Skip to main content

തഫ്‌സീര്‍ ഇബ്‌നു കസീര്‍

തഫ്‌സീറുത്ത്വബ്‌രിക്കുശേഷം ആധികാരികതയില്‍ രണ്ടാം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന തഫ്‌സീറാകുന്നു ഇബ്‌നു കസീര്‍(റ)ന്റെ തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം. ഡമസ്‌കസുകാരനായ ഇമാദുദ്ദീന്‍ അബുല്‍ഫിദാ ഇസ്മാഈലബ്‌നി കസീര്‍(റ), ഹദീസ്, ചരിത്രം, കര്‍മശാസ്ത്രം എന്നീ വിജ്ഞാന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പണ്ഡിതന്‍ കൂടിയായിരുന്നു. ഹിജ്‌റ 700ല്‍ ജനിച്ച ഇബ്‌നുകസീര്‍ ചെറുപ്പത്തില്‍ തന്നെ അനാഥനായിത്തീര്‍ന്നു. ഏഴാം വയസ്സില്‍ സഹോദരനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ഹി: 774ല്‍ ഈ ലോകത്തോട് വിടപറയുന്നതിന്നിടയില്‍ രചിച്ച തഫ്‌സീറുല്‍ ഖുര്‍ആന്‍, ജാമിഉല്‍ മസാനീദ്, ഖിസസുല്‍ അമ്പിയാഅ്, ത്വബകാത്തുശ്ശാഫിഇയ്യ, അല്‍ബിദായ വന്നിഹായ എന്നീ അമൂല്യ ഗ്രന്ഥങ്ങളിലൂടെ ഇബ്‌നു കസീര്‍ ഇന്നും ലോകത്ത് തിളങ്ങി നില്‍ല്ക്കുന്നു.

മുസ്‌ലിം ലോകം അരക്ഷിതത്വത്തിന്റെയും നവോത്ഥാനത്തിന്റെയും മധ്യേ നില്ക്കുന്ന മുഹൂര്‍ത്തത്തിലായിരുന്നു ഇബ്‌നുകസീറിന്റെ പിറവി. അഞ്ചു നൂറ്റാണ്ടിലധികം ഭരണം നടത്തിയ അബ്ബാസിയ്യ വംശം തകര്‍ന്നടിഞ്ഞതും, ഇസ്‌ലാമിന്റെ ശത്രുക്കളായ താര്‍ത്താരികള്‍ നിരന്തരമായ ഭീകരാക്രമണവും വംശഹത്യയും നടത്തിയതും കാരണം ഒരു വശത്ത് മുസ്‌ലിം ലോകം അരക്ഷിതാവസ്ഥയിലായിരുന്നു. അതോടൊപ്പം അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായി മാറിയ സമുദായത്തിനകത്തുനിന്നുതന്നെ നവോത്ഥാന വിപ്ലവ കാഹളം മുഴക്കിക്കൊണ്ട് ഇബ്‌നുതൈമിയ(റ) താരോദയം ചെയ്ത കാലവുമായിരുന്നു അത്.

ഇബ്‌നു തൈമിയയുടെ നവോത്ഥാന ചിന്തകള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തിയിരുന്നു. അത് യാഥാസ്ഥിതിക പൗരോഹിത്യത്തെ അമ്പരപ്പിക്കുകയും അവരെ കലിതുള്ളിക്കുകയും ചെയ്തു. ഇബ്‌നുതൈമിയ(റ)യുടെ പ്രമാണബദ്ധമായ സമീപനവും ജ്ഞാന സമര്‍ഥനവും ഇബ്‌നുകസീര്‍(റ)നെ സ്വാധീനിച്ചു. അദ്ദേഹം ഇബ്‌നു തൈമിയയില്‍ ആകൃഷ്ടനായി. തത്ഫലമായി ഇബ്‌നുതൈമിയയെപ്പോലെ ഇബ്‌നുകസീറും പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു.

ഖുര്‍ആന്‍ വ്യാഖ്യാനത്തിന് കുറ്റമറ്റ രീതി ശാസ്ത്രമാണ് ഇബ്‌നുകസീര്‍(റ) അവലംബിച്ചത്. അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഒരു വചനത്തെ വ്യാഖ്യാനിക്കുമ്പോള്‍ ആ വചനത്തോട് സമാനമായ ധാരാളം വചനങ്ങള്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുര്‍ആനിനെ വ്യാഖ്യാനിക്കാന്‍ ആദ്യം ഉപയോഗിക്കേണ്ടത് ഖുര്‍ആന്‍ തന്നെയാണ് എന്ന പക്ഷക്കാരനായിരുന്നു. തുടര്‍ന്ന് പ്രവാചകന്റെ വചനങ്ങള്‍ കൊടുക്കും. ശേഷം താബിഉകളുടെ വചനങ്ങളുദ്ധരിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ശൈലി.

ഹദീസ് നിരൂപണ വിശാരദന്‍ കൂടിയായതുകൊണ്ട് ആധികാരിക ഹദീസുകള്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ യഥേഷ്ടം ഉദ്ധരിച്ചു. രാഷ്ട്രീയ കാര്യലാഭങ്ങള്‍ക്കും മതവിഭാഗീയതയ്ക്കും വേണ്ടി നിര്‍മിത ഹദീസുകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരുന്ന ഒരു കാലഘട്ടമാണതെന്ന് പ്രത്യേകം ഓര്‍ക്കണം. മറ്റു മുഫസ്സിറുകളില്‍ നിന്നും ഭിന്നമായി ചരിത്രപണ്ഡിതന്‍ കൂടിയായ ഇമാം ഇബ്‌നുകസീറിന് ചരിത്രത്തിന്റെയും ഹദീസ് വിജ്ഞാനത്തിന്റെയും പിന്‍ബലത്തില്‍ വ്യാജനിര്‍മിതികളെ പെട്ടെന്ന് കണ്ടെത്തുവാനും കഴിഞ്ഞിരുന്നു.

ആധികാരിക മുഫസ്സിറുകളുടെ തഫ്‌സീറുകളില്‍ പോലും ഇടം പിടിച്ച ഇസ്‌റാഈലിയ്യത്തുകള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു ഇബ്‌നു കസീര്‍(റ) എടുത്തിരുന്നത്. അന്തിമ വിശകലനത്തില്‍ കുറ്റമറ്റവ മാത്രമേ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളൂ. അവയിലധികവും പശ്ചാത്തല വിശദീകരണങ്ങള്‍ക്കുള്ള ബാഹ്യ അവലംബമായി മാത്രം അദ്ദേഹം പരിഗണിച്ചു. സൂറത്തുല്‍ ബഖറയിലെ 67 മുതലുള്ള വചനങ്ങളില്‍ പശുവിനെ അറുക്കുവാന്‍ ബനൂഇസ്രാഈല്യരോടുളള ആഹ്വാനവും തുടര്‍ സംഭവങ്ങളും വിവരിച്ചശേഷം അദ്ദേഹം ഇങ്ങനെ കുറിച്ചു. ഈ വിവരങ്ങള്‍ ഉബൈദ, അബുല്‍ ആലിയ, സുദിയ്യ തുടങ്ങിയവരില്‍ നിന്നുള്ളതാണ്. അവയിലെല്ലാം അഭിപ്രായാന്തരങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ അവയെല്ലാം ബനൂഇസ്‌റാഈല്യരുടെ ഗ്രന്ഥങ്ങളില്‍ നിന്നെടുത്തതാണ്. നമുക്കത് ഉദ്ധരിക്കാമെങ്കിലും അവയെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല. സത്യത്തോട് പൊരുത്തപ്പെടുന്നവ മാത്രമേ നാം അവലംബിക്കേണ്ടതുള്ളു'' (ഇബ്‌നുകസീര്‍ ഭാ:1).

സൂറത്തു ഖാഫിലെ ആദ്യവചനത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെ ഖാഫ് എന്നു പറയുന്നത് ഭൂതലമാകെ വലയം ചെയ്തിരിക്കുന്ന ഒരു പര്‍വതമാണെന്ന് പൂര്‍വ്വീകരായ ചിലര്‍ ഉദ്ധരിച്ചിരിക്കുന്നു. ഇത് ബനൂഇസ്‌റാഈല്യരുടെ കെട്ടുകഥകളില്‍ പെട്ടതാണ്. എന്റെ അഭിപ്രായത്തില്‍ ഇതും ഇതുപോലുളളതും വേദക്കാരുടെ മതകാര്യങ്ങളില്‍ പൊതുജനത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ വേണ്ടി അവരിലെത്തന്നെ നിരീശ്വരവാദികള്‍ നിര്‍മിച്ചവയാകുന്നു. അഗ്രഗണ്യരായ പണ്ഡിതന്മാരും പ്രവാചകവചനങ്ങള്‍ മനഃപാഠമാക്കിയവരും ഹദീസ് നിരൂപകരും നിറഞ്ഞു നില്‍ക്കുന്ന ഈ ഉമ്മത്തില്‍ (മുസ്ലിം) പോലും മതകാര്യങ്ങളില്‍ കെട്ടു കഥകള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഒട്ടേറെ കാലം പിന്നിടുകയും മതനിരൂപകര്‍ തുലോം പരിമിതവും വേദ ഗ്രന്ഥങ്ങളില്‍ പോലും അക്ഷരാര്‍ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ നടത്തിയ പണ്ഡിതന്മാരും, മദ്യപാനികളായ പണ്ഡിതന്മാരും അത്തരം വിശ്വാസികളുമുള്ള ഒരു സമുദായത്തില്‍ ഇതെങ്ങനെ സംഭവിക്കാതിരിക്കും. ബനൂ ഇസ്‌റാഈല്യരില്‍ നിന്ന് നിങ്ങള്‍ ഉദ്ധരിച്ചുകൊള്ളുവിന്‍ വിരോധമില്ല എന്ന പ്രവാചക വചനമനുസരിച്ച് ബുദ്ധിക്ക് അനുയോജ്യമായ കാര്യങ്ങള്‍ അവരില്‍ നിന്നും സ്വീകരിക്കാവുന്നതാണ്. എന്നാല്‍ സമാന്യ ബുദ്ധി അസംഭവ്യമായി കരുതുന്ന കാര്യങ്ങള്‍ നിരര്‍ഥകമായി നാം കാണുകയും വേണം (ഇബ്‌നു കസീര്‍ ഭാഗം : 4).

ഹദീസ്, ചരിത്രം എന്നിവപോലെത്തന്നെ ഫിഖ്ഹി(കര്‍മശാസ്ത്രം)ലും അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു ഇബ്‌നുകസീര്‍. ഖുര്‍ആന്‍ വിവരണത്തിലും ഫിഖ്ഹിന്റെ ആധിപത്യം നമുക്ക് കാണാന്‍ കഴിയും. കര്‍മകാര്യങ്ങളില്‍ തന്റെ പക്ഷം മാത്രം പറഞ്ഞു മതിയാക്കാതെ പണ്ഡിതാഭിപ്രായങ്ങളും അവരുന്നയിക്കുന്ന തെളിവുകളും കൂടി ഉദ്ധരിക്കുന്നത് ഇബ്‌നുകസീറിന്റെ(റ) പ്രത്യേകതയത്രെ.

തഫ്‌സീറുബ്‌നു കസീറിന്റെ രചനാലാളിത്യം എടുത്തു പറയേണ്ടതാണ്. സാധാരണക്കാര്‍ക്കുപോലും ഗ്രഹിക്കാന്‍ കഴിയുന്ന ലളിതമായ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇമാം ത്വബ്‌രിയുടെ തഫ്‌സീറിന് ലഭിച്ചതിനേക്കാള്‍ ജനകീയാംഗീകാരം ഇബ്‌നു കസീറിന് ലഭിക്കാന്‍ ഇത് നിമിത്തമാകുകയും ചെയ്തു.

തഫ്‌സീറുബ്‌നു കസീറിന് പില്‍ക്കാലത്ത് സംഗ്രഹ ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. കുവൈത്തിലെ ജംഇയ്യത്തു ഇഹ്‌യാഉത്തുറാസ് പ്രസിദ്ധീകരിച്ച ഹുസ്‌നു തഹ്‌രീര്‍ ഫീ തഹ്ദീബി തഫ്‌സീറുബ്‌നു കസീര്‍ ആണ് ഈ ഇനത്തിലെ ഏറ്റവും പുതിയ ഗ്രന്ഥം. മൂലഗ്രന്ഥത്തിലെ വ്യാഖ്യാന ദൈര്‍ഘ്യവും സംശയാസ്പദമായ ഇസ്റാഈലി റിപ്പോര്‍ട്ടുകളും ഒഴിവാക്കി ശൈഖ് മുഹമ്മദ് അല്‍ഹമൂദ് നജ്ദിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.


 

Feedback