥകളുടെ ആഖ്യാനത്തിനായിരുന്നു മുന്‍വേദ പാഠങ്ങള്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിരുന്നത്. ഇവ സ്വീകരിക്കുന്നതില്‍ അദ്ദേഹം അതിസൂക്ഷ്മത പുലര്‍ത്തിയിരുന്നു. വിശ്വാസ കാര്യങ്ങളില്‍ വേദക്കാരുടെ സംഭാവന അദ്ദേഹം ഒട്ടും സ്വീകരിച്ചിരുന്നില്ല. ചരിത്രകഥാ ആഖ്യാനങ്ങളില്‍ തന്നെ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കോ ബുദ്ധിക്കോ വിരുദ്ധമായവ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍).

വ്യാജ നിര്‍മിതികള്‍

ഇബ്‌നു അബ്ബാസ്(റ)യുടെ പേരില്‍ പ്രചാരത്തിലുള്ള ചില തഫ്‌സീറുകള്‍ അദ്ദേഹത്തിന്റെതല്ല. ഈജിപ്തില്‍ നിന്ന് പല തവണ പ്രസിദ്ധീകരിക്കപ്പെട്ട 'തന്‍വീറുല്‍ മിഖ്‌യാസ് മിന്‍ തഫ്‌സീറി ഇബ്‌നു അബ്ബാസ്' എന്ന ഗ്രന്ഥം ഇബ്‌നു അബ്ബാസ്(റ)ന്റെതല്ല. അല്‍ഖാമൂസുല്‍ മുഹീത്വിന്റെ രചയിതാവായ അബൂത്വല്‍ഹതില്‍ മുഹമ്മദ് ബ്‌നു യഅ്ഖൂബ് അല്‍ ഫൈറൂസാബാദി എന്ന ശാഫിഈ പണ്ഡിതനാണ് അത് സമാഹരിച്ചത്. ഇതിലെ പല റിപ്പോര്‍ട്ടുകളും തഫ്‌സീര്‍ നിരൂപകര്‍ക്കിടയില്‍ ആരോപണ വിധേയമായവയാണ്. 

ഇതുപോലെ പില്ക്കാലത്തും ഒട്ടേറെ നിവേദനങ്ങള്‍ ഇബ്‌നു അബ്ബാസിലേക്ക് ചേര്‍ത്തിപ്പറഞ്ഞതായി കാണാന്‍ കഴിയും. ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പ്രവാചകന്റെ പ്രത്യേക പ്രാര്‍ഥനയ്ക്ക് അര്‍ഹനും പ്രവാചക കുടുംബാംഗവുമായ ഇബ്‌നു അബ്ബാസിന്റെ വാക്കുകള്‍ക്ക് പില്കാലക്കാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയും അദ്ദേഹത്തിന്റെ സന്താന പരമ്പരയിലെ പിന്‍ തലമുറക്കാരായ അബ്ബാസിയാ ഭരണാധികാരികള്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയതുമാണ് ഇബ്‌നു അബ്ബാസിന്റെ പേരിലെ വ്യാജ നിര്‍മിതികള്‍ക്ക് കാരണം.

Feedback