Skip to main content

തഫ്‌സീർ അൽ ഖുര്‍ത്വുബി

ഹിജ്‌റ 671-ല്‍ മരണപ്പെട്ട ഇമാം അബ്ദുല്ല മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ അന്‍സ്വാരീ അല്‍ ഖുര്‍ത്വുബിയുടെ പരിശുദ്ധ ഖുര്‍ആന്‍ തഫ്‌സീര്‍ ആണ് അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍. ഓരോ ആയത്തില്‍ നിന്നും ലഭിക്കേണ്ട വിധികള്‍ കണ്ടെത്തി എന്നതാണ് ഈ തഫ്‌സീറിന്റെ പ്രത്യേകത. ഈ ശൈലി പിന്തുടര്‍ന്ന ഏക തഫ്‌സീര്‍ ഇതാണ്.

തന്റെ തഫ്‌സീര്‍ രചനയുടെ ശൈലിയെക്കുറിച്ച് ഖുര്‍ത്വുബി പറയുന്നത് ഇങ്ങനെയാണ്: 'ഒരു തഫ്‌സീര്‍ രചിക്കുകയാണെങ്കില്‍ അതില്‍ എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഖുര്‍ആനിന്റെ വ്യാഖ്യാനവും ഭാഷയും പാരായണവും അഭിപ്രായങ്ങളും ഹദീസുകളും എല്ലാം ഉണ്ടാവേണ്ടതുണ്ട്'.

ഈ തഫ്‌സീര്‍ കുറ്റമറ്റതാക്കാന്‍ അദ്ദേഹം സ്വീകരിച്ച നിബന്ധനകള്‍ 'അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്റെ' മാറ്റ് വര്‍ധിപ്പിക്കുന്നു. വാക്കുകള്‍ അത് പറഞ്ഞയാളിലേക്കും ഹദീസുകള്‍ അത് ഉദ്ദരിച്ചയാളിലേക്കും ഇദ്ദേഹം ചേര്‍ത്തുവയ്ക്കുന്നു. വ്യാഖ്യാതാക്കളും ചരിത്രകാരന്‍മാരും പറഞ്ഞിട്ടുള്ള ധാരാളം കഥകള്‍ അവ അനിവാര്യമല്ലാത്തതിനാല്‍ ഖുര്‍ത്വുബി ഒഴിവാക്കി. കാര്യവിശദീകരണത്തിന് കഥകള്‍ക്ക് വലിയ പ്രാധാന്യം നല്കിയതുമില്ല. ആയത്തുകളില്‍ നിന്ന് വിധികള്‍ എടുക്കുന്നതില്‍ മുന്നിട്ടു നിന്നു. പ്രത്യേക വിധികളൊന്നും ലഭിക്കാനില്ലാത്ത ആയത്താണെങ്കില്‍ ആ ആയത്തിലുള്ള ചിന്തയെയും അത് കൊണ്ടുണ്ടാവേണ്ട ചിന്താഗതിയെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു.

സബബുന്നുസൂല്‍ (അവതരണ പശ്ചാത്തലം) വ്യക്തമാക്കിയ 'അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍' പാരായണരീതി പഠിപ്പിക്കുകയും അപരിചിതമായ പദങ്ങള്‍ക്ക് വ്യക്തതത വരുത്തുകയും ചെയ്യുന്നു. ഭാഷയെ നന്നായി അവലംബിക്കുന്ന ഈ തഫ്‌സീര്‍ അറബിക്കവിതകളെ ആശയഗ്രഹണത്തിനായി ആശ്രയിക്കുന്നത് മനോഹരമാണ്. ഭാഷയിലുള്ള ഈ അറിവും സൂക്ഷ്മതയും ആദര്‍ശരംഗത്തേക്ക് കൂടി കൊണ്ടു വന്ന് ഈ തഫ്‌സീര്‍ വ്യതിരിക്തത പുലര്‍ത്തുന്നു. 

മുഅ്തസില, ഖദ്‌രിയ്യ, റാഫിദിയ്യ തുടങ്ങിയ കക്ഷികള്‍ക്കെതിരെ ശക്തമായ മറുപടി നല്‍കുന്ന ഈ തഫ്‌സീര്‍ തത്ത്വശാസ്ത്രത്തിലെയും സൂഫിസത്തിലെയും അതിരുകവിയലിന് താക്കീതു നല്‍കുകയും ചെയ്യുന്നു. പറഞ്ഞവരിലേക്ക് കാര്യങ്ങളെ ചേര്‍ത്തിപ്പറയുകയും അതു മൂലം ഈ തഫ്‌സീറിനുണ്ടായ വിശ്വാസ്യതയും കാരണത്താല്‍ ഭൂരിഭാഗം സലഫികളും അവലംബിക്കുന്ന ഒരു തഫ്‌സീര്‍ കൂടിയാണ് അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍. ഖുര്‍ത്വുബി(റ) മാലികീ മദ്ഹബുകാരനായിരുന്നിട്ടും യാതൊരു മദ്ഹബീ പക്ഷപാതിത്വമില്ലാത്തതും അതിന് കാരണമാണ്.

അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആനില്‍ 6500-നു മുകളില്‍ ഹദീസുകള്‍ ഖുര്‍ത്വുബി ഉദ്ധരിക്കുന്നുണ്ട്. ദുര്‍ബല ഹദീസുകളും അതിലുണ്ട്. ഈ 6500 ഹദീസുകളില്‍ കൂടുതലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് അവസാനത്തെ മൂന്നിലൊന്ന് ഭാഗത്താണ്. 

അല്‍ ജാമി ലില്‍ അഹ്കാമുല്‍ ഖുര്‍ആന്‍ എന്ന തഫ്‌സീറിന്റെ പ്രത്യേകതകള്‍:
•    അവതരണ പശ്ചാത്തലത്തെ വെളിപ്പെടുത്തുന്നു.
•    പാരായണ ശൈലി സ്മരിക്കുന്നു.
•    ഭാഷാ ശാസ്ത്രം വിവരിക്കുന്നു.
•    ഹദീസുകളെ നിര്‍ധാരണം ചെയ്യുന്നു.
•    അപരിചിത പദങ്ങളെ വ്യക്തമാക്കുന്നു.
•    കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങളെ നിര്‍ണയിക്കുന്നു.
•    മുന്‍ഗാമികളുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുന്നു.
•    അറബിക്കവിതകളില്‍ നിന്ന് അനുയോജ്യമായവ ഉദ്ധരിക്കുന്നു.
•    കാര്യങ്ങളുടെ ഉറപ്പിനുവേണ്ടി മുന്‍കഴിഞ്ഞ മുഫസ്സിരീങ്ങളായ ത്വബ്‌രി, ഇബ്‌നു ഉത്വയ്യ തുടങ്ങിയവരെ പരാമര്‍ശിക്കുന്നു.

ഒററ വാക്കില്‍ പറഞ്ഞാല്‍ വിവിധ തഫ്‌സീറുകളെ അവലംബിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിവരിച്ച്, ബുദ്ധിയുടെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ച് പ്രമാണബദ്ധമായി വിശദീകരിക്കുന്ന തഫ്‌സീറാണ് ഇമാം ഖുര്‍ത്വുബിയുടെ 'അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍'.
 

Feedback