Skip to main content

തഫ്‌സീര്‍ അൽ റാസി

ഫഖ്‌റുദ്ദീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇമാം റാസിയുടെ യഥാര്‍ഥ പേര് മുഹമ്മദ് ബ്‌നു ഉമറബ്‌നി ഹസനിബ്‌നി ഹുസൈനിബ്‌നി അലി എന്നാണ്. ഇറാനിലെ തെഹ്‌റാനിനടുത്ത റയ്യില്‍ ഹി. 544ല്‍ ജനിച്ചു. ഇമാം റാസി ആര്‍ജിച്ചെടുക്കാത്ത വിജ്ഞാന ശാഖകളില്ല എന്നു തന്നെ പറയാം. ഖുര്‍ആന്‍ വ്യാഖ്യാനത്തിനു പുറമെ ഭാഷാശാസ്ത്രം, ഗോളശാസ്ത്രം, ഇല്‍മുല്‍ കലാം, ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം എന്നീ ശാസ്ത്ര ശാഖകളിലും അദ്ദേഹം വ്യുല്പത്തി നേടിയിരുന്നു. മത വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര വിഷയങ്ങളിലും ഇമാം റാസി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.

തഫ്‌സീറുല്‍ കബീര്‍, മഫാതീഹുല്‍ ഗൈബ് എന്നീ പേരുകളില്‍ തഫ്‌സീറുര്‍റാസി അറിയപ്പെടുന്നുണ്ട്. തഫ്‌സീറുത്ത്വബ്‌രി പ്രമാണാധിഷ്ഠിത വ്യാഖ്യാനങ്ങളുടെ മാതൃകയായി എണ്ണപ്പെടുന്നുവെങ്കില്‍ തഫ്‌സീറു റാസി ഗവേഷണാത്മക തഫ്‌സീറുകള്‍ക്ക് മാതൃകയായാണ് എണ്ണപ്പെടുന്നത്. എന്നു മാത്രമല്ല, നിലവിലുള്ള മുഴുവന്‍ ഗവേഷണാത്മക ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെയും മുഖ്യസ്രോതസ്സ് മഫാതീഹുല്‍ ഗൈബ് ആണ്. 

ഹി. 595ല്‍ തഫ്‌സീറിന്റെ രചന ആരംഭിച്ചെങ്കിലും ഇമാം റാസിക്ക് അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിനു ശേഷം ഖാദീ ശിഹാബുദ്ദീന്‍ ദിമശ്ഖിയും പിന്നീട് നജ്മുദ്ദീന്‍ അഹമ്മദ് ബ്‌നു മുഹമ്മദുമാണ് ഇതിന്റെ രചന പൂര്‍ത്തീകരിച്ചത്. 

രചനാ രീതി

വ്യാഖ്യാനിക്കപ്പെടുന്ന ആയത്തുകളും അതിന്റെ മുന്‍പുള്ള ആയത്തുകളും തമ്മിലുള്ള ബന്ധം ആദ്യമായി ചര്‍ച്ച ചെയ്യുന്നു. പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. ദാര്‍ശനികരുടെയും മുഅ്തസിലികള്‍ പോലുള്ളവരുടെയും അഭിപ്രായങ്ങള്‍ എടുത്തുപറഞ്ഞ് ഖണ്ഡിക്കുകയും ചെയ്യുന്നുണ്ട്. വിധിവിലക്കുകളുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ വ്യത്യസ്ത ഫിഖ്ഹീ ചിന്താധാരകളിലെ പണ്ഡിതാഭിപ്രായങ്ങള്‍ ഉദ്ധരിക്കുകയും അദ്ദേഹത്തിന്റെ പക്ഷം വ്യക്തമാക്കുകയും ചെയ്യും. ആധുനിക വിജ്ഞാനങ്ങളുടെ അതിപ്രസരം കാരണം റാസിയുടെ തഫ്‌സീര്‍ പല വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. വാചകഘടനയിലെ ലാളിത്യവും അവതരണ ഭംഗിയും റാസിയുടെ തഫ്‌സീറിന്റെ രചനാവൈഭവം വിളിച്ചോതുന്നു.

പ്രശസ്ത പൗരസ്ത്യ ഇസ്‌ലാമിക ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന അല്ലാമാ ശിബ്‌ലി നുഅ്മാനി പറയുന്നു: 'വാസ്തവത്തില്‍ അദ്ദേഹത്തിന്റെ മുന്‍പ് രചിക്കപ്പെട്ട തഫ്‌സീറുകളെല്ലാം ഒരു പ്രത്യേക മാതൃകയില്‍ രചിക്കപ്പെട്ടവയായിരുന്നു. ഭാഷ, അലങ്കാര ശാസ്ത്രം, വേദാന്തം, കര്‍മശാസ്ത്രം തുടങ്ങിയവയിലേതെങ്കിലുമൊന്നില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു അവയുടെ രചനാരീതി. എന്നാല്‍ ഇമാം റാസിയുടെ തഫ്‌സീര്‍ മിക്ക വിജ്ഞാന ശാഖകളെയും ഉള്‍ക്കൊള്ളുകയും രേഖപ്പെടുത്തുകയും ചെയ്തു' (ശിബ്‌ലിയുടെ ലേഖനങ്ങള്‍, വാള്യം 4, പുറം 46).


 

Feedback
  • Tuesday Dec 10, 2024
  • Jumada ath-Thaniya 8 1446