Skip to main content

സൗന്ദര്യബോധം

സ്ത്രീ സൗന്ദര്യം ഇഷ്ടപ്പെടുന്നു. സ്ത്രീയില്‍ പുരുഷന്‍ സൗന്ദര്യം പ്രതീക്ഷിക്കുന്നു. ഇതു രണ്ടും പ്രകൃതിയാണ്. അതിനാല്‍ സൗന്ദര്യബോധം സ്ത്രീയുടെ അവകാശമാണ്. പുരുഷന്ന് നിഷിദ്ധമായ പട്ടും സ്വര്‍ണവും അവള്‍ക്ക് അനുവദനീയമാകുന്നത് അങ്ങനെയാണ്.  

അബൂമൂസാ(റ) പറയുന്നു: റസൂല്‍(സ്വ) അരുളി: പട്ടും സ്വര്‍ണവും അണിയല്‍ എന്റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ് (തിര്‍മിദി).

നല്ല ഇണയെക്കുറിച്ച് പറയവേ, നീ നോക്കിയാല്‍ നിന്നെ സന്തോഷിപ്പിക്കുന്നവളാണ് അവള്‍ എന്ന് നബി(സ്വ) പറയുന്നുണ്ട്. ഇത് സ്വഭാവവും കാഴ്ചയും ഉള്‍ച്ചേരുന്ന സൗന്ദര്യമാണ്. തന്റെ പാതിക്കുവേണ്ടി മൈലാഞ്ചി അണിയാനും സുറുമ ഉപയോഗിക്കാനും വൈകല്യങ്ങള്‍ നീക്കാനും വഞ്ചനയും ചതിയുമുണ്ടാക്കാത്ത വിധത്തില്‍ സുന്ദരിയാകാനും ഇസ്‌ലാം അവളോട് ആവശ്യപ്പെടുന്നുണ്ട്. ഈ അലങ്കാരങ്ങളൊന്നും പക്ഷേ, പുറംലോകത്ത് പ്രകടിപ്പിക്കാന്‍ ഇസ്‌ലാം അവള്‍ക്ക് സമ്മതം നല്കുന്നില്ല. ''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ കഴിയുക. ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്''(33:33). സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നോ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടരുതെന്നോ ഇതിനര്‍ഥമില്ല. ഇസ്‌ലാമിക വസ്ത്രധാരണവും മാന്യമായ പെരുമാറ്റവുമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കാവുന്നതാണ്. സ്വഹാബാ വനിതകള്‍ അങ്ങനെയായിരുന്നു.

ഭര്‍ത്താവിനുവേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങണമെന്നു പറയുമ്പോള്‍ അതും ഏകപക്ഷീയമായ വിവേചനമല്ല. അവള്‍ക്കുവേണ്ടി അവനും അങ്ങനെയാകണമെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു.  
ചതിയും വഞ്ചനയും വരാവുന്ന എല്ലാ കൃത്രിമാലങ്കാരങ്ങളും പുരുഷനെപ്പോലെ സ്ത്രീക്കും നിഷിദ്ധമാണ്. മുടിയില്ലാത്ത വിവാഹിതക്ക് കൃത്രിമ മുടിവെച്ചുകൊടുക്കുന്നതിന് നബി(സ്വ) അനുമതി നിഷേധിക്കുകയുണ്ടായി. കൃത്രിമമായ ചമയങ്ങള്‍ അനുവദിക്കാതിരിക്കുന്നത് അവളുടെ സുരക്ഷയ്ക്കും അസാന്മാര്‍ഗികതയിലേക്കുള്ള വഴിയടയ്ക്കാനുമാണ്. ആളുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ 'പൂഞ്ഞപോലെ' ആടിക്കൊണ്ടിരിക്കുന്ന തലയും അരക്കെട്ടുമെല്ലാമായി നടക്കുന്ന അല്പ വസ്ത്രധാരികള്‍ക്ക് ഏറെ വിദൂരതയില്‍ പരക്കുന്ന സ്വര്‍ഗസുഗന്ധം പോലും ആസ്വദിക്കാന്‍ കഴിയില്ലെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നുണ്ട് (മുസ്‌ലിം). ഇതെല്ലാമാണ് ആധുനിക ലോകത്ത് പുരുഷന്മാരെ കാമഭ്രാന്തന്മാരാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.  

സ്ത്രീസുരക്ഷയും മഹത്തായ സാമൂഹിക ധാര്‍മിക കരുതലും അടിസ്ഥാനമാക്കി ഇസ്‌ലാം വെച്ച നിയന്ത്രണങ്ങള്‍ ചിലര്‍ക്ക് ഇഷ്ടമല്ല. അതാണ് സ്ത്രീകളുടെ ഇസ്‌ലാമിക വസ്ത്രരീതിയെ അവര്‍ ഇത്രത്തോളം വെറുക്കുന്നത്.  മുഖവും മുന്‍കൈയും മാത്രം വെളിവാകുന്നതും ഇറുകിയതോ നേരിയതോ അല്ലാത്തതുമായ വസ്ത്ര രീതിയാണ് അന്യപുരുഷന്മാര്‍ക്കു മുമ്പില്‍ സ്ത്രീകള്‍ക്കായി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. അത് സുരക്ഷിതത്വവും ധാര്‍മികതയുടെ അടയാളവുമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(33:59). 

മുന്‍വിധികളില്ലാത്തവരെല്ലാം ഇത് അംഗീകരിക്കുന്നു. എഴുത്തുകാരനും അവതാരകനുമായ ഡെന്നിസ് പ്രേജര്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു: ''പുരുഷന്‍ പ്രകൃത്യാ തന്നെ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത് കാഴ്ചയിലൂടെ ലൈംഗികമായി ഉത്തേജിക്കപ്പെടുന്ന രീതിയിലാണ്. ഇത് സമൂഹം ഉണ്ടാക്കിയെടുത്തതല്ല. അതുകൊണ്ടാണ് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ സ്ത്രീശരീരം മുഴുവനായോ ഭാഗികമായോ ഉപയോഗപ്പെടുത്തുന്നത്... പുരുഷന്റെ ഈ പ്രകൃതത്തെ നിഷേധിക്കുന്നത് ഭൂമി ഉരുണ്ടതാണ് എന്നത് നിഷേധിക്കുന്നതിന് തുല്യമാണ്.'' 

എന്നാല്‍  സ്പര്‍ശനവും ദര്‍ശനവുമെല്ലാമായി എപ്പോഴും എവിടെയും ആസ്വദിക്കാനുള്ളതാണ് സ്ത്രീ എന്നു കരുതുന്നവര്‍ക്ക് ഇത് അസ്വാതന്ത്ര്യമാണ്. അതാണ് മതശാസനമുണ്ടായിട്ടും ജൂതക്രൈസ്തവ സമൂഹത്തില്‍ നിന്ന് സ്ത്രീയുടെ മൂടുവസ്ത്രം അപ്രത്യക്ഷമായത്. പഴയ നിയമത്തിലെ യെശയ്യാവ് 3ാം അധ്യായം 16 മുതല്‍ വചനങ്ങള്‍, ഉത്പത്തി പുസ്തകം 24ാം അധ്യായം 64ാം വചനം, കൊരിന്ത്യര്‍ 14ാം അധ്യായത്തിലെ 34,35 വചനങ്ങളും 11ാം അധ്യായത്തിലെ 3-10 വചനങ്ങളും പത്രോസ് 3ാം അധ്യായത്തിലെ 1-6 വചനങ്ങളുമെല്ലാം മൂടുപടമടക്കമുള്ള മാന്യമായ വേഷം ധരിക്കാന്‍ സ്ത്രീയോട് ആവശ്യപ്പെടുന്നുണ്ട്.

Feedback